വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

ഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ വലിയ വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’- മുതിര്‍ന്ന നേതാവ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധന സഹായം, ദരിദ്രവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. വനിതാ ദിനത്തില്‍ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.

ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ 52കാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ 52കാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

പാലക്കാട് വണ്ടാഴിയില്‍ 52 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായാണ് നിഗമനം. കോയമ്പത്തൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാര്‍ വണ്ടാഴിയില്‍ എത്തിയത്. വണ്ടിയില്‍ ഉണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം.

കോയമ്പത്തൂരില്‍ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാര്‍ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം.

‘ഇനി സഹിക്കാനാകില്ല’, അതിക്രമങ്ങളെ നേരിടാന്‍ കേരളത്തിലെ സ്ത്രീകള്‍ കരുത്തരാകുന്നു: റിപ്പോര്‍ട്ട്

‘ഇനി സഹിക്കാനാകില്ല’, അതിക്രമങ്ങളെ നേരിടാന്‍ കേരളത്തിലെ സ്ത്രീകള്‍ കരുത്തരാകുന്നു: റിപ്പോര്‍ട്ട്

കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൈം മാപ്പിങ് സര്‍വേകൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

എറണാകുളം ജില്ലയിലെ ആലങ്ങാട്, കഞ്ഞൂര്‍, കുഴുപ്പിള്ളി, ചേന്ദമംഗലം, മുടക്കുഴ, വാരപ്പെട്ടി എന്നീ ആറ് പഞ്ചായത്തുകളില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകളുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ശാരീരിക, ലൈംഗിക അതിക്രമങ്ങള്‍, എന്നിവയ്ക്ക് ഒപ്പം വാക്കാലുള്ളതും, മാനസികവും, വൈകാരികവും, സാമൂഹികവുമായ രീതികളില്‍ നേരിട്ട അധിക്ഷേപങ്ങളെ നേരിട്ടതെങ്ങനെ എന്നുള്ളതടക്കം വിവരങ്ങളാണ് തേടിയത്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നവരുടെയും നിയമ സഹായം തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു എന്നും സര്‍വേ അടിവരയിടുന്നു. 18-48 വയസിനിടയിലെ 5,600 പേരാണ് സര്‍വേയോട് പ്രതികരിച്ചത്.

ജീവിത പങ്കാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അപരിചിതര്‍ തുടങ്ങിയവരില്‍ നിന്നും സാമ്പത്തിക ചൂഷണം നേരിട്ട സ്ത്രീകളില്‍ 1174 പേര്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. എന്നാല്‍ 1033 പേര്‍ ഇത്തരം സംഭവങ്ങളില്‍ നിശബ്ദത തുടര്‍ന്നു എന്നും സര്‍വേ പറയുന്നു. ശാരീരിക അതിക്രമങ്ങളുടെ കാര്യത്തില്‍ 912 സ്ത്രീകള്‍ നിയമ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 780 പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സര്‍വേയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കുടുംബശ്രീ അധികൃതര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

തങ്ങള്‍ നേരിട്ട അതിക്രമങ്ങളോട് പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും മറുവശത്ത് മറ്റ് വഴികള്‍ തേടുന്നവരും നിരവധിയുണ്ടെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. പലരും അതിക്രമങ്ങള്‍ നേരിട്ട സാഹചര്യങ്ങളോട് അകലം പാലിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് അടുപ്പമുള്ളവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായം തേടിയവരും ജോലി പോലും വേണ്ടെന്ന് വച്ചരും ഈ കൂട്ടത്തില്‍പ്പെടുന്നു. തങ്ങളുടെ പ്രശ്‌നം മൂലമാണ് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നവരും വലിയൊരു വിഭാഗം സ്ത്രീകള്‍ക്കിടയിലുണ്ട്.

പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 50 പേര്‍ എന്ന നിലയിലാണ് സര്‍വേയ്ക്ക് ആവശ്യമായ സാംപിളുകള്‍ കണ്ടെത്തിയത്. ഗൂഗിള്‍ ഫോം വഴിയും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രതികരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 2962 പേര്‍ തൊഴില്‍ രഹിതരാണ്. 44 പേര്‍ വിദ്യാര്‍ത്ഥികളും 575 പേര്‍ സ്വകാര്യ മേഖലയിലും, 1150 പേര്‍ പൊതുമേഖല സ്ഥാപനങ്ങളിലും ജോലിനോക്കുന്നവരാണ്. 930 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ്. സര്‍വേ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട ഇടപെടലുകള്‍ സജീവമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്നു കുടുംബശ്രീ അധികൃതര്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

നവീന്‍ ബാബുവിന്റേത് കൊലപാതകം ആണോയെന്ന് സംശയമുണ്ട്. കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തില്‍ നവീന്‍ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.

സമരം തുടർന്ന് ആശാ പ്രവർത്തകർ

സമരം തുടർന്ന് ആശാ പ്രവർത്തകർ

സെക്രട്ടേറിയറ്റിനു മുന്നിൽ 20 ദിവസം സമരം ചെയ്തിട്ടും തളരാത്ത വീര്യത്തോടെ വിശ്രമിക്കാൻ കിടന്ന ആശാ പ്രവർത്തകരെ ആദ്യം നനയിച്ചത് അവിചാരിതമായി പെയ്ത മഴ. മഴയേൽക്കാതിരിക്കാൻ ടാർപോളിൻ വലിച്ചുകെട്ടി അതിനടിയിൽ കിടന്നവരെ വീണ്ടും നനയിച്ചതു പൊലീസും! ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ്, കോരിച്ചൊരിയുന്ന മഴയിൽനിന്നു രക്ഷപ്പെടാൻ കെട്ടിയ ചെറു ടാർപോളിൻ ഷീറ്റ് അഴിച്ചു മാറ്റാൻ ഉത്തരവുമായി പൊലീസ് സംഘമെത്തിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ പ്രവർത്തകർക്കൊപ്പം ഏറെ നേരം നിന്നു. ‘ആശാ പ്രവർത്തകരുടെ സമരവീര്യം കടുപ്പമാണ്’ എന്നു പറ‍ഞ്ഞ കേന്ദ്രമന്ത്രി ആശാ പ്രവർത്തകർക്കു കുട സമ്മാനിച്ചു. അടൂർ പ്രകാശ് എംപിയും സമരവേദിയിലെത്തി പ്രവർത്തകർക്കൊപ്പം സമയം ചെലവിട്ടു.യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, മകന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ മക്കൾ കുടുക്കയിൽ ശേഖരിച്ചിരുന്ന തുകയുമായാണ് വേദിയിലെത്തിയത്.പാട്ടപ്പിരിവുകാരെന്നു ഭരണകക്ഷിയിലെ നേതാക്കൾ അധിക്ഷേപിച്ച സമരക്കാർക്കു സമ്മാനിക്കാനാണ് കുടുക്കയോടൊപ്പം തുക സമ്മാനിച്ചതെന്ന് അറിയിക്കുകയും ചെയ്തു.