by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രിയ സുഹൃത്തും സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയുമായ ആര്‍ബി ചൗധരി മികച്ചൊരു നിര്‍മ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. ‘അനേകം യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’ രജനീകാന്ത് പറഞ്ഞു.
‘ഇതിഹാസ നിര്‍മാതാവ് ആര്‍ബി. ചൗധരിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. വര്‍ഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാന്‍ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആര്‍ബി ചൗധരി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്.’ ചിരിഞ്ജീവി പറഞ്ഞു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.
കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങിയവ ആര്‍ബി ചൗധരി നിര്‍മിച്ച ചിത്രങ്ങളാണ്.

by Midhun HP News | May 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | May 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | May 6, 2026 | Latest News, കേരളം
കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.
ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്. അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോയേഴ്സ് അസോസിയേഷനെ ഉപദേശിച്ചു.
നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്തരം ഒരു പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് വാദം നടക്കുന്നത്.

Recent Comments