സമരത്തിലുള്ള ആശമാർക്കെതിരെ അധിക്ഷേപവുമായി മന്ത്രി ആർ ബിന്ദു

സമരത്തിലുള്ള ആശമാർക്കെതിരെ അധിക്ഷേപവുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്രമന്ത്രി സുരേഷ്ഗോപി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ ‘മണിമുറ്റത്താവണി പന്തൽ’ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്രമന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റില്ലേ? കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ഇടതുവിരുദ്ധ സംഘടനകളും മഴവിൽ സംഖ്യമുണ്ടാക്കി പാവപ്പെട്ട ആശാ വര്‍ക്കര്‍മാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ആശമാരുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തിൽ സമരസമിതി നേതാവ് ബിന്ദു രംഗത്തെത്തി. ഞങ്ങളുടെ നട്ടെല്ലിന് അൽപം ക്ഷീണമുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പോയി കേന്ദ്രത്തോട് ആവശ്യം പറയട്ടെയെന്നും, ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്ത് കാണിക്കണമെന്നും ബിന്ദു പറഞ്ഞു.

ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുകയാണ്. വനിതകളാണ് സമരം നടത്തുന്നതെന്ന പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണെന്നും സതീശൻ പറഞ്ഞു.

പ്രതിരോധശേഷി മെച്ചപ്പെടാന്‍ പുതിയ ഫോര്‍മുല, 6 അക്ഷരങ്ങൾ, കാന്‍സറിനെ വരെ ചെറുക്കാം; എന്താണ് ‘എംഇഡിഎസ്ആര്‍എക്‌സ്’

പ്രതിരോധശേഷി മെച്ചപ്പെടാന്‍ പുതിയ ഫോര്‍മുല, 6 അക്ഷരങ്ങൾ, കാന്‍സറിനെ വരെ ചെറുക്കാം; എന്താണ് ‘എംഇഡിഎസ്ആര്‍എക്‌സ്’

ആരോഗ്യത്തിന്റെ അടിസ്ഥാനം പ്രതിരോധശേഷിയാണ്. ഏത് രോഗത്തെ ചെറുക്കാനും ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പുതിയൊരു ഫോര്‍മുല പരിചയപ്പെടുത്തുകയാണ് കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ആയ ഡോ. തരംഗ് കൃഷ്ണ. ‘എംഇഡിഎസ്ആര്‍എക്‌സ്’- ഈ ആറ് അക്ഷരങ്ങള്‍ ആരോഗ്യത്തോടെ ജീവിതം നയിക്കാനുള്ള താക്കോലാണെന്ന് ഡോ. താരംഗ് കൃഷ്ണ രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റില്‍ പറയുന്നു.

കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചെറുക്കുന്നതിന് ജീവിതത്തില്‍ ഈ ഫോര്‍മുല പ്രാവര്‍ത്തികമാക്കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

‘എം’- മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ മാനസിക വ്യക്തയുണ്ടാകാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. അതിലൂടെ പ്രതിരോധശേഷി മെച്ചപ്പെടാനും സഹായിക്കും. ഏത് തരം മെഡിറ്റേഷന്‍ ആണെങ്കിലും ദിവസവും പിന്തുടരാന്‍ ശ്രമിക്കുക. ശാന്തമായ മാനസികാവസ്ഥ ആരോഗ്യത്തിന് പ്രധാനമാണ്.

‘ഇ’- വ്യായാമം

ഓട്ടമോ, നടത്തമോ, നൃത്തമോ ഏതു രീതിയിലുമാകട്ടെ, ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും ശരീരത്തിന് വ്യായാമം ആവശ്യമാണ്. വ്യായാമം ശരീരത്തിന്റെ കരുത്ത്, സഹിഷ്ണുത, വഴക്കം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

‘ഡി’- ഡയറ്റ്

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്‍റെ പ്രാധാന്യം നിര്‍ണായകമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെയാണ് ലഭ്യമാകുന്നത്. ശുചിത്വമുള്ള ഭക്ഷണം കഴിക്കുക. മാംസാഹാരികളാണെങ്കില്‍ റെഡ് മീറ്റ് പരമാവധി ഒഴിവാക്കി, മത്സ്യവും ചിക്കനും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

‘എസ്’- ഉറക്കം

ദിവസവും ആറ് അല്ലെങ്കില്‍ എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ഉറക്കശുചിത്വത്തിന്റെ ഭാഗമാണ്. രാത്രി പത്ത് മണിക്ക് ഉറങ്ങി രാവിലെ ആറ് മണിയോടെ ഉണരാന്‍ ശ്രമിക്കുന്നതാണ് മികച്ചത്.

