മോഹൻലാലിനൊപ്പം ശബരിമല കയറി; പൊലീസുകാരന് സ്ഥലം മാറ്റം, കാരണം കാണിക്കൽ നോട്ടീസ്

മോഹൻലാലിനൊപ്പം ശബരിമല കയറി; പൊലീസുകാരന് സ്ഥലം മാറ്റം, കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന്റെ പിറ്റേന്നു സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.

ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞാണത്രെ സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ. സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നു പറയുന്നു. ശബരിമലയിൽ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയിൽ നിന്നു സ്ഥലം മാറ്റിയിരുന്നു.

‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

ബ്യൂണസ് അയേഴ്സ്: മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ ‍അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദ​ഗ്ധന്റെ മൊഴി. ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴം​ഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.

മറ‍ഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോ​ഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.

2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.

ഗിഗ് തൊഴിലാളികള്‍ മനുഷ്യരല്ലേ? ‘കൊടും ചൂടില്‍ പണിയെടുക്കാന്‍ സമ്മാനങ്ങള്‍, സുരക്ഷയ്ക്ക് ഒന്നുമില്ല’

ഗിഗ് തൊഴിലാളികള്‍ മനുഷ്യരല്ലേ? ‘കൊടും ചൂടില്‍ പണിയെടുക്കാന്‍ സമ്മാനങ്ങള്‍, സുരക്ഷയ്ക്ക് ഒന്നുമില്ല’

തിരുവനന്തപുരം: കൊടും ചൂടില്‍ തൊഴിലെടുക്കുന്ന ഗിഗ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊടും ചൂടില്‍ പുറത്തിറങ്ങി ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സുരക്ഷയ്ക്കായി ചൂടിന് അനുയോജ്യമായ യൂണിഫോമുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ നടപ്പിലാക്കണമെന്നും അതോറിറ്റി കമ്പനികളോട് നിര്‍ദേശിച്ചു.

ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദുരന്ത നിവാരണ അതോറിറ്റി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും കൊറിയര്‍ ഏജന്‍സികളും നടത്തുന്ന കമ്പനികള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു.

പീക്ക് ഹവര്‍ ജോലിയില്‍ ഇളവ്, പ്രത്യേകിച്ച് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ, ജലാംശം, വിശ്രമ ഇടവേളകള്‍, ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള സമയങ്ങളില്‍ അതത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍, 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കടുത്ത ചൂടുള്ള സമയങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗിഗ് വര്‍ക്കേഴ്സ് തുടര്‍ച്ചയായി ജോലി ചെയ്യുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി ജോയ് എലമോണ്‍ പറഞ്ഞു. ‘ഗിഗ് തൊഴിലാളികള്‍ ജോലിക്കെടുക്കുന്ന എല്ലാ പ്രധാന കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്, കടുത്ത ചൂടില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, തൊഴിലാളികളുടെ സംരക്ഷണത്തിനായി സര്‍ക്കാരിന് നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും’ ജോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡെലിവറി കമ്പനികള്‍ തൊഴിലാളികളെ കടുത്ത ചൂടിലും ജോലി ചെയ്യിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലുള്ള സൗജന്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഒരു പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനത്തിലെ ഗിഗ് വര്‍ക്കര്‍ എസ് മഹേഷ് കുമാര്‍ പറഞ്ഞു. ‘കടുത്ത ചൂടില്‍ കമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ വാങ്ങുന്നത്. മഴ, ചൂട്, പീക്ക് സമയങ്ങളില്‍ കമ്പനികള്‍ ഉപഭോക്താക്കളില്‍ കൂടുതല്‍ തുക ഈടാക്കുന്നു. പക്ഷേ തൊഴിലാളികള്‍ക്ക് ഒരിക്കലും ഒന്നും നല്‍കുന്നില്ല,’ മഹേഷ് ആരോപിച്ചു.

ഗിഗ് വര്‍ക്കേഴ്സ് നിലവില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളില്‍ ഒരാളാണ്. അവര്‍ മോശം കാലാവസ്ഥയില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ക്കായി അവര്‍ സമരങ്ങള്‍ നടത്തുന്നു, എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല,’ ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാനതല അംഗമായ അരുണ്‍ കൃഷ്ണ പറഞ്ഞു.

കേരള സർവകലാശാലയിൽ ​ഗുരുതര വീഴ്ച; ഉത്തരക്കടലാസുകൾ കാണാതായി

കേരള സർവകലാശാലയിൽ ​ഗുരുതര വീഴ്ച; ഉത്തരക്കടലാസുകൾ കാണാതായി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലല്ലോ. മോഹല്‍ലാലിനെതിരെ കേസിന് പോകുമെന്നും സി രഘുനാഥ് പറഞ്ഞു

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകളാണ് വിവാദമായിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം, ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 65 കോടി രൂപയിലേറെയാണ് ആദ്യദിന കളക്ഷന്‍. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.