by Midhun HP News | Feb 15, 2025 | Latest News, കായികം
മുംബൈ: ഇതിഹാസ തരങ്ങൾ വീണ്ടും കളത്തിലേക്ക്. മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷണൽ മാസ്റ്റേസ് ലീഗ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മാസ്റ്റേഴ്സ്- ശ്രീലങ്ക മാസ്റ്റേഴ്സ്, ഓസ്ട്രേലിയ മാസ്റ്റേഴ്സ്, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ്, ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ്, ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സ് പോരാണ് ആരാധകർക്ക് നൊസ്റ്റാൾജിയ സമ്മാനിക്കാൻ അരങ്ങേറുന്നത്.
സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ കളത്തിലെത്തും. ഈ മാസം 22 മുതൽ മാർച്ച് 16 വരെയാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് പോരാട്ടം. മുംബൈ, വഡോദര, റായ്പുർ എന്നിവിടങ്ങളിലായാണ് പോരാട്ടം. ഇന്ത്യ മാസ്റ്റേഴ്സിനെ സച്ചിനും ശ്രീലങ്ക മാസ്റ്റേഴ്സിനെ സംഗക്കാരയും നയിക്കും.
യുവരാജ് സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ഇർഫാൻ, യൂസുഫ് പഠാൻമാർ അടക്കമുള്ള താരങ്ങളും ഇന്ത്യക്കായി കളത്തിലെത്തും. റൊമേഷ് കലുവിതരണ, ലഹിരു തിരിമന്നെ, ഉപുൽ തരംഗ അടക്കമുള്ളവർ ശ്രീലങ്കൻ നിരയിലും ഇറങ്ങുന്നുണ്ട്.
ഓസ്ട്രേലിയ മാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഷെയ്ൻ വാട്സനാണ്. ഷോൺ മാർഷ്, ഡാനിയൽ ക്രിസ്റ്റ്യൻ, ബെൻ കട്ടിങ്, ജെയിംസ് പാറ്റിൻസൻ അടക്കമുള്ള താരങ്ങളും ഓസീസ് മാസ്റ്റേഴ്സ് ടീമിനായി കളത്തിലെത്തും.
വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് ടീമിനെ ബ്രയാൻ ലാറയാണ് നയിക്കുന്നത്. ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ് ടീം ഇയാൻ മോർഗന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ജാക്വിസ് കാലിസാണ് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ജാഗ്രതാനിര്‍ദേശം:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
അറവുശാലയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി കുത്തിയ മനുഷ്യജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, അറവുശാലയിൽ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി മുരളീധരൻ നായർ, ഗ്രാമം ശങ്കർ, രമാദേവി അമ്മ, സതി.എസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ ആയിട്ടുള്ള എസ്. കെ പ്രിൻസ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണൻ, എസ് ജയചന്ദ്രൻ നായർ, ആലംകോട് നസീർ, എസ്. രഘുറാം,രാജേഷ്. ആർ, വിനയൻ മേലാറ്റിങ്ങൽ, കൃഷ്ണകുമാർ.എസ്, ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് എം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാരവി, ബ്ലോക്ക് സെക്രട്ടറി ദീപ ബാബു, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിരാജ് വൃന്ദാവനം, അഭിജിത്ത് ജെ എസ്, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Feb 15, 2025 | Latest News, കേരളം
കൊല്ലം: ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ‘കുപ്പി കള്ള്’ അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള ടോഡി ബോര്‍ഡ്. നിലവില്‍, കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാന്‍ സാധിക്കൂ. പുളിക്കുന്നതു മൂലം മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാല്‍ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാറില്ല.
പുളിക്കുന്നത് നീട്ടിവെച്ച് കൂടുതല്‍ കാലത്തേയ്ക്ക് കേടുകൂടാതെ കള്ള് സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് കേരള ടോഡി ബോര്‍ഡ് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്. ആല്‍ക്കഹോള്‍ അളവില്‍ മാറ്റം വരുത്താതെയും അതിന്റെ തനതായ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കല്‍ നീട്ടിവെയ്ക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. ബിയര്‍ ആകൃതിയിലുള്ള കുപ്പികളിലാണ് ഉല്‍പ്പന്നം വില്‍ക്കാന്‍ പ്ലാന്‍ ഇടുന്നത്. വിപണി വിപുലീകരിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
‘നിലവില്‍, കുപ്പിയില്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ കള്ള് അമ്ലമായി മാറുന്നു. മദ്യത്തിന്റെ അളവ്, രുചി എന്നിവയെ ബാധിക്കാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള ഒരു രീതി അവലംബിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത് വാണിജ്യ വിപണിയില്‍ കുപ്പി കള്ള് അവതരിപ്പിക്കാനും കള്ള് ഷാപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഞങ്ങളെ അനുവദിക്കും, ‘- ബോര്‍ഡ് ചെയര്‍മാന്‍ യു പി ജോസഫ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി, ജോസഫും ബോര്‍ഡ് ഉദ്യോഗസ്ഥരും കളമശ്ശേരിയിലെ കിന്‍ഫ്ര ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലെ സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് സന്ദര്‍ശിച്ചു. അവിടെ അവര്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കുപ്പി കള്ള് പരിശോധിക്കുകയും രുചിക്കുകയും ചെയ്തു.
‘വളരെക്കാലമായി കള്ള് കുപ്പിയിലാക്കുന്നത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. നിരവധി സര്‍വകലാശാലകള്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഒരു പ്രതീക്ഷ നല്‍കുന്ന സാങ്കേതികവിദ്യ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ രീതി സ്വീകരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. എല്ലാം ശരിയാണെങ്കില്‍, കുപ്പി കള്ള് ഉത്പാദിപ്പിക്കുന്നതിനും ഞങ്ങളുടെ വിതരണ ചാനലുകള്‍ വഴി വിപണിയില്‍ അവതരിപ്പിക്കുന്നതിനും സ്വകാര്യ ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപ്പത്രം ക്ഷണിക്കും,’- യു പി ജോസഫ് കൂട്ടിച്ചേര്‍ത്തു.
‘പിഎച്ച് ലെവല്‍ മാറ്റുന്നതിലൂടെ, കള്ളിന്റെ സുഗന്ധവും രണ്ടു ശതമാനം വരെ സ്ഥിരമായ ആല്‍ക്കഹോള്‍ അളവും നിലനിര്‍ത്തിക്കൊണ്ട് പുളിപ്പിക്കല്‍ പ്രക്രിയയെ നമുക്ക് നീട്ടാന്‍ കഴിയും. ഈ പ്രക്രിയ വഴി കള്ള് കുപ്പിയിലാക്കി ഒരു വര്‍ഷം വരെ സൂക്ഷിക്കാനും അതിന്റെ സ്വാഭാവിക മധുരം നിലനിര്‍ത്താനും കഴിയും,’- സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ചിന്റെ മാനേജിങ് ഡയറക്ടര്‍ സി മോഹന്‍ കുമാര്‍ പറഞ്ഞു.
by Midhun HP News | Feb 15, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു.
ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു.
വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ടിടി സംഘം ആനയെ കാടുകയറ്റി.
Recent Comments