ഇന്നലെ വൈകീട്ട് മുതൽ കാണാനില്ല; പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

ഇന്നലെ വൈകീട്ട് മുതൽ കാണാനില്ല; പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എരുമക്കുഴി സ്വദേശി ബെൻസൻ എബ്രഹാമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് സ്കൂളിൽ പ്രൊജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയില്ലെന്നു ബന്ധുക്കൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

വലിച്ചെറിഞ്ഞ മാലിന്യം ‘കൊറിയര്‍ ആയി’ തിരികെ വീട്ടില്‍, ഒപ്പം പിഴയും; മാപ്പ് പറഞ്ഞ് യുവാവ്

വലിച്ചെറിഞ്ഞ മാലിന്യം ‘കൊറിയര്‍ ആയി’ തിരികെ വീട്ടില്‍, ഒപ്പം പിഴയും; മാപ്പ് പറഞ്ഞ് യുവാവ്

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.

ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്. ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചെറുമകനെ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.

ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ ഏല്‍പ്പിച്ചു. നോട്ടീസ് നല്‍കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി. ഇതോടെയാണ് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇത്തരത്തില്‍ പണികിട്ടുമെന്ന് യുവാവിന് മനസിലായത്.

നായയെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില്‍ നിക്ഷേപിച്ചത്. ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് നഗരസഭ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല.

‘മുറിയിലേക്ക് വരാന്‍ രാത്രി വാട്‌സ് ആപ്പ് സന്ദേശം; കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി’

‘മുറിയിലേക്ക് വരാന്‍ രാത്രി വാട്‌സ് ആപ്പ് സന്ദേശം; കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി’

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

29-ാം തീയതി രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സ് ആപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെത്തുടര്‍ന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെയാണ്, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അമ്മാവനായ ഹരികുമാര്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയില്‍ പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

മദ്യലഹരിയില്‍ യുവാവിന്റെയും യുവതിയുടെയും പരാക്രമം, പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; അറസ്റ്റ്

മദ്യലഹരിയില്‍ യുവാവിന്റെയും യുവതിയുടെയും പരാക്രമം, പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; അറസ്റ്റ്

കൊച്ചി: പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണും കോഴിക്കോട് സ്വദേശി റെസ്‌ലിനുമാണ് പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ കാത്തികാട്ടി നാട്ടുകാരെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. ഇത് തടയാനെത്തിയ പൊലീസ് വാഹനം ഇരുവരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു.

ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജങ്ഷന് സമീപത്തുവച്ച് പ്രവീണും റെസ്‌ലിനും ചേര്‍ന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തതറിഞ്ഞാണ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്‌ലിനെ പിടികൂടുമ്പോള്‍ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തര്‍ക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ആക്രമണത്തില്‍ കാറിന് പതിനയ്യായിരം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ത്ഥി കരയുന്നതിനിടെ ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വീഡിയോയിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്നുമാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത്.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് കോട്ടയം നഴ്‌സിങ് കോളജിലെ അഞ്ചു വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ ഇടതു സംഘടനയായ കെജിഎസ്എന്‍എയുടെ ഭാരവാഹിയാണ്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.