പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല; മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി

പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല; മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് സംഘം മേഖലയില്‍ തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.

പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്.

തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.

പടക്കം പൊട്ടിക്കുന്നത് കാണാനെത്തി; ഇടുക്കിയിൽ ഓട്ടോ ഡ്രൈവർക്ക് സിഐയുടെ ക്രൂര മർദനം

പടക്കം പൊട്ടിക്കുന്നത് കാണാനെത്തി; ഇടുക്കിയിൽ ഓട്ടോ ഡ്രൈവർക്ക് സിഐയുടെ ക്രൂര മർദനം

തൊടുപുഴ: ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരരാണ് കമ്പംമെട്ട് സിഐ ഷമീർ ഖാന്റെ മർദമേറ്റത്. 2024 ഡിസംബർ 31ന് രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വഴിയിൽ നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.

സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്നാണ് പരാതി. സിഐയുടെ അടിയേറ്റ് താഴെ വീണ മുരളീധരൻ്റെ പല്ലു പൊട്ടി. വീട്ടുകാരോട് മുരളീധരൻ ഇക്കാര്യം പറഞ്ഞിരുന്നില്ല.

മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ അശ്വതി പറയുന്നു. എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ജനുവരി 23ന് ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്.

അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേയ്സ്ബുക്കിൽ കുറിച്ചത്. സംസ്കാരം വ്യാഴാഴ്ച.

ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, 63,500 ലേക്ക്

റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, 63,500 ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

കേരളം ചുട്ടുപൊള്ളുന്നു; താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

കേരളം ചുട്ടുപൊള്ളുന്നു; താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

പകല്‍ 11am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.