സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച വരെ സാവകാശം ചോദിച്ച് പി സി ജോര്‍ജ്

സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച വരെ സാവകാശം ചോദിച്ച് പി സി ജോര്‍ജ്

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്, ബിജെപി നേതാവ് പിസി ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. എന്നാല്‍ ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. തിങ്കളാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് സാവകാശം ചോദിച്ചിരിക്കുന്നത്.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

കരടിയുടെ കാലില്‍ ആന ചവിട്ടി; പുത്തൂരില്‍ എത്തിച്ച് ചികിത്സ

കരടിയുടെ കാലില്‍ ആന ചവിട്ടി; പുത്തൂരില്‍ എത്തിച്ച് ചികിത്സ

തൃശൂര്‍: അട്ടപ്പാടിയില്‍ കാലില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു ചികിത്സ തുടങ്ങി. ഈ കരടിയുടെ പാദത്തില്‍ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.

പിന്‍കാലിനാണ് പരിക്കെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു ടീം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കുന്നത്. കരിടിക്ക് മറ്റ് ശാരീരിക അവശതകളില്ലെന്ന് മൃഗശാല ഡയറക്ടര്‍ കെ.കെ.സുനില്‍കുമാര്‍ അറിയിച്ചു. ആഹാരവും കഴിക്കുന്നുണ്ട്. വനംവകുപ്പിന്റെ അഗളി, പുതൂര്‍ ആര്‍ആര്‍ടി ടീമുകള്‍ ചേര്‍ന്നാണ് കരടിയെ കൂടുവച്ച് പിടികൂടിയത്.

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.

പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് റെയില്‍വേ പാളത്തില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തിയത്. അതിനാല്‍ വന്‍അപകടം ഒഴിവായി.

കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് തീപിടിച്ചു. 110 കെ.വി. ലൈനില്‍ തട്ടിയാണ് കത്തിയത്. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം. കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചത്. അപകടത്തില്‍ കാളയുടെ ഉടല്‍ ഭാഗം പൂര്‍ണമായും കത്തിപ്പോയി.

നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

തിരുവനന്തപുരത്തും കാസര്‍കോടും പുതിയ ആശുപത്രികള്‍; 850 കോടി നിക്ഷേപവുമായി ആസ്റ്റര്‍

തിരുവനന്തപുരത്തും കാസര്‍കോടും പുതിയ ആശുപത്രികള്‍; 850 കോടി നിക്ഷേപവുമായി ആസ്റ്റര്‍

കൊച്ചി: പ്രമുഖ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപനം നടത്തിയത്.

ഉച്ചകോടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി രാജീവുമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും കൂടിക്കാഴ്ച നടത്തി. രണ്ട് പദ്ധതികളാണ് ആസ്റ്റര്‍ പുതുതായി കേരളത്തില്‍ ആവിഷ്‌കരിക്കുന്നത്. 454 കിടക്ക സൗകര്യമുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ട്രിവാന്‍ഡ്രം, 264 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് കാസര്‍കോട് എന്നി രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളാണ് സംസ്ഥാനത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 962 കിടക്ക സൗകര്യമുള്ള ഒന്നായി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയെ വികസിപ്പിക്കും.

2027 സാമ്പത്തികവര്‍ഷത്തോടെ മൊത്തം കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ഏഴു ആശുപത്രികളിലായി ആസ്റ്ററിന് 2,635 കിടക്കകളുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ വരുമാനത്തിന്റെ 53 ശതമാനം വിഹിതവും ഈ ഏഴു ആശുപത്രികളില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ നൂറ് കിടക്കകള്‍ കൂടി വര്‍ധിപ്പിച്ചു. ആരോഗ്യ സംരക്ഷണ നവീകരണത്തിലും മറ്റും മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിന്റെ സാധ്യതകള്‍ കണ്ടു കൊണ്ടാണ് വിപുലീകരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.

ആയിരക്കണക്കിന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ 12700ലധികം പ്രൊഫഷണലുകള്‍ക്ക് ആസ്റ്റര്‍ നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4,200 തൊഴിലവസരങ്ങള്‍ കൂടി തുറക്കും.