ലഹരിയും റാ​ഗിങ്ങും തടയൽ; കോളേജുകളിലും വരുന്നു പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്

ലഹരിയും റാ​ഗിങ്ങും തടയൽ; കോളേജുകളിലും വരുന്നു പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്

തിരുവനന്തപുരം: റാ​ഗിങ്ങും അക്രമങ്ങളും തടയാൻ സ്കൂൾ മാതൃകയിൽ കോളേജുകളിലും പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്‌ (എസ്‌പിജി) രൂപീകരിക്കും. അധ്യാപകരും വിദ്യാർഥികളും പൊലീസും രക്ഷിതാക്കളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്നതാണിത്‌. സ്ഥാപന മേധാവിയോ പിടിഎ പ്രസിഡന്റോ ആയിരിക്കും അധ്യക്ഷൻ. കൺവീനർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ജോയിന്റ് കൺവീനർ എസ്എച്ച്ഒ നിയോഗിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരിക്കും.

നിശ്ചിത ഇടവേളകളിൽ യോ​ഗം ചേർന്ന് എസ്പിമാരുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തും. വാട്സാപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച സംഭവം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യും. വിദ്യാർഥികളുടെ സുരക്ഷിതത്വം, ലഹരി ഉപയോ​ഗം തടയൽ, നിയമവിരുദ്ധ പ്രവർത്തനത്തിന് തടയിടുക എന്നിവയാണ് ലക്ഷ്യം.

കോളേജ് പരിസരത്ത് വിദ്യാർഥികളെ ചൂഷണം ചെയ്യുന്നവരെയും ലഹരി ഉൽപ്പന്ന കച്ചവടക്കാരെയും പൊലീസ് നിരീക്ഷിക്കും.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ചില കോളേജുകളിൽ പ്രവർത്തനം തുടങ്ങി. ഉടൻ സംസ്ഥാന വ്യാപകമാക്കും. നിലവിൽ സർക്കാർ സ്കൂളുകളിൽ മാത്രം പ്രവർത്തിക്കുന്ന എസ്‌പിജി സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.

പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും കോളേജുകളിൽ നടപ്പാക്കും. ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൊലീസ് ആരംഭിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കോന്നിയില്‍ പത്താണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക എട്ട് മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കുക. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് ജാഗ്രതയാണ് കോന്നിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കൊട്ടാരക്കര 8, മൂന്നാര്‍ 8, തൃത്താല 8, പൊന്നാനി 8 എന്നിങ്ങനെയാണ് ഓറഞ്ച് ജാഗ്രതയില്‍ വരുന്ന മറ്റു പ്രദേശങ്ങള്‍. ചങ്ങനാശേരി 7, ചെങ്ങന്നൂര്‍ 7, കളമശേരി 5, ഒല്ലൂര്‍ 7 എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് സൂചിക ആറു മുതല്‍ ഏഴുവരെയെങ്കില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ നിര്‍ദേശം.

ഏറ്റവും ഗുരുതരമായ സാഹചര്യത്തിന് നല്‍കുന്ന റെഡ് അലര്‍ട്ട് എവിടെയും ഇല്ല. സൂചിക 11ന് മുകളില്‍ ആണെങ്കില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ചത്. ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സൂചിക വ്യക്തമാക്കുന്നു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

ഡോ.ജോർജിൻ്റെ മരണം.. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ഡോ.ജോർജിൻ്റെ മരണം.. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിന്റെ ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ് പി അബ്രഹാം. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം അദ്ദേഹം ഫാം ഹൗസിലെത്തിയത്. തുടര്‍ന്ന് സഹോദരനെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷമാണ് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍

ആലപ്പുഴ: രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ലോസാഞ്ചലസ്: 97-ാമത് ഓസ്‌ര്‍ പുരസ്‌കാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച് അമേരിക്കന്‍ ചിത്രം അനോറ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മെക്കി മാഡിസണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും അനോറ സ്വന്തമാക്കി.

ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ദി ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഐ ആം സ്റ്റില്‍ ഹിയര്‍ മികച്ച ഇന്‍ര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.