by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്സ്ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
‘പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍ 15നു ശേഷം കൂടുതല്‍ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കടം വാങ്ങിയത് തിരിച്ചു കൊടുത്തേ മതിയാകൂ. നമ്മുടെ ജലസംഭരണികളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉല്പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാല്‍ കേന്ദ്രപൂളില്‍ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.
അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തില്‍ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വിമര്‍ശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫാണെന്നും അതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
by Midhun HP News | Jul 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവന് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മണലൂര്‍ മുന്‍ എംഎല്‍എയായിരുന്നു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തൃശ്ശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും അനില്‍ അക്കര രാജിവെച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിന് പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍കൂര്‍ ധാരണയുടെയും അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം.
രണ്ട് പ്രധാന സ്ഥാനങ്ങള്‍ ഒരേസമയം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അനില്‍ അക്കര വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് അസോസിയേഷന് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ താല്പര്യപ്പെട്ടിരുന്നതെന്നും, ആ വിശ്വാസം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി തന്നെ അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും രാജിക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
പുതിയ നേതാക്കള്‍ക്ക് അവസരം ലഭിക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അനില്‍ അക്കരയുടെ രാജി. താന്‍ പ്രസിഡന്റായി തുടര്‍ന്നാല്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ആ അവസരം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ധാരണ പ്രകാരം, അടുത്ത രണ്ട് വര്‍ഷം 20ാം വാര്‍ഡ് മെമ്പര്‍ പിജെ സണ്ണി പഞ്ചായത്ത് പ്രസിഡന്റാകും. ശേഷിക്കുന്ന കാലയളവില്‍ 9ാം വാര്‍ഡ് മെമ്പറായ ടിഡി വില്‍സണ്‍ ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും 15ാം വാര്‍ഡായ സംസ്കൃതം കോളജ് വാര്‍ഡിലെ ജനപ്രതിനിധിയായി അനില്‍ അക്കര തുടരും. പ്രസിഡന്റ് എന്നതും മെമ്പര്‍ എന്നതും തനിക്ക് സ്ഥാനങ്ങള്‍ മാത്രമാണെന്നും, ജനങ്ങളോടൊപ്പം കൂടുതല്‍ സജീവമായി നാടിന്റെ വികസനത്തിനായി താന്‍ ഉണ്ടാകുമെന്നും അനില്‍ അക്കര പറഞ്ഞു.
by Midhun HP News | Jul 1, 2026 | Latest News, കേരളം
കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ കോളജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഉപകാരപ്പെടാനാണ് തുക.
നിലവില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക കിട്ടാനായി വലിയ കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ‘കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നയാളുകള്‍ക്ക് MACT തുക കിട്ടാന്‍ വര്‍ഷങ്ങള്‍ കഴിയും. പലയാളുകളും വളരെ പാവപ്പെട്ടവരാണ്. അവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും ഒന്നും കൊടുക്കാന്‍ ഇപ്പോള്‍ വകുപ്പില്ല,’ മന്ത്രി പറഞ്ഞു.
10,000 രൂപയെങ്കിലും ആശ്വാസ ധനം കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ചൊവ്വാഴ്ച്ച സഭയില്‍ നടന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
വാഹനാപകടത്തില്‍ പെടുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതി ‘പിഎം-റാഹത്’ (PM RAHAT – Road Accident Victim Hospitalisation and Assured Treatment Scheme) സംസ്ഥാനത്ത് അടുത്തുതന്നെ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പദ്ധതിയുടെ ഉത്ഘാടനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടത്തും.
റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.50 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ കിട്ടുന്ന പദ്ധതിയാണിത്. ആളുകളുടെ സാമ്പത്തിക സ്ഥിതിയോ ഏതു തരം റോഡ് എന്നതോ പ്രശ്നമല്ല. എല്ലാവര്ക്കും പദ്ധതിയുടെ പ്രയോജനം കിട്ടും.
സംസ്ഥാനത്ത് ഇനിമുതല്‍ വലിയ അപകടങ്ങള്‍ നടന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജോണ്‍ പറഞ്ഞു. ഭാവിയില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുക്കാനായി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സഹായിക്കും. അടുത്തിടെ കൊട്ടാരക്കര നടന്ന ടിപ്പര്‍ ലോറി അപകടത്തില്‍ പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. മരണം സംഭവിക്കുന്ന അപകടങ്ങള്‍ മാത്രമല്ല, ആളുകള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുന്ന അപകടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കും.
സ്ഥിരം അപകടങ്ങള്‍ സംഭവിക്കുന്ന ബ്ലാക്ക് സ്പോട്സ് അപകടരഹിതമാക്കാന്‍ നടപടികളെടുക്കും. അവിടങ്ങളില്‍ റോഡിന്റെ ആകൃതി മാറ്റുന്നത്, അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിങ്ങനെയുള്ള നടപടികള്‍ കൈക്കൊള്ളും. വാഹനാപകടങ്ങള്‍ കുറയ്ക്കാനായി ബൃഹത്തായൊരു പ്രചരണ പരിപാടി സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര് വരെ പദ്ധതിയുടെ ഭാഗമാകും. ഒരു വര്‍ഷം ശരാശരി 4000ത്തിലധികം വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഇത് ആയിരമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
Recent Comments