ഗാന്ധിനഗര്‍ കോളജിലെ റാഗിങ്, അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

ഗാന്ധിനഗര്‍ കോളജിലെ റാഗിങ്, അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം.

ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും. നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിങിനാണ് ഇരയായത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 12ാം തീയതിയാണ് നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിങ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

‘കേരളം മാറുന്നു’; വ്യവസായ രംഗത്തെ മാറ്റങ്ങളെ പുകഴ്ത്തി ശശി തരൂര്‍

‘കേരളം മാറുന്നു’; വ്യവസായ രംഗത്തെ മാറ്റങ്ങളെ പുകഴ്ത്തി ശശി തരൂര്‍

കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. മാറുന്ന കേരളം: മുടന്തുന്ന ആനയില്‍നിന്ന് വഴങ്ങുന്ന കടുവയിലേക്ക് എന്നാണ് ലേഖനത്തിനു തലക്കെട്ട്.

2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 18 മാസ കാലയളവില്‍ 170 കോടി ഡോളറാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം. 2021 ജൂലൈ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുള്ള കാലയളവില്‍ ആഗോളതലത്തിലുള്ള വളര്‍ച്ച 46 ശതമാനമെങ്കില്‍ കേരളത്തിലേത് അത് 254 ശതമാനമാണ്. 45 ലക്ഷം കമ്പനികളില്‍നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കേരളത്തെക്കുറിച്ച് ഇതുവരെ കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണ് ഇതെന്ന് തരൂര്‍ പറയുന്നു. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്. കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ച കാര്യം തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

അതിശയോക്തിയല്ലെങ്കില്‍ ഇതൊരു അതിശയകരമായ മാറ്റമാണ്. ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു സംഭവിക്കുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം 29 സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്ത് ആയിരുന്നതില്‍ നിന്ന് മുന്നിലെത്തിയിട്ടുണ്ട്. എഐ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകളാണ് സ്ഥാപിക്കപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്നു ഞാന്‍ പറയാറുണ്ട്. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്- തരൂര്‍ പറയുന്നു.

കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴിലാണല്ലോ ഈ മാറ്റമെല്ലാം നടക്കുന്നത് ചിലപ്പോള്‍ അതിശയമുയര്‍ത്തുന്ന കാര്യമായിരിക്കും. എന്നാല്‍ അതങ്ങനെയല്ല. വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പാത ചെങ്കൊടിയിലും സമരങ്ങളിലുമല്ല, കാപിറ്റിലസിത്തിലും സംരംഭകത്വത്തിലുമെല്ലാമാണെന്ന് നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ മാത്രമായിരിക്കുമോ ഈ സമീപനം എന്നൊരു ആശങ്ക സ്വാഭാവികമാണ്. 2026ലെ തെരഞ്ഞെടുപ്പു തോറ്റാല്‍ അവര്‍ പഴയ വഴികളിലേക്കു തിരിച്ചു പോവുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. അതങ്ങനെയാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് തരൂര്‍ പറയുന്നു. സാമ്പത്തിക മാറ്റങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കൊള്ളുകയും സംസ്ഥാനത്തെ അതിന്റെ പരിതാവസ്ഥയില്‍നിന്നു കരകയറ്റുകയും വേണമെന്ന് തരൂര്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ജാഗ്രതാ നിർദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

റിയാസ്.എ.ആർ (55) നിര്യാതനായി

റിയാസ്.എ.ആർ (55) നിര്യാതനായി

പെരുമാതുറ: പെരുമാതുറ വലിയ പള്ളിക്ക് സമീപം കശാലയ്ക്കകം വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിയാസ്.എ.ആർ (55) നിര്യാതനായി. സി.ഐ.ടി.യു പെരുമാതുറ ഹാർബർ യൂണിയൻ മുൻ കൺവീനറാണ്.
മാതാവ്: റഫീക്ക
ഭാര്യ: സമീറ
മക്കൾ: ഹസനുൽ ബന്ന, ഹസനുൽ ഹുദൈബി

‘നവോത്ഥാന നായകരുടെ സ്മൃതിപഥങ്ങളിൽ’ പരിപാടി സംഘടിപ്പിച്ചു

‘നവോത്ഥാന നായകരുടെ സ്മൃതിപഥങ്ങളിൽ’ പരിപാടി സംഘടിപ്പിച്ചു

നവോത്ഥാന കേരളം സൃഷ്ടിച്ച ചരിത്ര പുരുഷൻമാരുടെ ഓർമ്മകൾ പുതുതലമുറയുമായി പങ്കുവയ്ക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ ഒത്തുകൂടി. എസ്എഫ്ഐ 35 മത്തെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയാണ് സ്മൃതി പഥങ്ങളിലൂടെ പരിപാടി സംഘടിപ്പിച്ചത്.
നവോത്ഥാന കേരളത്തിലെ നായകന്മാരെയും അവരുടെ സംഭാവനകളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടിക്ക് മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽനിന്നും തുടക്കമായി.

കുമാരനാശാൻ്റെ ജന്മഭൂമിയിൽ ജാതി മര തൈ നട്ട് കൊണ്ട് നെടുംങ്ങണ്ട ശ്രീനാരായണ ബി എഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ പി. ഷീബ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ. ജെറാൾഡ്, ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദർ, അഭിഷേക്ബിജു, അഖിൽ, അഭിഷേക് എന്നിവർ സംസാരിച്ചു. കാശിക്സനൽ സ്വാഗതവും ആഷിക്ക് നന്ദിയും രേഖപ്പെടുത്തി.