തെരുവ് നാടകം സംഘടിപ്പിച്ചു

തെരുവ് നാടകം സംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളും മംഗലാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ മംഗലാപുരം പഞ്ചായത്തിൽ വെച്ച് ബാലവേല നിരോധനം അടിസ്ഥാനമാക്കി തെരുവ് നാടകം അവതരിപ്പിച്ചു.

തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വിമുക്തി ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. മംഗലപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്യാം കുമാരൻ നായർ, പഞ്ചായത്ത് സെക്രട്ടറി ബൈജു അസിസ്റ്റൻറ് സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ, ഷൈബി, ഐസിഡിഎസ് സൂപ്പർവൈസർ, ഷാലിമ കെ എസ്.,സ്കൂൾ കൗൺസിലർ, അംഗനവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

ഐപിഎല്‍ മാര്‍ച്ച് 22 മുതൽ, ഫൈനല്‍ മെയ് 25ന്

ഐപിഎല്‍ മാര്‍ച്ച് 22 മുതൽ, ഫൈനല്‍ മെയ് 25ന്

കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 22 മുതല്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. ഉദ്ഘാടന മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും അരങ്ങേറുക. ഫൈനല്‍ പോരാട്ടം മെയ് 25നായിരിക്കും. കലാശപ്പോരിനും ഈഡന്‍ ഗാര്‍ഡന്‍സ് തന്നെ വേദിയാകും.

ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. 23ന് രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദാണ് വേദിയാകുക. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലും അരങ്ങേറും.

അതേസമയം തീയതി, സമയക്രമം സംബന്ധിച്ചു ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ചില നിര്‍ണായക മത്സരങ്ങളുടെ സമയക്രമം ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കൈമാറിയതായി വിവരമുണ്ട്.

പ്രണയ ദിനം എന്ന ആശയം പങ്കുവെച്ചത് ചോസര്‍; വാലന്‍റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

പ്രണയ ദിനം എന്ന ആശയം പങ്കുവെച്ചത് ചോസര്‍; വാലന്‍റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്‍റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്‍റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്‍റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.

ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്‍റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്‍റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്‍റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

ചരിത്രം

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.

ആരാണ് സെന്‍റ് വാലന്‍റൈന്‍?

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി.

ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ വിധിച്ചു. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്‍റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പ്രണയത്തിന്‍റെ ചിഹ്നം

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ “പാര്‍ലമെന്റ് ഓഫ് ഫോള്‍സ്” എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.

ഇന്ന് പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ഇന്ന് പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്‌ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു ഭീകരാക്രമണം. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു. പാകിസ്താന്‍ കേന്ദ്രമാക്കിയ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍.

ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ പറന്നെത്തി. ബാലാകോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെന്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കർ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എയർ ​ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുൻപ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയച്ചു.