‘കോഹ്‌ലിയേക്കാള്‍ മികച്ച ഏകദിന കളിക്കാരനെ കണ്ടിട്ടില്ല, ആ 4000 റണ്‍സും അദ്ദേഹം നേടും’

‘കോഹ്‌ലിയേക്കാള്‍ മികച്ച ഏകദിന കളിക്കാരനെ കണ്ടിട്ടില്ല, ആ 4000 റണ്‍സും അദ്ദേഹം നേടും’

ദുബായ്: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഏകദിനത്തില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ കെല്‍പ്പുള്ള താരം കോഹ്‌ലി തന്നെയാണെന്നു പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അതിവേഗം 14,000 റണ്‍സ് ഏകദിനത്തില്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മാത്രമല്ല 14,000ത്തിനു മുകളില്‍ റണ്‍സ് അടിച്ച മൂന്നാമത്തെ മാത്രം താരമായും കോഹ്‌ലി മാറി. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബായില്‍ പിറന്നത്.

’50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. റണ്‍ വേട്ടയില്‍ അദ്ദേഹം എന്നെ മറികടന്നു. ഇനി രണ്ട് പേര്‍ മാത്രമേ മുന്നിലുള്ളു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്നെ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’

‘നിലവില്‍ കോഹ്‌ലി (14085 റണ്‍സ്) ഇപ്പോഴും സച്ചിനെക്കാള്‍ (18426) 4,341 റണ്‍സ് പിന്നിലാണ്. 36 വയസുമുണ്ട്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന ചരിത്രമെഴുതാന്‍ പരിമിതമായ സമയം മാത്രമേ താരത്തിനു മുന്നിലുള്ളു. എന്നാല്‍ പോണ്ടിങ് അതു കണക്കാക്കുന്നില്ല. കോഹ്‌ലി വിചാരിച്ചാല്‍ അതു സാധിക്കുമെന്നു തന്നെയാണ് ഇതിഹാസ ഓസീസ് ബാറ്റര്‍ വിശ്വസിക്കുന്നത്.’

‘അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇപ്പോഴും അസാധാരണമാം വിധമാണ് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നത്. കണക്ക് നോക്കുമ്പോള്‍ ഞാന്‍ പറയുന്നത് കുറച്ച് അതിശയകരമായി തോന്നാം. ഇത്ര കാലം ഇത്രയും മികവോടെ കളിച്ചിട്ടും വിരാട് സച്ചിനേക്കാള്‍ 4000 റണ്‍സ് പിന്നാലാണ്.’

‘സച്ചിന്‍ എത്ര മികവുള്ള താരമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍ റണ്‍സ് നേടാനുള്ള ആഗ്രഹം ഉള്ളിടത്തോളം വിരാടിനെപ്പോലുള്ള ഒരാളെ എളുപ്പം ഒഴിവാക്കാന്‍ സാധിക്കില്ല.(സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നതില്‍).’

പാകിസ്ഥാനെതിരെ കണ്ടത് കോഹ്‌ലിയുടെ ഏറ്റവും മികച്ച ബാറ്റിങുകളില്‍ ഒന്നാണെന്നു പോണ്ടിങ് പറയുന്നു.

‘ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹം പാകിസ്ഥാനെതിരെ ഉരുക്കു പോലെ ഉറപ്പോടെയാണ് നിന്നത്. ദുബായിലെ ആ രാത്രിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം കോഹ്‌ലിയായിരുന്നു. അത്തരമൊരു മത്സരം ജയിപ്പിക്കാന്‍ ഉതകുന്ന ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ബാറ്റിങ് ഓര്‍ഡറില്‍ തുടക്കത്തില്‍ ആവശ്യമാണ്. ദീര്‍ഘനാളായി ഒരു ചാംപ്യന്‍ കളിക്കാരനായി നില്‍ക്കുന്ന കോഹ്‌ലിയെ പോലെ ഒരാള്‍ ആ ജോലി പൂര്‍ത്തിയാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടിയാണ്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവിശ്വസനീയമായ താരമാണ് അദ്ദേഹം’- പോണ്ടിങ് വാചാലനായി.

ശിവരാത്രി; ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്, ക്രമീകരണം ഇങ്ങനെ

ശിവരാത്രി; ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്, ക്രമീകരണം ഇങ്ങനെ

കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ബുധനാഴ്ച ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.

തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈൻ നഗർ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയിൽ എത്തും.

തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈൻ നഗർ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂർ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.

ഡോളര്‍ ശക്തിയാര്‍ജിച്ചു, രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡോളര്‍ ശക്തിയാര്‍ജിച്ചു, രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഓഹരി വിപണി തിരിച്ചുവന്നത് ആണ് കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ നിന്ന് രൂപയെ പിടിച്ചുനിര്‍ത്തിയത്. തിങ്കളാഴ്ച 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്. സെന്‍സെക്‌സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

കേരളത്തിൽ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു

കേരളത്തിൽ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു

കൊച്ചി: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.

ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ കയറണം; എന്‍എച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ കയറണം; എന്‍എച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം.

സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. ആശ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ പകരം ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ശമ്പള വര്‍ധന, ഓണറേറിയം കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഈ മാസം 10 മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല.

സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് അടക്കം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് എന്‍എച്ച്എം മിഷന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്താനാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രമാണെന്നും, മുഴുവന്‍ കുടിശ്ശിക നല്‍കി എന്നത് തെറ്റായ പ്രചരണമെന്നും സമരക്കാര്‍ പറയുന്നു.

ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ആശവർക്കർമാരുടെ സമരത്തെ സിപിഎം തള്ളിപ്പറ‍ഞ്ഞിരുന്നു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന്റെ തനിയാവർത്തനമാണെന്നും, സമരത്തിന് പിന്നിൽ ചില അരാജക സംഘടനകളാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അം​ഗം എളമരം കരീം അഭിപ്രായപ്പെട്ടിരുന്നു.