മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.

ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മം​ഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.‌

മോർച്ചറിയിൽ നിന്ന് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.എകെജി ആശുപത്രിയിലെ ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രൻ ആശുപത്രി വിട്ടത്. വീട്ടിൽ കഴിയുന്നതിനിടെ ആരോ​ഗ്യ നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.

കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ ജൂലൈയിലും നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. രണ്ടു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു പേരാണ്. ഉള്‍ക്കാട്ടില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിലവിലെ അന്വേഷണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

പാതിവില തട്ടിപ്പില്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദ കുമാര്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ഫറോഖിലും കേസെടുത്തു. കേരള ഗ്രാമ നിര്‍മ്മാണ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. 918 ആളുകളില്‍ നിന്നായി 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി. പാതിവില തട്ടിപ്പിന്‍റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും ആനന്ദകുമാർ പങ്കെടുത്തിരുന്നതായും ഇവർ പറയുന്നു. ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണൻ, ഷീബ തുടങ്ങിയവരും പ്രതികളാണ്.

ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ സമാധിയായി

ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ സമാധിയായി

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76) ഇന്നലെ (10-02-2025) രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വാമികള്‍ ശിവഗിരി ശ്രീനാരയണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധിയായത്.

നിലവിലുളള ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു സ്വാമികള്‍. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. 1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി. ശിവഗിരിയില്‍ സ്വാമിയുടെ ഭൗതികശരീരമെത്തിച്ചപ്പോള്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി വിശാലനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ദേശീകാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫാ: കോശി ജോര്‍ജ് വരിഞ്ഞവിള, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ തുറകളില്‍പ്പെട്ടവരും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കേന്ദ്ര ജില്ലാതല ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. സമാധിയിരുത്തല്‍ ചടങ്ങിന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടന്നു. സമാധിയിരുത്തല്‍ ചടങ്ങില്‍ സന്യാസി ശ്രേഷ്ഠര്‍ക്കൊപ്പം ശിവഗിരി മഠത്തിലെ ബ്രഹ്മചാരികള്‍, വൈദികര്‍, അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

സലാഹുദ്ധീൻ (67) നിര്യാതനായി

സലാഹുദ്ധീൻ (67) നിര്യാതനായി

പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം വലിയവിളാകം വീട്ടിൽ സലാഹുദ്ധീൻ (65) നിര്യാതനായി.ദീർഘകാലമായി മുതലപ്പൊഴി ഹാർബറിലെ യൂണിയൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹം.

ഭാര്യ: സീനത്ത്
മക്കൾ: മുഹമ്മദ് ഷാ, ഷെഹീൻഷാ, ബിജിൻഷാ, ഷഹാസ്, ഷിഹാസ്

മരുമക്കൾ: ഹഫ്‌സ, സബീദ, മുബീന