എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്കൂള്‍ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്കൂള്‍ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുയിരിക്കുന്നത്.

പരീക്ഷ തീരുന്ന ദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്ത് എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.

ഒമ്പതിലെ പരീക്ഷ തീരും മുന്‍പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്; ചരിത്രനേട്ടമെന്ന് ശിവന്‍കുട്ടി

ഒമ്പതിലെ പരീക്ഷ തീരും മുന്‍പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്; ചരിത്രനേട്ടമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എസ്‌സിഇആര്‍ടിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും.

ജനകീയ, വിദ്യാര്‍ഥി ചര്‍ച്ചകളുടെ ഭാഗമായി നാല് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു.

സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

‘ആ ജഡ്ജിയെ ഇവിടെ വേണ്ട’; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റത്തിനെതിരെ അഭിഭാഷകര്‍ സമരത്തില്‍

‘ആ ജഡ്ജിയെ ഇവിടെ വേണ്ട’; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റത്തിനെതിരെ അഭിഭാഷകര്‍ സമരത്തില്‍

ലഖ്‌നൗ: വീട്ടില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിക്കോ എതിരല്ല. മറിച്ച്, നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചവര്‍ക്ക് എതിരെയാണെന്ന് അനില്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

”അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യം. വിഷയത്തില്‍ അസോസിയേഷന്‍ സമഗ്ര പോരാട്ടത്തിന് തയ്യാറാണ്. തുടക്കം മുതല്‍ തന്നെ ഈ വിഷയം മൂടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകര്‍ ഈ പോരാട്ടത്തിലുണ്ട്. പരിഹാരം കാണുന്നതുവരെ അനന്തരഫലങ്ങള്‍ എന്തായാലും ഞങ്ങള്‍ ജോലി പുനരാരംഭിക്കുകയില്ല”,അനില്‍ തിവാരി പറഞ്ഞു.

ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍ തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റാന്‍ ഇന്നലെയാണ് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്. ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ മാര്‍ച്ച് 14ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നാണ് പണം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് വന്‍തോതില്‍ പണം കണ്ടെത്തിയത്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണം തന്നെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്നാണ് ജഡ്ജി യശ്വന്ത് വര്‍മയുടെ പ്രതികരണം.

‘പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം? ആരോ ആ രസീത് ലീക്ക് ചെയ്തു’; മമ്മൂട്ടിക്കായുള്ള വഴിപാടിനെക്കുറിച്ച് മോഹൻലാൽ

‘പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം? ആരോ ആ രസീത് ലീക്ക് ചെയ്തു’; മമ്മൂട്ടിക്കായുള്ള വഴിപാടിനെക്കുറിച്ച് മോഹൻലാൽ

നടൻ മമ്മൂട്ടിയുടെ ആരോ​ഗ്യാവസ്ഥയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതായ കാര്യങ്ങളൊന്നും തന്നെയില്ലെന്നും മോഹൻലാൽ വെളിപ്പെടുത്തി.

‘എംപുരാൻ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ‘‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേ ഉള്ളൂ. ‌പേടിക്കാൻ ഒന്നുമില്ല.’’–മോഹൻലാൽ പറഞ്ഞു.

ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതറിഞ്ഞു. നിങ്ങളുടെ ആഴമേറിയ സ്നേഹ ബന്ധത്തെക്കുറിച്ച് രണ്ട് വാക്കുകൾ പറയാമോ എന്ന ചോദ്യത്തിനു തുടർച്ചയായാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും മാധ്യമ പ്രവർത്തകർ ആരാഞ്ഞത്. മമ്മൂട്ടിക്കു വഴിപാട് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാലിന്റെ മറുപടി ഇങ്ങനെ.

‘‘അത് എന്തിന് പ്രത്യേകം പറയണം. ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ആരോ ആ രസീത് ലീക്ക് ചെയ്തു. അത് തീർത്തും പേഴ്‌സനലായ കാര്യമാണ്. നിങ്ങൾ ഒരാൾക്ക് വേണ്ടി പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം.

ഞാൻ നിനക്കു വേണ്ടി പ്രാർഥിക്കാം എന്ന് പലരും പറയും, എന്നിട്ട് അത് ചെയ്യില്ല. നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യണം. അദ്ദേഹം എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർഥിച്ചു.’’- മോഹൻലാൽ പറഞ്ഞു.

ഭര്‍ത്താവ് ഉപേക്ഷിച്ച അശ്വതിയെ ലഹരി വഴിയിലെത്തിച്ച് സുഹൃത്ത്; ആദ്യം ഉപയോഗം, പിന്നാലെ മകനെയും കൂട്ടി കച്ചവടം

ഭര്‍ത്താവ് ഉപേക്ഷിച്ച അശ്വതിയെ ലഹരി വഴിയിലെത്തിച്ച് സുഹൃത്ത്; ആദ്യം ഉപയോഗം, പിന്നാലെ മകനെയും കൂട്ടി കച്ചവടം

പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയിലായ സംഭവത്തില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷമാണ് അമ്മ അശ്വതി ലഹരി കച്ചവടത്തിലേക്ക് കടന്നത്. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുല്‍ കൂടെ കൂട്ടുകയായിരുന്നുവെന്ന് അശ്വതി എക്‌സൈസിനോട് പറഞ്ഞു.

ഇരുപതുകാരനായ മകന്‍ ഷോണ്‍ സണ്ണിയേയും അശ്വതി ലഹരി കച്ചവടത്തിന് കൂടെക്കൂട്ടി. ബംഗളൂരുവില്‍നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തു സംഘത്തിലെ പ്രധാനികള്‍.

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (20), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പിടിയിലായത്. വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കാറില്‍ കൊണ്ടുവന്ന 10.12 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്.