ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്നു തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവനെയും ലഹരി കടത്തിന് സാമ്പത്തിക സഹായം നൽകിയ ഗുണ്ടയെയും പൊലീസ് പിടികൂടി. ബെംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നഡി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ സ്വദേശി മനു (34) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

മനുവിനെ ആലപ്പുഴയിൽ നിന്നും ജോൺ ഹെന്നഡിയെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം തുമ്പ സ്വദേശിയായ ഗുണ്ട ലിയോൺ ജോൺസന് എംഡിഎംഎ എത്തിച്ചു നൽകുന്നതും അതിനു പണം നൽകുന്നതും മനു ആണ്. ലിയോണും മനുവും പൂജപ്പുര ജയിലിൽ തടവുകാരായിരുന്നു. 2024 ഡിസംബറിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ലിയോണിൽ നിന്ന് 56 ഗ്രാം എംഡിഎംഎ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.

എംഡിഎംഎ എത്തിയത് ബെംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്ത് ഗുണ്ടകൾക്ക് ജോൺ ഹെന്നഡി വഴിയാണ് എംഡിഎംഎ എത്തുന്നതെന്നു കണ്ടെത്തിയത്. തമ്പാനൂർ എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ബിനുമോഹൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ സുദീപ് ലാൽ, സൂരജ്, വിഷ്ണു, അരുൺ, ഉഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും

കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ പോയ വര്‍ഷം ഏറ്റവും മുന്നില്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുന്‍വര്‍ഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്. ഇതിന്റെ 53.79 ശതമാനവും കെഎസ്ബിയില്‍നിന്നാണ്. നൂറു കോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്, കെഎസ്ഇബിയും കെഎസ്എഫ്ഇയും. 105 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം.

കെഎസ്ഇബിക്കു പുറമേ വന വികസന കോര്‍പ്പറേഷനും ഓയില്‍ പാമും നഷ്ടത്തില്‍നിന്നു ലാഭത്തിലെത്തി. 58 പൊതു മേഖലാ സ്ഥാപനങ്ങളാണ് പോയ വര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയുടെ ആകെ ലാഭം മുന്‍വര്‍ഷത്തേതില്‍നിന്ന് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 654 കോടി ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1368 കോടിയായി.

കെഎസ്ആര്‍ടിസിയും സപ്ലൈകോയുമാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങള്‍. 1327 കോടിയാണ് ഇവയുണ്ടാക്കിയ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2022ലെ 4065 കോടിയില്‍നിന്ന് ഇത്തവണ 1873 കോടിയായി കുറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ലാഭം കൂടിയെങ്കിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ജിഎസ്ഡിപിക്കു വളര്‍ച്ചയ്‌ക്കൊത്തല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന രഹിതമായ പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചുപൂട്ടാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വില്‍ക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; കമന്റിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി, ‘

‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; കമന്റിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി, ‘

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ് വിശദമായ പോസ്റ്റ് ഇടുന്നതെന്നും ശാരദ മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും ഭര്‍ത്താവ് വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുപ്പ് എന്ന നിറത്തെ എന്തിനാണ് ഇത്ര മോശമായി കാണുന്നത്?. കറുപ്പ് മനോഹരമായ നിറമാണ്. കറുപ്പ് എന്നത് എന്തും ആഗിരണം ചെയ്യാൻ കഴിയുന്ന ഒന്നാണ്. കറുപ്പിനെ എന്തിനാണ് നിന്ദിക്കുന്നതെന്നും, പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കാമോ എന്ന്. നല്ലതെന്ന സല്‍പ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയില്‍ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിട്ടുണ്ട്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ്’. ശാരദ മുരളീധരന്‍ കുറിച്ചു.

അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ തുലച്ചാണ് ഇന്ത്യ സമനില വഴങ്ങിയത്.

ദുര്‍ബലരായ ബംഗ്ലാദേശ് തുടക്കത്തിലേ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആശങ്ക പരത്തി. ഇന്ത്യന്‍ ഗോളി അബദ്ധത്തില്‍ നല്‍കിയ പാസില്‍ നിന്നും ബംഗ്ലാദേശ് താരം ഉതിര്‍ത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

വിരമിക്കല്‍ പിന്‍വലിച്ച് ടീമിലെത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കം നിരവധി അവസരങ്ങള്‍ പാഴാക്കി. ബംഗ്ലാദേശും ചില തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, വലിയ അപകടമില്ലാതെ പ്രതിരോധ നിരയും ഗോളിയും കാത്തു. 85-ാം മിനിറ്റില്‍ ഛേത്രിയെ മാറ്റി മലയാളി താരം ആഷിഖ് കരുണിയനെ ഇറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഹംസ ചൗധരി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. 1999ന് ശേഷം ഇന്ത്യയും ബംഗ്ലദേശും ഗോള്‍ രഹിത സമനിലയില്‍ പിരിയുന്നതും ആദ്യമായിട്ടാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 126 ലും ബംഗ്ലാദേശ് 185 ലുമാണ്. ഹോങ്കോങ്, സിംഗപ്പൂര്‍ ടീമുകള്‍ കൂടി അടങ്ങിയ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ.

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനം; അനുമതി നിഷേധിച്ച് കേന്ദ്രം

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം.

അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്.