ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.

4 നാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘വഴിയിൽ ലോറിയും ഇന്നോവ കാറും തകർന്നു കിടക്കുന്നത് കണ്ടിരുന്നു, സന്തോഷേട്ടന്റെ വണ്ടിയാണെന്ന് അറിഞ്ഞില്ല’; ഞെട്ടലോടെ കിഷോർ സത്യ

‘വഴിയിൽ ലോറിയും ഇന്നോവ കാറും തകർന്നു കിടക്കുന്നത് കണ്ടിരുന്നു, സന്തോഷേട്ടന്റെ വണ്ടിയാണെന്ന് അറിഞ്ഞില്ല’; ഞെട്ടലോടെ കിഷോർ സത്യ

നടൻ സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോ​ഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊന്നും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സന്തോഷിന് അനുശോചനം രേഖപ്പെടുത്തി നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിപ്പോൾ നൊമ്പരമായി മാറുന്നത്.

പുലർച്ചെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടയിൽ ഏനാത്ത് വെച്ച് അപകടത്തിൽപ്പെട്ട വണ്ടികൾ താൻ കണ്ടിരുന്നുവെന്നും, എന്നാൽ അത് സന്തോഷിന്റേതായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും കിഷോർ സത്യ കുറിച്ചു.

‘മോഹിനിയാട്ടം’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആ കഥാപാത്രം സന്തോഷിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവാകുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, പക്ഷേ വിധി മറ്റൊന്നായിപ്പോയെന്നും കിഷോർ സത്യ വേദനയോടെ ഓർത്തെടുത്തു.

സന്തോഷ്‌ ഓടിച്ചിരുന്ന കാറും എതിരെ വന്ന പാഴ്സൽ ലോറിയും എംസി റോഡിൽ അടൂരിനും ഏനാത്തിനുമിടയിൽ എംജി ജംക്‌ഷനിൽ ഇന്നലെ രാവിലെ 6.15 നു കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന

സുഹൃത്തിനും ലോറി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി സുധീഷിനും പരിക്കുണ്ട്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ സന്തോഷിന് ഹൃദയാഘാതവുമുണ്ടായി. മൃതദേഹം ഗുരുവായൂർ ഇരിങ്ങപ്പുറം അനന്തപുരി വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഒരു മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

കിഷോർ സത്യ പങ്കുവച്ച കുറിപ്പ്

രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോൾ ഏനാത്ത് വഴി ഞങ്ങൾ കടന്നുപോയി. അപ്പോൾ വഴിയിൽ ഒരു ലോറിയും ഇന്നോവ കാറും ആക്സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആൾക്കാർ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.ഏതാണ്ട് 9 മണി ആയപ്പോൾ ഒരു സുഹൃത്താണ് നടൻ സന്തോഷേട്ടൻ അപകടത്തിൽപ്പെട്ട് മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയിൽ നടന്ന അപകടത്തിൽപ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്. ഒത്തിരി സങ്കടം വന്നു.

കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയിൽ ഒരു മികച്ച വേഷത്തിൽ അദ്ദേഹത്തെ വീണ്ടും ‌കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കൽ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികൾ…

‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണ്. എന്നാല്‍ ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ, റസ്റ്റൊറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.

പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറൻ്റ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്ര സർക്കാർ കൂട്ടിയത്.

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം, പൊട്ടിത്തെറി ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം; ഞെട്ടല്‍

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം, പൊട്ടിത്തെറി ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം; ഞെട്ടല്‍

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും സ്‌ഫോടനം. ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായുണ്ടായ സ്‌ഫോടനത്തില്‍ സംസ്ഥാനം നടുങ്ങി. എന്നാല്‍ ആര്‍ക്കും ആളപായമില്ല.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.

ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്. അമൃത്സര്‍ റൂറല്‍ പൊലീസ് എസ്പി ആദിത്യ വാരിയര്‍ സ്‌ഫോടനം സ്ഥിരീകരിച്ചു. രാത്രി 10.30-നും 11-നും ഇടയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

ജലന്ധറിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ എഎപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാരിങ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ അറിയിച്ചു.