by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവുകളും മൊബൈല്‍ ഫോണ്‍ രേഖകളും നശിപ്പിക്കരുതെന്ന് ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ സംഭാഷണങ്ങളോ ചാറ്റുകളോ അടക്കമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ നല്‍കിയ നിര്‍ദേശം.
തെളിവുകള്‍ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ഈ മാസം 21 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഔദ്യോഗികമായി കത്ത് നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മറ്റൊരു കത്ത് നല്‍കിയിട്ടുണ്ട്.
ഈ കത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊബൈല്‍ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ കോല്‍ ഡീറ്റെയില്‍സും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ( ഐപിഡിആര്‍) ശേഖരിച്ച് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഈ കത്തിനൊപ്പം പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കുന്നുവെന്നും ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
അതിനിടെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനോട് ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണ്ടെത്തിയ കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിരുന്നു. സംഭവത്തില്‍പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ കമ്മീഷനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആര്‍എസ്എസ്
ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി തങ്ങൾ താമസിക്കുന്ന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെന്ന് മുന്നറിയിപ്പ്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ, ലിക്വിഡ് പാരഫിന്‍ റിഫൈന്‍ഡ് ഓയില്‍, പാം കെര്‍ണല്‍ എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്‌സ് ആണ് മുന്നറിയിപ്പ് നല്‍കിയത്.
നാളികേരത്തിന്റെ വിലക്കയറ്റം മൂലം കൊപ്ര കിട്ടാനില്ല. ഇപ്പോഴത്തെ വിലപ്രകാരം കൊപ്രയ്ക്ക് 180 രൂപ വില വരും. നികുതി ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ വെളിച്ചെണ്ണ വില 300 രൂപ വരും. എന്നാല്‍ 200 രൂപയില്‍ താഴെ വിലയ്ക്ക് വെളിച്ചെണ്ണ എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണയുടെ വില്‍പ്പന നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന വ്യാജ വെളിച്ചെണ്ണയ്‌ക്കെതിരെ ജാഗ്രത വേണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Mar 24, 2025 | Latest News, കേരളം
പത്തനംതിട്ട: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തില്‍ അന്വേഷണവുമായി തമിഴ്‌നാട് പൊലീസ് സംഘം പത്തനംതിട്ടയില്‍. കോയമ്പത്തൂര്‍ ജില്ലയിലെ കുരുമത്തംപട്ടി സ്വദേശിനിയായ ധരിണി തിരോധാനക്കേസിലാണ് തുമ്പു തേടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബര്‍ 17 നാണ് ധരിണിയെ കാണാതാകുന്നത്.
കാണാതാകുമ്പോള്‍ 38 വയസ്സായിരുന്നു യുവതിക്ക്. കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിണിയാണ്. 2015 ഫെബ്രുവരി 27 ന് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് വന്നുവെന്നാണ് അവസാനമായി പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് പലപ്പോഴും യാത്ര ചെയ്തിരുന്ന ധാരിണിക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക താല്‍പ്പര്യമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ വലതു കവിള്‍ത്തടത്തിലുള്ള അരിമ്പാറയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു സവിശേഷത. 2005 ല്‍ സുരേഷ് കുമാര്‍ എന്നയാളെ വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ കണക്റ്റിക്കട്ടിലേക്ക് താമസം മാറി. പിന്നീട് ഇവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. വിദേശത്ത് താമസത്തിനിടെ രണ്ടു തവണ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന്, 2014 ല്‍ വിവാഹമോചനം നേടി. 2014 ഓഗസ്റ്റില്‍ ധരിണി കോയമ്പത്തൂരിലേക്ക് മടങ്ങുകയും ചെയ്തു.
2014 സെപ്റ്റംബറില്‍ വീട്ടുകാര്‍ കോയമ്പത്തൂര്‍ നഗരത്തിലെ സിദ്ധ വൈദ്യനായ സെന്തില്‍ കുമാറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 14 വരെ സെന്തില്‍കുമാറിന്റെ വീട്ടില്‍ താമസിച്ച് ചികിത്സ തേടി. തുടര്‍ന്ന് കരുമത്തംപെട്ടിയിലെ സ്വന്തം വീട്ടിലേക്ക് പോയി. 2014 സെപ്റ്റംബര്‍ 17 ന്, അവര്‍ കരുമത്തംപട്ടിയിലെ ചെന്നിയണ്ടവര്‍ ക്ഷേത്രത്തില്‍ പോയ ധരിണി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല.
കാണാതാകുന്നതിന് മുമ്പ്, ധാരിണി തിരുപ്പൂര്‍, അവിനാശി, കോയമ്പത്തൂര്‍, കരുമത്തംപട്ടി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതി നേരത്തെ സജീവമായിരുന്നു. നിരവധി ഇമെയില്‍ അക്കൗണ്ടുകളുമുണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയശേഷം ഈ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെക്കുറിച്ച് വിശ്വസനീയ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ.
ചാക്ക റെയില്‍വെ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയില്‍ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലക്കാരിയായ യുവതി ഹൈദരാബാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്. മൊബൈല്‍ഫോണ്‍ ഡിസ്‌പ്ലേ കേടായതിനെത്തുടര്‍ന്ന് നന്നാക്കാനായി യുവതി മെഡിചലില്‍ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി.
ഫോണ്‍ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദില്‍ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ ലേഡീസ് കോച്ചില്‍ കയറി. കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇതിനുശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് നിറമുള്ള യുവാവ് തന്റെ അടുത്ത് വരികയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതി ഇതിനെ എതിര്‍ത്തപ്പോള്‍ യുവാവ് ബലമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും അരക്കെട്ടിലും ഗുരുതരമായി പരിക്കുണ്ട്. വഴിയാത്രക്കാരാണ് പരിക്കേറ്റ യുവതിയെ കണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചയാളെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
Recent Comments