കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03 ഉപഗ്രഹം ജിഎസ്എൽവി-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ ‘സ്മാർട്ട് ബോയ്’ എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യവും.

2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷമാണ്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളിൽ പലതും പ്രവർത്തിക്കാത്തത് ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ നാല് ഉപഗ്രഹങ്ങളെങ്കിലും വേണം. എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാൻ ഉള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03.

ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ് 03യുടെ സേവനം ലഭ്യമാകും. എൻവിഎസ്- 03ന് ജിപിഎസിനെക്കാൾ കൂടുതൽ സൂക്ഷ്മതയോടെ ലൊക്കേഷൻ നൽകാൻ കഴിയും. മൊബൈൽ ഫോണുകളിലടക്കം കൃത്യമായ ലൊക്കേഷൻ സേവനം ഇതോടെ ലഭ്യമാകും. പൂർണതോതിലുള്ള നാവിക് സംവിധാനം വഴി രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. സമയ നിർണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്.

എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്കു പുറമേ പുതുതായി എൽ 1 ഫ്രീക്വൻസി (സിഗ്നൽ) ബാൻഡുകളും ഉപഗ്രഹം നൽകും. മൊബൈൽ ഫോണുകളിലെ ജിപിഎസ് പ്രവർത്തിക്കുന്നത് എൽ1 ബാൻഡിലാണ്. പ്രതിരോധം, റെയിൽ- റോഡ്- വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഉപഗ്രഹം സഹായകമാകും.

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണം അനിവാര്യമാകുമെന്നും വിവിധ വഴികള്‍ തേടുന്നതായും കെഎസ്ഇബി വ്യക്തമാക്കി. ഹിമാചല്‍ വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.

800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാല്‍ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെഎസ്ഇബി ചെയര്‍മാന്‍ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാര്‍ക്കറ്റില്‍ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം.

കേന്ദ്ര വിഹിതം കൂടുതല്‍ അനുവദിക്കുന്നതിന്റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം അറിയിച്ചു. കൂടിയ വിലയ്ക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ യാതൊന്നും നിര്‍ദേശിച്ചിട്ടില്ല. റിയല്‍ മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും.

സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗോൾഡ്‌ മെഡൽ നേടി സി എസ് ഐയിലെ വിദ്യാർത്ഥിനി

സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗോൾഡ്‌ മെഡൽ നേടി സി എസ് ഐയിലെ വിദ്യാർത്ഥിനി

കോഴിക്കോട് വച്ചു നടന്ന 68 മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 19, – 40 Kg കരാട്ടെ മത്സരത്തിൽ തിരുവനന്തപുരത്തു നിന്നുള്ള ക്യൂലിൻ. എ ഗോൾഡ്‌ മെഡൽ നേടി. ആറ്റിങ്ങൽ Sr.എലിസബത് ജോയൽ സി എസ് ഐ ഇ എം എച്ച് എസ് എസ് സ്കൂളിലെ 9 th Std വദ്യാർത്ഥിനി ആണ്. ഡിസംബറിൽ പഞ്ചാബ് ലുധിയാനയിൽ വച്ചു നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും. അജികുമാറിന്റെയും ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അഡ്വ. ലിഷാരാജിന്റെയും മകളാണ്.

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശനിയാഴ്ച തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്. അതിശക്തമായ ചുഴലിക്കാറ്റായ ‘അര്‍ണബി’ന്റെ ശേഷിപ്പ് വടക്കന്‍ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് മഴ പ്രവചിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കം: വക്കത്ത് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. വക്കം മാർക്കറ്റ് ജംഗ്ഷന് സമീപം ഫെഡറൽ ബാങ്കിനടുത്തുള്ള ഷവർമ കടയിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടവരെ വക്കം റൂറൽ ഹെൽത്ത് സെന്ററിൽ (ആർഎച്ച്സി) പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിൽ കഴിയുന്ന ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഫെഡറൽ ബാങ്കിന് സമീപമുള്ള ഷവർമ കടയിൽനിന്ന് കഴിച്ച ഭക്ഷണമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ചികിത്സ തേടിയവരുടെ കൃത്യമായ എണ്ണവും ആരോഗ്യപ്രശ്നങ്ങളുടെ കാരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടെന്ന വിവരം പുറത്തുവന്നതോടെ പ്രദേശത്തെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകളും പ്രസക്തമാകുകയാണ്. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ആവശ്യമായ പരിശോധനകളും നടപടികളും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യമാണ് സംഭവം മുന്നോട്ടുവയ്ക്കുന്നത്