by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു.
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പിടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.
പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗർഫ് കറൻസികൾക്ക് മൂല്യം അതിവേഗം ഉയർന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഒരു യുഎഇ ദിർഹത്തിന് 23.75 രൂപയാണ് ഇന്നലെ ലഭിച്ചത്. ഞായറാഴ്ച 23.55 രൂപയായിരുന്നു.
ഗർഫ് കറൻസിയുടെ മൂല്യം വർധിച്ചതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്ക് കൂടി. 1000 ദിർഹം അയക്കുന്നവർക്ക് നാട്ടിൽ 23,750 രൂപ ലഭിക്കും. ഖത്തർ റിയാൽ 23.89 രൂപ, ബഹ്റൈൻ ദിനാർ 231.09 രൂപ, കുവൈത്ത് ദിനാർ 281.89 രൂപ, ഒമാൻ റിയാൽ 226.32 രൂപ, സൗദി റിയാൽ 23.23 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ നിരവധി കറൻസുകളുടെ വില ഇടിഞ്ഞു. രൂപയുടെ റെക്കോർഡ് താഴ്ചയിൽ ഡോളർ 87.62 രൂപയെന്ന നിലയിലെത്തി. നിരക്ക് 87 ഭേദിക്കുന്നത് ഇത് ആദ്യമായാണ്. രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വേണ്ടത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ അമേരിക്ക തിങ്കളാഴ്ച തിരിച്ചയച്ചതായി റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.
സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇല്ല. പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരടക്കം 15 ലക്ഷം വിദേശികളാണ് തിരിച്ചയയ്ക്കൽ പട്ടികയിലുള്ളത്.
ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ ഇതിനോടകം തിരിച്ചയച്ചു തുടങ്ങി. അമേരിക്കയിലേക്ക് കുടിയേറി പാർത്തവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്.
by Midhun HP News | Feb 4, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിയ്ക്കു മുകളിൽ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോൾ പരിഗണനയിലുള്ളത്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചു.
മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ ദേശീയ പാതയിൽ മാത്രമാണ് ടോൾ പിരിവുള്ളത്.
നടപ്പാക്കുന്ന പദ്ധതികളിൽ നിന്നു വരുമാനമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കിഫ്ബി വായ്പകളെല്ലാം സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ഇതോടെയാണ് ടോൾ ചുമത്തി വരുമാനമുണ്ടാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.
Recent Comments