ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

കൊല്ലം: ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസ്. ഇയാൾ ഇത്തരത്തിൽ 19,000 രൂപ കൈവശപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പരാതിക്കാരനായ സജീവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ്. സജീവ് മരണപ്പെട്ടെന്നും, മരണാനന്തര ചടങ്ങുകള്‍ക്ക് പണം വേണമെന്നും നിസാം ഫോണില്‍ ശബ്ദ സന്ദേശം അയച്ചു. ചിലരോട് ഫോണ്‍ വിളിച്ചും പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു.

കേസില്‍ ഒന്നാം പ്രതി നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പണപ്പിരിവ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ അസുഖബാധിതനായ സജീവിന്റെ ചികിത്സയ്ക്കാണ് പണം പിരിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കും; ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കും; ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ തുടക്കം കുറിച്ച് സര്‍ക്കാര്‍. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയര്‍ത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി (Transport Management Committee – TMC) രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉള്‍പ്പെടുത്തിയ പ്രൊപ്പോസല്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ച് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും, അതുസംബന്ധിച്ച വ്യവസ്ഥ ബൈലോയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയോടെ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അനുമതിയും നിയമാവലിക്കുള്ള അംഗീകാരവും നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പ്രാദേശിക എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഈ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രാദേശിക ലോകസഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷന്‍ ( പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍) ഡിപ്പോ സ്ഥിതിചെയ്യുന്ന വാര്‍ഡ് മെമ്പര്‍, നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി എം ഡി നാമനിര്‍ദ്ദേശം ചെയ്യുന്ന കെഎസ്ആര്‍ടിസിയുടെ ഒരു ഉദ്യോഗസ്ഥന്‍, എന്നിവര്‍ അംഗങ്ങളായിരിക്കും. എംഎല്‍എയുടെ അഭാവത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസര്‍ ആയിരിക്കും കണ്‍വീനര്‍.

ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫര്‍ണിച്ചര്‍ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്‌പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ തുക എന്നിവ സ്വീകരിക്കും. കോര്‍പ്പറേഷന്‍ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിര്‍മ്മാണ / അറ്റകുറ്റപ്പണികള്‍ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുകയും വേണം. ഈ കമ്മിറ്റികള്‍ കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്.

ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു പൊതുവേദിയായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക.

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യും. കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.

സ്‌പോണ്‍സര്‍ഷിപ്പ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) പദ്ധതികള്‍, പൊതുജന സംഭാവനകള്‍, മറ്റ് നിയമാനുസൃത ധനസമാഹരണ മാര്‍ഗങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമായും കമ്മിറ്റി പ്രവര്‍ത്തിക്കും. ഇതുവഴി സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ സമൂഹത്തിന്റെ പിന്തുണയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.

ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെ.എസ്.ആര്‍.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിര്‍ണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ അറിയിച്ചു.

നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; 9 ജില്ലകളില്‍ യെല്ലോ

നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; 9 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ തീവ്രമഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കേരള – ലക്ഷദീപ് തീരങ്ങളില്‍ ശനിയാഴ്ച വരെയും കര്‍ണാടക തീരത്ത് ഞായര്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

പകരം വെക്കാനില്ലാത്ത നടനാണ് സലിം കുമാര്‍ എന്ന് പൃഥ്വിരാജ്. സലിം കുമാര്‍ അവലൈബിള്‍ അല്ലാതെ വന്നതു കൊണ്ട് മാത്രം ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രങ്ങളുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സലിം കുമാറിനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് തന്റെ കരിയറിലെ പ്രവിലേജായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

‘പകരം വെക്കാനില്ലാത്ത നടനാണ്. കഥാപാത്രമായി ഒരു താരത്തെ മനസില്‍ കണ്ട ശേഷം അവര്‍ ഇല്ലെന്ന് മനസിലാകുമ്പോള്‍ ഒന്നെങ്കില്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് അദ്ദേഹം. മുമ്പത്തേത് പോലെ അദ്ദേഹം ആക്ടീവല്ലാതെ വന്നപ്പോള്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുക ആ കഥാപാത്രത്തിന്റെ കോംപ്രമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരംവെക്കാനില്ലാത്ത നടന്‍. സലിം കുമാറിനൊരു പകരക്കാരനെ കണ്ടെത്താനാകില്ല” പൃഥ്വിരാജ് പറയുന്നു.

”ഞാന്‍ പരിചയപ്പെട്ടതില്‍ വളരെ ഇന്ററസ്റ്റിങ് ആയ വ്യക്തികളിലൊരാളാണ് അദ്ദേഹം. എല്ലായിപ്പോഴും അദ്ദേഹം അദ്ദേഹമായിരുന്നു. ആരോടാണെങ്കിലും, എവിടെയാണെങ്കിലും തന്റെ അഭിപ്രായം തുറന്നു പറയുമായിരുന്നു. അസാമാന്യ അറിവുണ്ടായിരുന്നു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, നാടകം എല്ലാം അറിയാം. വളരെ നന്നായി വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആ വശം എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നത് എന്റെ പ്രിവിലേജാണ്” അദ്ദേഹം പറയുന്നു. ദേശീയ അവാര്‍ഡിലൂടെയാണ് താനടക്കമുള്ളവര്‍ സലിം കുമാറിലെ നടനെ തിരിച്ചറിയുന്നതെന്ന് അവതാരകന്‍ പറയുമ്പോള്‍ അദ്ദേഹത്തെ തിരുത്തുന്നുണ്ട് പൃഥ്വിരാജ്.

”കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളില്‍ നിന്നും ആഴമുള്ള സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച നടനാണ് സംലിം കുമാര്‍ എന്ന് കേരളം തിരിച്ചറിയുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ഞാനും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. സലിം കുമാറിനെ സീരിയസ് നടനായി ആദ്യം അവതരിപ്പിക്കുന്നത് ആ ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിലെ നടന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താന്‍ പറ്റാത്തതാണ്” എന്നും പൃഥ്വിരാജ് പറയുന്നു.

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍. ലക്ഷ്മി പ്രിയ്‌ക്കെതിരായ പരാതിയിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ അന്‍സിബ തീരുമാനിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്നാണ് പരാതി. താന്‍ മദ്യപിക്കാറുണ്ടെന്നും തനിക്ക് മദ്യം വാങ്ങിത്തന്നിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞത് വാസ്തവിരുദ്ധമാണെന്നാണ് അന്‍സിബ പരാതിയില്‍ പറയുന്നത്. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമയ്ക്കും അവതാരകനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ നടി ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന് അന്‍സിബ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ ഭരണസമിതി രാജിവെക്കാനുണ്ടായ സാഹചര്യത്തില്‍ തന്നോട് വക്തിവൈരാഗ്യം തീര്‍ക്കാനായി ശ്വേത മേനോനും ലക്ഷ്മി പ്രിയയും ശ്രമിക്കുകയാണെന്നാണ് അന്‍സിബയുടെ ആരോപണം.

ടിനി ടോമിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഉത്തരവിലാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുക്കുന്നത്.