പള്ളിക്കലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

പള്ളിക്കലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

പള്ളിക്കൽ: പള്ളിക്കൽ പകൽക്കുറി സംഗീത് ഭവനിൽ ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശ്രീഗീതിനെയാണ് ഏഴംഗസംഘം അകാരണമായി മർദ്ദിച്ചത്. ഈ മാസം പതിനൊന്നാം തീയതി വൈകിട്ട് 6 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പള്ളിക്കലിൽ പ്രവർത്തിക്കുന്ന ആദംസ് റസ്റ്റോറന്റിന്റെ മുന്നിൽ വെച്ച് പള്ളിക്കൽ സ്വദേശികളായ അസിം ഷാ,ബിൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ ശ്രീഗീതിനെ കളിയാക്കി ചിരിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ അസീംഷ ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും കണ്ടാലറിയാവുന്ന 7 പേർ ചേർന്ന് മാരകമായി മർദ്ദിക്കുകയും ചെയ്തു. മുഖത്തും തലയിലും പരിക്കേറ്റ ശ്രീഗീതിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

സൈബര്‍ തട്ടിപ്പുകള്‍ തടയല്‍; വിഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

സൈബര്‍ തട്ടിപ്പുകള്‍ തടയല്‍; വിഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: ഉപയോക്തക്കളുടെ സുരക്ഷയ്ക്കായി വിഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് കാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം വിഡിയോ കോളുകള്‍ വരുമ്പോള്‍ കാമറ അല്ലെങ്കില്‍ വിഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വിഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും.

ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വിഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് തടയും.

ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.7.3 ല്‍ ആന്‍ഡ്രോയിഡ് അതോറിറ്റി ഈ ഫിച്ചര്‍ കണ്ടെത്തി. പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടുകളില്‍ കോളുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് കാമറ കണ്‍ട്രോള്‍ ഓപ്ഷനുകള്‍ നല്‍കുന്ന പുതിയ ഇന്റര്‍ഫേസ് ഘടകങ്ങള്‍ കാണിക്കുന്നുണ്ട്.

തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന.

ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോ​ഗിക്കാനും ആവശ്യപ്പെടും.

വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജിഎസ്ടി അടയ്ക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു.

സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെയും പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കും. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

‘ശ്രീകൃഷ്ണന് മുസ്ലിങ്ങള്‍ തുന്നിയ ഉടയാടകള്‍ ആവാം; ഇതിനൊന്നും മത വിവേചനം വേണ്ട’

‘ശ്രീകൃഷ്ണന് മുസ്ലിങ്ങള്‍ തുന്നിയ ഉടയാടകള്‍ ആവാം; ഇതിനൊന്നും മത വിവേചനം വേണ്ട’

ലഖ്‌നൗ: മുസ്ലീം കരകൗശല വിദഗ്ധര്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ ശ്രീകൃഷ്ണനെ അണിയിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യം തള്ളി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രപാരമ്പര്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പുരോഹിതര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

മുസ്ലീങ്ങള്‍ നിര്‍മിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ‘മതപരമായി ശുദ്ധി’ പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മാംസം കഴിക്കുന്നവരും ഹിന്ദു പാരമ്പര്യങ്ങളെയും ഗോ സംരക്ഷണത്തെയും മാനിക്കാത്തവരാണ്. അത്തരക്കാര്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വേണ്ടതില്ലെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് പറയുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ ശക്തമായ സമരം അരംഭിക്കുമെന്നും ക്ഷേത്രം അധികൃതര്‍ക്ക് അയച്ച കത്തില്‍ ദിനേശ് ശര്‍മ പറയുന്നു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര പൂജാരി ജ്ഞാനേന്ദ്ര കിഷോര്‍ ഗോസ്വാമി പറഞ്ഞു. തങ്ങള്‍ക്ക് ഒരു സമൂഹത്തോടും വിവേചനം ഇല്ലെന്നും കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാപിയായ കംസന്‍ ശ്രീകൃഷ്ണന്റെ മുത്തച്ഛനായ ഉഗ്രസേനന്റെ അതേ വംശപരമ്പരയിലാണ് ജനിച്ചതെങ്കില്‍, വിഷ്ണുവിന്റെ മഹാഭക്തനായ പ്രഹ്ലാദന്‍ ഹിരണ്യകശിപു എന്ന അസുരന്റെ മകനാണെങ്കില്‍, കരകൗശല വിദഗ്ധരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്താന്‍ കഴിയും,’-ഗോസ്വാമി ചോദിച്ചു.

മുസ്ലീം കരകൗശല വിദഗ്ധരുടെ ആഴത്തിലുള്ള സംഭാവനകളും കിഷോര്‍ ഗോസ്വാമി എടുത്തുപറഞ്ഞു. വൃന്ദാവനത്തില്‍ ദൈവങ്ങള്‍ക്കുള്ള കീരീടവും വസ്ത്രങ്ങളും നിര്‍മിക്കുന്നത് മുസ്ലീം കരകൗശലവിദഗ്ധരാണ്. കാശിയില്‍ ശിവിന് പവിത്രമായ രുദ്രാക്ഷമാലകള്‍ നിര്‍മിക്കുന്നത് മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് ക്ഷേത്രത്തിലെ മറ്റൊരു പുരോഹിതന്‍ പറഞ്ഞു. വസ്ത്രം മാത്രമല്ല, ക്ഷേത്രത്തിലെ ഗ്രില്ലുകള്‍, മറ്റ് ഘടനകള്‍ എന്നിവ പോലും അവര്‍ നിര്‍മ്മിച്ചതാണ്. ഓരോ കരകൗശല വിദഗ്ധരുടെയും വ്യക്തിപരമായ വിശുദ്ധി നമുക്ക് എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഭഗവാന്‍ കൃഷ്ണന് ദിവസേന ഒരു ഡസനോളം വസ്ത്രങ്ങളും ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിന് വസ്ത്രങ്ങളും ആവശ്യമാണ്. ഈ വസ്ത്രങ്ങള്‍ അതേ നിലവാരത്തില്‍ നിര്‍മിക്കുന്നതില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് വൈദഗ്ധ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മറ്റുള്ളവര്‍ നിര്‍മിച്ച വസ്ത്രം കൃഷ്ണനെ അണിയിക്കാന്‍ തീരുമാനിച്ചാലും അത് ലഭിക്കല്‍ വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം പുരോഹിതന്‍മാരാണ് തീരുമാനിക്കുന്നതെന്നും അതില്‍ ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്.