by Midhun HP News | Mar 23, 2025 | Latest News, കേരളം
കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ചടയമംഗലത്തുള്ള പേൾ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ബാറിൽ പണി നടക്കുന്നതു കൊണ്ട് വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ പറഞ്ഞു. എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക് ചെയ്തു.
ഇവർ ബാറിനുള്ളിൽ കയറി തിരിച്ചിറങ്ങിയതിന് ശേഷം സെക്യൂരിറ്റിയുമായി തർക്കമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിഐടിയു തൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുധീഷിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് സിഐടിയുവും സിപിഎമ്മും ഇന്ന് ചടയമംഗലത്ത് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതി ജിബിനെ (44) ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് അവിവാഹിതനാണ്.
by Midhun HP News | Mar 23, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. കോമറിന്‍ മേഖലയിലെ ന്യൂനമര്‍ദ്ദപാത്തി സജീവമായ സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യത.
by Midhun HP News | Mar 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. അഫാനെയും അച്ഛന്‍ അബ്ദുള്‍ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്ന് അഫാനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചു. ഇതിനു മറുപടിയായാണ് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍ പറഞ്ഞത്.
കൊലപാതകം നടക്കുന്നതിന് തലേ ദിവസവും കാമുകി ഫര്‍സാനയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാന്‍ പോയത്. 100 രൂപയ്ക്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാര്‍ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും അഫാന്‍ മൊഴി നല്‍കി.
കൊലപാതകം നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന്റെയും അമ്മയുടേയും കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന്റെയും ഉമ്മയുടേയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. കൂട്ടക്കൊലക്കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
by Midhun HP News | Mar 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ, നിങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യം എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാം’ ഇങ്ങനെയാണ് റെയില്‍വേയുടെ പരസ്യമെങ്കില്‍ അതിനെ കടത്തിവെട്ടുന്ന പരസ്യമാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി ബില്ലുകളുടെ പിന്‍വശം പരസ്യത്തിനായി തുറന്നുകൊടുക്കുകയാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. കൂടാതെ ഔട്ട്‌ലെറ്റുകളില്‍ എല്‍ഇഡി ഡിസ്‌പ്ലേകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
പരസ്യം ചെയ്യാന്‍ താത്പര്യമുള്ള ഏജന്‍സികളില്‍ നിന്നും ഇതിനകം താത്പര്യപര്യപത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ലേലത്തെ അടിസ്ഥാനപ്പെടുത്തി ഏപ്രിലോടെ പരസ്യദാതാക്കളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തെ 282 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിദിനം രണ്ട് ലക്ഷം പേരിലേക്ക് നിങ്ങളുടെ പരസ്യം നേരിട്ടെത്തുമെന്നാണ് ബെവ്‌കോയുടെ വാഗ്ദാനം. പരസ്യവരുമാനത്തിലൂടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് ബെവ്കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മദ്യം ഉള്‍പ്പടെ അഭികാമ്യമല്ലാത്ത മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ അനുവദിക്കുകയില്ലെന്നും അട്ടലൂരി പറഞ്ഞു. എല്‍ഇഡി വാളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രാരംഭഘട്ടിത്താലാണെന്നും വാളുകളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍, ഉപഭോക്താക്കള്‍ക്കുള്ള സേവനവിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുണ്ടാകുമെന്നും ഹര്‍ഷിത അട്ടലൂരി പറഞ്ഞു.
സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍
വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയില്‍ ബെവ്കോയുടെ ആദ്യത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് അടുത്ത മാസം തൃശൂരിലെ മനോരമ ജങ്ഷനില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, കോഴിക്കോട്ടെ ഗോകുലം മാള്‍ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുക. ‘ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് തുറക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ബെവ്കോ സിഎംഡി പറഞ്ഞു.
by Midhun HP News | Mar 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടി മിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
Recent Comments