by Midhun HP News | Feb 14, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങള്‍. കൂടിക്കാഴ്ച ഇന്ത്യ – യുഎസ്എ സൗഹൃദത്തിന് ഗണ്യമായ ആക്കം കൂട്ടുമെന്ന് മോദി എക്‌സില്‍ കുറിച്ചു.
500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം
2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.
അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കും
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കും. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ട്രംപിനോട് അഭ്യര്‍ഥിച്ചു.
തഹാവൂര്‍ റാണയെ കൈമാറും
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതില്‍ താങ്കളോട് നന്ദിയുണ്ട്. തഹാവൂര്‍ റാണയ്‌ക്കെതിരെ ഇന്ത്യ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
എഫ്-35 യുദ്ധവിമാനങ്ങള്‍
ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ കരാറോടെ, നാറ്റോ സഖ്യകക്ഷികളായ ഇസ്രായേല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ എഫ്-35 വാങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ചേരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും യുക്രെയ്ന്‍ – റഷ്യ യുദ്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനിസ് കടന്നുകയറ്റം തനിക്ക് മനസിലാക്കാന്‍ കഴിയും. അത് അധര്‍മമാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പറഞ്ഞു
റഷ്യ-യുക്രെയ്ന്‍ യുദ്ധം
റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സംഘര്‍ഷം ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ‘റഷ്യയുമായും യുക്രെയ്‌നുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യ നിഷ്പക്ഷമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ്, ഇന്ത്യ നിഷ്പക്ഷമല്ലെന്നം സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാഗ+മിഗ=മെഗാ
ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’
ക്വാഡ് ഉച്ചകോടി
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചു. ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2025 ൽ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, സഹകരണവും നയതന്ത്ര കൂടിയാലോചനകളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.
by Midhun HP News | Feb 14, 2025 | Latest News, കേരളം
കൊച്ചി: വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായി.
പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ കൂടാതെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരില്‍ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൈവേയില്‍ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലത്തെ പരിശോധനയില്‍ എസ്‌ഐ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലന്‍സ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
by Midhun HP News | Feb 14, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നതു കണ്ടെന്നു പറഞ്ഞ വീട്ടമ്മ ഒന്നും കണ്ടിട്ടില്ലെന്ന് പൊലീസില്‍ മൊഴി നല്‍കി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.
കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുംപേരും പിന്നീട് കൂറുമാറി. എന്നാല്‍ ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കൊലയ്ക്ക് ശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ പൊലീസിനോട് ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
ജനുവരി 27ന് രാവിലെയാണ് അയല്‍വാസികളായ തിരുത്തമ്പാടം ബോയന്‍ നഗറില്‍ സുധാകരനേയും അമ്മ ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്താമര പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്ര എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.
ആദ്യം ആലത്തൂര്‍ ജയിലിലായിരുന്ന ചെന്താമരയെ സഹതടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമര പറയുന്നത്. തന്നെ നൂറു വര്‍ഷമെങ്കിലും ജയിലിലടക്കൂവെന്നാണ് ചെന്താമര കോടതിയിലും പറഞ്ഞത്.
by Midhun HP News | Feb 14, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്കു സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.
ഏറെ നാളായി പടയപ്പ ഉൾക്കാട്ടിലേക്ക് പിൻവാങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ നിരീക്ഷണത്തിനു പ്രത്യേക വാച്ചർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
by Midhun HP News | Feb 14, 2025 | Latest News, ജില്ലാ വാർത്ത
ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷൻ കുടുംബത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികളുടെ പരീക്ഷയോട് അനുബന്ധിച്ച് കുട്ടികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം അധ്യാപകൻ
ഷിഹാബ് ആണ് ക്ലാസ്സ് നടത്തിയത്.
35 ഓളം വിദ്യാർത്ഥികളും, രക്ഷിതാക്കളും സന്നിഹിതരായിരുന്നു. എസ് എം ആർ എ പ്രസിഡന്റ് മംഗള കുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പത്മകുമാരി സ്വാഗതവും, സെക്രട്ടറി സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. എസ് എം ആർ എ ജോയിൻ സെക്രട്ടറി അനിൽകുമാർ, ട്രഷറർ ശ്രീദേവി ടീച്ചർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Recent Comments