ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കി; യുവാവിന്റെ വീടിന് നേരെ ആക്രമണം

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കി; യുവാവിന്റെ വീടിന് നേരെ ആക്രമണം

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീട് ആക്രമിച്ചു. സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു.

കാസര്‍ഗോഡ് മാസ്തിക്കുണ്ട് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നാട്ടുകാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. പരാതി നല്‍കിയ ക്ലബ്ബിന്റെ പ്രവര്‍ത്തകനാണ് സിനാന്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരില്‍ നിന്ന് ലഹരി പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജാമ്യത്തില്‍ വിടേണ്ടി വന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനാന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല’, കേസുകള്‍ അവസാനിപ്പിക്കാന്‍ നീക്കം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല’, കേസുകള്‍ അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിക്കാന്‍ നീക്കം. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഇതിനായി ഈ മാസം അവസാനത്തോടെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. പരാതിപ്രകാരമുള്ള ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ലഭിച്ച പരാതികളില്‍ നടപടി തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകളെടുക്കുകയുമായിരുന്നു.

ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി

ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഇനി 3 നാൾകൂടി. ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഞായറാഴ്ച ക്ഷേത്ര ദർശനത്തിനും കലാപരിപാടികൾ ആസ്വദിക്കാനും ജനങ്ങളുടെ വലിയ തിരക്കായിരുന്നു. പൊങ്കാലയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി മൺകലങ്ങളും മറ്റ് വസ്തുക്കളും വാങ്ങാനായി നഗരത്തിലാകെ തിരക്ക്‌. ഉച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് നടന്നു.

നടൻ ജയറാം നയിക്കുന്ന മേള വിസ്‌മയം കണ്ടാസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടുതുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പിൽ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട്‌ ഒപ്പം കൂടി. ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101ൽപ്പരം കലാകാരന്മാർ മേളത്തിൽ അണിനിരന്നു. മേളം 3 മണിക്കൂർ നീണ്ടു.

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി

വർക്കല: റെയിൽവേ എൻജിനിയറിംഗ് ജോലികൾക്കായി അടച്ചിട്ടിരുന്ന വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് റെയിൽവെ ഗേറ്റ് അടച്ചത്. മൂന്ന് ദിവസം കൊണ്ട് ജോലികൾ പൂർത്തീകരിക്കുമെന്നുള്ള അറിയിപ്പും അധികൃതർ നൽകിയിരുന്നു.

എന്നാൽ എൻജിനിയറിംഗ് ജോലിക്കായി എത്തിച്ച ജെ.സി.ബി തകരാറിലായതും ലേബർ പ്രശ്നങ്ങളും കാരണം അറ്റകുറ്റപ്പണികൾ വീണ്ടും നീണ്ടു. ഗേറ്റ് അടച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. യാത്രക്ളേശം രൂക്ഷമായതോടെ കേരളകൗമുദി വാർത്തയെ തുടർന്ന് ഗേറ്റ് തുറക്കുകയായിരുന്നു.

അറ്റകുറ്റപ്പണികൾ രാത്രിയിൽ പൂർത്തിയാക്കാനുള്ള ധാരണയും കരാറുകാരുമായി ഉണ്ടായിരുന്നുവെന്നും എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഗേറ്റിന്റെ ഭാഗത്തെ പണി പൂർത്തീകരിക്കാൻ കരാറുകാരൻ തയ്യാറായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗേറ്റിന്റെ ഭാഗത്തുള്ള മെറ്റലുകൾ ഇളക്കിയിട്ട നിലയിലാണ്. വാഹനങ്ങൾ കടന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതോടൊപ്പം ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപേർ നിത്യേന അപകടത്തിൽപ്പെടുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നത് വ്യപാരികളും നാട്ടുകാരും ചേർന്നാണ്.

ഒറ്റ രാത്രിയിൽ തീർക്കേണ്ട പണി ആഴ്ചകൾ പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിൽ റെയിൽവേ അനാസ്ഥയിലുണ്ടാകുന്ന യാത്ര ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായികളും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്. പൊതുവിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. അധികൃതർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിട്ടും മെല്ലെപ്പോക്ക് നയം ജനജീവിതത്തെ ബാധിക്കുന്നതാണ്.

വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ഗേറ്റും നിലവിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. പുന്നമൂട് ഗേറ്റ് അടഞ്ഞു കിടക്കുന്ന സാഹചര്യങ്ങളിൽ യാത്രക്കാർ ഇതുവഴി കടന്നാണ് പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്നത്. ഈ ഗേറ്റും അടഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമായി.

കൊടും ചൂട്; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ; മുന്നറിയിപ്പ്

കൊടും ചൂട്; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ‍ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.