തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണകടത്ത്

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണകടത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!’ ട്രംപ് വ്യക്തമാക്കി.

‘ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്. അല്ലെങ്കില്‍ നിങ്ങളുടെ കഥ കഴിഞ്ഞു. തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും’, മോചിതരായ ബന്ദികളെ സന്ദര്‍ശിച്ച ശേഷം ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നല്‍കുമെന്നും ട്രംപ് പറഞ്ഞു. 1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ബദല്‍ ഗാസ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്.

പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി

പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി

വർക്കല: പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി. കടൽക്കാറ്റടിച്ച് പാലത്തിന്റെ പലഭാഗങ്ങളിലും തുരുമ്പുപിടിച്ചാണ് ബലക്ഷയമുണ്ടായത്. ആൾക്കാൾ നടക്കുന്ന ഭാഗത്ത് ഇരുമ്പുഷീറ്റ് ദ്രവിച്ച് ദ്വാരങ്ങൾ വീണിട്ടുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തരും ഉപയോഗിക്കുന്ന പാലമാണ് അപകടാവസ്ഥയിലായത്.

മുൻപ്‌ പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിമാറി തോട്ടിലേക്കു പതിക്കാവുന്ന സ്ഥിതിയിലായിരുന്നു. കർക്കടകവാവിനു തൊട്ടുമുൻപാണ് പുതിയ കൈവരി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയത്. ഏഴുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് പാലം വീണ്ടും തകർച്ചാഭീഷണിയിലായത്. പാപനാശം തീരത്തുകൂടി ഒഴുകി കടലിൽച്ചേരുന്ന തോടിനു കുറുകേയാണ് പാലം നിർമിച്ചിട്ടുള്ളത്. പാപനാശം തീരത്തേക്കു തോട് പ്രവേശിക്കുന്ന് ഭാഗത്ത് ടൂറിസം വകുപ്പാണ് ഇരുമ്പുപാലം നിർമിച്ചത്.

മലിനമായ തോട്ടിലിറങ്ങാതെ മുറിച്ചുകടക്കുന്നതിനുള്ള ഏകമാർഗമാണ് നടപ്പാലം. സഞ്ചാരികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനുപേരാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. മുൻപ്‌ തടികൊണ്ടുള്ള പാലമാണുണ്ടായിരുന്നത്. അത് ഇടയ്ക്കിടെ തകരുന്നതിനാൽ നാലുവർഷം മുൻപാണ് ഇരുമ്പുപാലം നിർമിച്ചത്. കടൽക്കാറ്റടിച്ചും മറ്റും പാലത്തിൽ തുരുമ്പുകയറി. പാലത്തിന്റെ ഒരുവശത്ത് ദ്വാരങ്ങൾ വീണനിലയിലാണ്. യാത്രക്കാരുടെ കാൽ ഇതിൽപ്പെട്ട് മുറിവേൽക്കാൻ സാധ്യതയുണ്ട്. ദ്വാരങ്ങൾ വീണ ഭാഗത്തിനു സമീപവും ഷീറ്റ് നേർത്ത അവസ്ഥയിലാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളംപേർ പാപനാശത്ത് എത്തുന്നുണ്ട്. പാപനാശത്തുനിന്ന്‌ ഹെലിപ്പാഡ് ഭാഗത്തേക്കുള്ള വഴിയിലേക്ക് നടപ്പാലത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. അതിനാൽ രാത്രിയിൽ സ്ഥലപരിചയമില്ലാത്തവർ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

ബലിതർപ്പണച്ചടങ്ങുകൾക്ക് എത്തുന്നവർ നീരുറവകളിൽ കുളിക്കാനും ഇതുവഴിയാണ് പോകുന്നത്. അതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. ദ്വാരം വീണ ഭാഗങ്ങളിൽ സമീപത്തെ റിസോർട്ടുകാർ പൂച്ചെട്ടികൾവെച്ചും ചുവന്ന കൊടികൾ കെട്ടിയും ഈ ഭാഗം മറച്ചിട്ടുണ്ട്. ഉപ്പുകാറ്റടിക്കുന്ന സ്ഥലത്ത് ഇരുമ്പുപാലം അശാസ്ത്രീയമായതിനാലാണ് ഇടയ്ക്കിടെ തകർച്ചയുണ്ടാകുന്നത്. ഉപ്പുകാറ്റിനെ അതിജീവിക്കുന്ന മാർഗമുപയോഗിച്ച് സ്ഥായിയായ പരിഹാരത്തിന് അധികൃതർ ശ്രമിക്കണമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവരുടെ ആവശ്യം

ഡോളറിനെതിരെ വീണ്ടും കുതിച്ച് രൂപ, 87ല്‍ താഴെ; ഓഹരി വിപണിയില്‍ നഷ്ടം

ഡോളറിനെതിരെ വീണ്ടും കുതിച്ച് രൂപ, 87ല്‍ താഴെ; ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. 86.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്.

ഇന്നലെ 19 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 87 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ന് വീണ്ടും രൂപയുടെ മൂല്യം ഉയരുകയായിരുന്നു.അതിനിടെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം എന്നി കമ്പനികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.