പൊലീസുകാരിയുടെ മുഖത്ത് കൈ കൊണ്ടത് അബദ്ധത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പൊലീസുകാരിയുടെ മുഖത്ത് കൈ കൊണ്ടത് അബദ്ധത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ മന:പുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. അതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.

പരാതി കെട്ടിച്ചമച്ചതാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ സമയം വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രായമായ രണ്ട് സ്ത്രീകളുടെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്ക് വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൗണ്‍സിലറും പ്രായമായ സ്ത്രീകളും നോക്കിനില്‍ക്കെ, ഒരു സ്ത്രീയെയും അവര്‍ക്കൊപ്പമെത്തിയ യുവതികളെയും എസ്‌ഐ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടു. ഇതിന് പിന്നാലെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ എസ്‌ഐ തടയുകയും ബലപ്രയോഗം നടത്തുകയുമായിരന്നു. കൗണ്‍സിലറെ എസ്‌ഐ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.

ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ഫോര്‍ട്ട് പൊലീസിന്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ബോധപൂര്‍വം അടിച്ചതാണോ എന്നറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടിയേറ്റതിനാലാണ് സിടി സ്‌കാന്‍ ചെയ്തത്. തലയ്ക്ക് മുറിവ് പറ്റുകയോ കുഴഞ്ഞുവീഴുകയോ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരിയായ ഉദ്യോഗസ്ഥ പറഞ്ഞു.

‘വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോ?’; 15കാരിയുടേയും യുവാവിന്റെയും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കം

‘വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോ?’; 15കാരിയുടേയും യുവാവിന്റെയും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കം

കാസര്‍കോട്: മണ്ടേക്കാപ്പില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിയാരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.

പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപിനേയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യം ചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കേസ് ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

കുട്ടിയുടെ ദേഹത്ത് സെല്ലോ ടേപ്പ് ഒട്ടിച്ച് എംഡിഎംഎ വില്‍പന; കേസില്‍ ട്വിസ്റ്റ്

കുട്ടിയുടെ ദേഹത്ത് സെല്ലോ ടേപ്പ് ഒട്ടിച്ച് എംഡിഎംഎ വില്‍പന; കേസില്‍ ട്വിസ്റ്റ്

പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.

പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒളിപ്പിച്ചു വില്‍പന നടത്തിയെന്നാണ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവിന്റെ ആരോപണം

പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് എംഡിഎംഎയുമായി തിരുവല്ല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മകനെ ഉപയോഗിച്ച് ലഹരിപ്പൊതികള്‍ വിതരണം നടത്തിയതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മകന്റെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പന നടത്തിയെന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ പൊലീസിന് മൈലേജ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടുകഥയുണ്ടാക്കിയതെന്നാണ് പ്രതിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവ് ചേര്‍ന്ന് നടത്തുന്ന തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം, പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. നിലവില്‍ റിമാന്‍ഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്ഫോം സംവിധാനമാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഏപ്രില്‍ പത്ത് മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 1,709 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 23.12 ലക്ഷം ഫയലുകളും ഇതിലൂടെ തീര്‍പ്പാക്കി. ആകെ ലഭിച്ച അപേക്ഷകളുടെ 75.6 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) ആണ് കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ‘ജനന – മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസമാണ് നിലവില്‍ വേണ്ടത്. കെ-സ്മാര്‍ട്ടിലൂടെ അതേ സേവനം വെറും 25 മിനിറ്റിനുള്ളില്‍ ലഭ്യമാക്കാനാകും’ എന്ന് ഐകെഎം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു പറയുന്നു.

ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി സ്വീകരിക്കല്‍, കൗണ്‍സില്‍, പഞ്ചായത്ത് യോഗ നടപടികള്‍, വ്യാപാര ലൈസന്‍സ്, വാടക, പാട്ടം, തൊഴില്‍ നികുതി, പാരാമെഡിക്കല്‍, ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, മൊബൈല്‍ ആപ്പ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങള്‍.

അപേക്ഷകളുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങള്‍ക്ക് അറിയാനാകും. ക്ഷേമപെന്‍ഷനുള്ള നടപടിയുള്‍പ്പെടെ ഓണ്‍ലൈനാകും. ജൂണില്‍ പരിഷ്‌കരിച്ച സുലേഖ സോഫ്റ്റ്വെയറും കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലീകരിക്കും. വോട്ടവകാശമുള്ളവര്‍ക്ക് ലോകത്ത് എവിടെ നിന്നും ലോഗിന്‍ ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഗ്രാമസഭകളില്‍ പങ്കെടുക്കാനാകുമെന്നതും കെ-സ്മാര്‍ട്ട് പദ്ധതിയുടെ മികവാണ്.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രൂപ വീതവും സ്വത്ത് നികുതി അടയ്ക്കല്‍, കെട്ടിട പ്രായ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 10 രൂപ വീതവും സര്‍വീസ് ചാര്‍ജ് മാത്രമാണ് കെ-സ്മാര്‍ട്ട് സേവനത്തിലൂടെ നല്‍കേണ്ടിവരിക. ഇതേ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ട ചെലവിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്ക് എന്ന് ഐകെഎം എംഡി വ്യക്തമാക്കുന്നു.

ഐകെഎം പങ്കുവച്ച കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ കെ-സ്മാര്‍ട്ട് 1.50 ലക്ഷം ഫയലുകള്‍ നീക്കുകളും പതിവ് ഓഫീസ് സമയത്തിന് പുറത്ത് മാത്രം 7.25 ലക്ഷം ഫയലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.

വിഴിഞ്ഞം തുറമുഖം: പാരിസ്ഥിതിക അനുമതിയായി; രണ്ടും, മൂന്നും ഘട്ട നിർമാണത്തിന് പച്ചക്കൊടി

വിഴിഞ്ഞം തുറമുഖം: പാരിസ്ഥിതിക അനുമതിയായി; രണ്ടും, മൂന്നും ഘട്ട നിർമാണത്തിന് പച്ചക്കൊടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പാരിസ്ഥിതിക അനുമതിയായി. രണ്ടും, മൂന്നും, നാലും ഘട്ട നിർമാണം നടത്തുന്നതിനാണ് അനുമതി. പരിസ്ഥിതി ക്ലിയറൻസിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കാൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂർത്തിയാക്കി വിജയകരമായ രീതിയിൽ വാണിജ്യതലത്തിൽ അടക്കം പ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും നാലും ഘട്ട നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.

ഇതിലൂടെ ബർത്തിന്‍റെ നീളം 1200 മീറ്റർ കൂടി വർധിക്കും. നിലവിൽ 800 മീറ്ററാണ് നീളം. പുലിമുട്ടിന്‍റെ നീളം 3 കിലോമീറ്ററിൽ നിന്നും ഒരു കിലോമീറ്റർ കൂടി വർധിപ്പിക്കും. ഇതുവഴി ഒരേ സമയം 5 വലിയ മദർഷിപ്പുകൾക്ക് തുറമുഖത്ത് ബർത്ത് ചെയ്യാനാവും. നിലവിൽ രണ്ടു മദർഷിപ്പുകൾക്ക് മാത്രമാണ് ഒരേസമയം ബർത്ത് ചെയ്യാൻ സാധിക്കുക.

2028 ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയിട്ടുള്ളത്. ഇതിന്‍റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. 4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന എം എസ് സി ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സർവീസിൽ വിഴിഞ്ഞം തുറമുഖത്തെയും ഉൾപ്പെടുത്തിയതും നേട്ടമായി.

ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ എം എസ് സി മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നിരുന്നു.