by Midhun HP News | Feb 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് അവര്‍ പറയുന്നു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
സൂറത്ത്: വരന്റെ വീട്ടുകാര്‍ക്കൊപ്പമെത്തിയവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ദമ്പതികള്‍ വരണമാല്യം ചാര്‍ത്തിയത് പൊലീസ് സ്റ്റേഷനില്‍ വച്ച്. ഗുജറാത്തിലെ സൂറത്തില്‍ ഫെബ്രുവരി രണ്ടിനാണ് സംഭവം. വിവാഹ ചടങ്ങുകള്‍ എതാണ്ട് പൂര്‍ത്തിയായ സമയത്താണ് വരന്റെ വീട്ടുകാരായ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം ഇല്ലെന്നറിഞ്ഞത്. ഇതോടെ വരന്റെ പിതാവ് വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് തയ്യാറാണെന്ന് വരന്‍ അറിയിച്ചിട്ടും പിതാവ് മകനെ മാല ചാര്‍ത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ബിഹാറില്‍ നിന്നുള്ള രാഹുല്‍ പ്രമോദ് മഹ്‌തോയും അഞ്ജലി കുമാരിയും ലക്ഷ്മി ഹാളില്‍ വിവാഹിതരാകേണ്ടതായിരുന്നു. വിവാഹ മണ്ഡപത്തില്‍, ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും വിളമ്പേണ്ട ഭക്ഷണത്തില്‍ കുറവുണ്ടെന്നാരോപിച്ച് വരന്റെ കുടുംബം പെട്ടെന്ന് വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ആചാരപ്രകാരം മാല കൈമാറ്റം മാത്രമാണ് അവശേഷിച്ചിരുന്നത്. ഭക്ഷണക്കുറവിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വരന്റെ പിതാവ് അറിയിച്ചു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു.
വിവാഹത്തിന് മെഹ്‌തോ തയ്യാറാണെന്നും അവന്റെ കുടുംബമാണ് വിവാഹത്തിന് തടസ്സം നില്‍ക്കുന്നതെന്നും വധു സ്‌റ്റേഷന്‍ ഓഫീസറെ അറിയിച്ചു. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വരന്റെ വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമണ്ഡപത്തില്‍ വീണ്ടും ബഹളമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്റ്റേഷനില്‍ വച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ഭാവി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തങ്ങളുടെ ഇടപെടല്‍ അവരെ ഒരുമിപ്പിക്കാന്‍ സഹായകമായെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
കൊച്ചി: കടലിൽ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്.
മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.
by Midhun HP News | Feb 4, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് 26) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.
തിരുവല്ലയിൽ നിന്നു എത്തിയ അഗ്നിരക്ഷാ സേനയിലെ മങ്ങൾ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാത്രി എട്ട് മണിയോടെ പരുമല ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
സുഹൃത്തുക്കളായ സന്ദീപ്, റോഷൻ, അജിത്ത് എന്നിവരും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. പത്ര വിതരണം ചെയ്യുന്ന ജോലിയാണ് രമേശിന്. ഉഷയാണ് മാതാവ്. സഹോദരി: രേഷ്മ.
by Midhun HP News | Feb 4, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍ നിന്ന് വീയൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും രണ്ട് കൊലപാതകങ്ങളും നടത്തിയത്.
രണ്ട് ദിവസത്തേക്കാണ് പൊലീസ് ചെന്താമരയെ കസ്റ്റഡിയില്‍ ആവശ്യപ്പെടിരിക്കുന്നത്. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
Recent Comments