‘ആര്‍’- ബന്ധങ്ങള്‍

ജീവിതത്തിലെ ബന്ധങ്ങള്‍ ശക്തമല്ലെങ്കില്‍ ഒന്നും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അവയെ വളര്‍ത്താനും ശക്തിപ്പെടുത്താനും ശ്രമിക്കുക. കാരണം അവയ്ക്ക് ജീവിത നിലവാരവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്താന്‍ സാധിക്കും. സ്വയം പരിചരണം, വ്യായാമം, ഹോബികള്‍, പ്രിയപ്പെട്ടവരുമൊത്തുള്ള സമയം എന്നിവയ്ക്കായി സമയം കണ്ടെത്തുന്നത് വൈകാരിക ക്ഷേമത്തിനും മൊത്തത്തിലുള്ള ജീവിത സംതൃപ്തിക്കും മെച്ചപ്പെടുത്തും.

‘എക്‌സ്’- എക്‌സ് ഫാക്ടര്‍

തൊഴിലിന് അപ്പുറത്ത് ഇഷ്ടമുള്ള എന്തെങ്കിലും കണ്ടെത്തേണ്ടത് പ്രധാനമാണ്. അത് പ്രൊഫഷണല്‍ നേട്ടങ്ങളുമായി ബന്ധമില്ലാത്ത ഒരു ലക്ഷ്യവും നേട്ടബോധവും നല്‍കുന്നു. മതിയായ ഇടവേളകളില്ലാതെ തുടര്‍ച്ചയായ തിരക്ക് ആരോഗ്യത്തിന് ഹാനികരമാണ്. ജോലി പോലെ തന്നെ പ്രധാനമാണ് വിശ്രമവും. അര്‍ത്ഥവത്തായ ഇടവേളകള്‍ എടുക്കുന്നതും ജോലിക്കു പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വ്യക്തിപരമായ സംതൃപ്തി തേടുന്നതും ഉല്‍പ്പാദനക്ഷമതയും മൊത്തത്തിലുള്ള ജീവിത സംതൃപ്തിയും വര്‍ധിപ്പിക്കും.

അണ്ടൂർക്കോണം പഞ്ചായത്തിലെ പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു

അണ്ടൂർക്കോണം പഞ്ചായത്തിലെ പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. നാടിന്റെ ആവശ്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കുടിവെള്ളം ലഭ്യമാക്കൽ, റോഡ് നവീകരണം, ആശുപത്രികളുടെ സൗകര്യം മെച്ചപ്പെടുത്തൽ, പൊതുവിദ്യാലയങ്ങളുടെ വികസനം തുടങ്ങി എല്ലാ മേഖലയിലും ജനങ്ങൾ ആവശ്യപ്പെടുന്ന സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വർണ്ണകൂടാരം പോലുള്ള പദ്ധതികൾ പ്രീപ്രൈമറി തരത്തിലുള്ള കുട്ടികൾക്ക് ക്ലാസ് അന്തരീക്ഷം കൂടുതൽ സൗഹൃദമാകുന്ന തരത്തിലുള്ള രീതിയിലാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുന്നിനകം വാർഡിൽ തമ്പുരാൻ ക്ഷേത്രത്തിന് സമീപമാണ് പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ നാടിനായി സമർപ്പിച്ചത്. മന്ത്രിയുടെ 2023-2024 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഹരികുമാർ ചടങ്ങിൽ അധ്യ ക്ഷത വഹിച്ചു. കുന്നിനകം വാർഡ് മെമ്പർ സോമൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ മാല കവരാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ മാല കവരാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

ആറ്റിങ്ങൽ: മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല കവരാൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26), മയ്യനാട് സ്വദേശി സാലു (26) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 19 ന് രാവിലെ അവനവഞ്ചേരി പോയിൻ്റ് മുക്കിൽ വച്ച് മോളി എന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന മാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. ചന്തയിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ ഇരുവരും വാഹനത്തിൽ അതിവേഗം കടന്നു കളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം വാഹനവും പിന്നാലെ പ്രതികളേയും കണ്ടെത്തി. പിടിയിലായ ലക്ഷ്മിയുടെ അമ്മയ്ക്ക് ഗൾഫിലുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനായാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്