കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കണ്ണൂര്‍: പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചത്. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്.

കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു.

ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അത് മാറ്റുകയായിരുന്നു.

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് കണ്ടെത്തിയത്.

30 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പിന്നീടെത്തിയവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ഒരു ഭാഗം കാത്തതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 4 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സെടുത്തു.

അക്ഷര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിനു ഉറച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. താരം 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് 30 റണ്‍സിനിടെ നഷ്ടമായത്. കരിയറിലെ 300 ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്ലിയുടെ മോഹം പൂവണിഞ്ഞില്ല.

സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിതും കോഹ്ലിയും മടങ്ങി.

കിവികള്‍ക്കായി മാറ്റ് ഹെൻ‍റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക.

മര്‍ദനക്കേസില്‍ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ; അഞ്ചംഗ സംഘം പിടിയില്‍

മര്‍ദനക്കേസില്‍ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ; അഞ്ചംഗ സംഘം പിടിയില്‍

തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.

പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടില്‍ മര്‍ദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖില്‍ എന്നയാളുമായി ചേര്‍ന്ന് പ്രതി ഗോപകുമാര്‍ തൃശൂരില്‍ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ അഖില്‍ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലയും വളയും തട്ടിയെടുത്തതായും പറയുന്നുണ്ട്. യുവതി ചികിത്സയിലാണ്. മൂന്നുദിവസം മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ മൊഴി.

ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവാവധി; പെന്‍ഷന്‍ പ്രായം ഉയർത്തി ആന്ധ്ര സര്‍ക്കാര്‍

ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവാവധി; പെന്‍ഷന്‍ പ്രായം ഉയർത്തി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധിയും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി നല്‍കും. ആശാവര്‍ക്കര്‍മാരുടെ പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചു.

ആന്ധ്രപ്രദേശില്‍ എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത്. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്തെ 42,752 ആശാ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രയെന്നും, മറ്റൊരു സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ ആശാ വര്‍ക്കര്‍മാര്‍ക്ക്
ഗ്രാറ്റുവിറ്റി നല്‍കുന്നില്ലെന്നും ആന്ധ്ര ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു. 2028 ല്‍ ടിഡിപി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു.

ചന്ദ്രണ്ണ ഭീമ യോജന, എന്‍ടിആര്‍ വൈദ്യ സേവ തുടങ്ങിയ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിരമിക്കുന്നവര്‍ക്ക് 60 വയസ്സുമുതല്‍ വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത നല്‍കുകയും ചെയ്തിരുന്നു. ആശ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുന്നതായി മന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.