by Midhun HP News | Feb 3, 2025 | Latest News, കേരളം
ശബരിഎക്‌സ്പ്രസില്‍ ബോഗി മാറി കയറിയ വയോധികന് ടിടിഇയുടെ മര്‍ദ്ദനം. 70 വയസ്സുള്ള വയോധികനെ ട്രയിനില്‍ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്ലീപ്പര്‍ ടിക്കറ്റായിരുന്നു വയോധികന്‍ എടുത്തിരുന്നത്. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ്സ് രണ്ട് ബോഗികളില്‍ മാത്രം അനുവദിക്കുകയൊള്ളൂവെന്നായിരുന്നു ടിടിഇയുടെ വാദം.
ഇന്ന് രാവിലെ മാവേലിക്കരയില്‍ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണ് മര്‍ദ്ദനം നടത്തിയത്.
വയോധികന്റെ ഷര്‍ട്ടില്‍ ടിടിഇ കയറിപിടിക്കുകയും ബോഗിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. ശേഷം മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഇടപ്പെട്ടതോടെ ടിടിഇ ചങ്ങനാശ്ശേരി സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
by Midhun HP News | Feb 3, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
അങ്ങനെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തത്. തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടിലെത്തിയ ഇഖ്ബാല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ കോള്‍ റെക്കോര്‍ഡിങ് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
ഇഖ്ബാലിന്റെ ബ്ലാക്‌മെയിലിങ് സഹിക്കാന്‍ പറ്റിയില്ലെന്നും മടുത്തുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. ചെറിയ കുട്ടികളുള്ളതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെ ഉറക്കി കിടത്താനുള്ള ഗുളികകള്‍ യുവതിക്ക് നല്‍കിയത് ഇഖ്ബാലാണ്. തുടര്‍ന്ന് ഭര്‍ത്താവിനുള്ള ഭക്ഷണത്തില്‍ യുവതി ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ഇഖ്ബാല്‍ യുവതിയെ ഫോണില്‍ വിളിച്ച് വീട്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെയെത്തിയ യുവതി ലൈംഗിക ബന്ധത്തിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി.
by Midhun HP News | Feb 3, 2025 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.
മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Feb 3, 2025 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട് : സ്ത്രീവിരുദ്ധ – കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ മഹിള അസ്സാസിയേഷൻ നേതൃത്വത്തിൽ നെടുമങ്ങാട്ട് സ്ത്രീകൾ പ്രതിഷേധിച്ചു. ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനവും യോഗവും മഹിള അസ്സോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം. ജി. മീനാംബിക ഉത്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് ഷീലജ അദ്ധ്യക്ഷയായിരുന്നു.
ഏര്യാ സെക്രട്ടറി എസ്. സിന്ധു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലേഖസുരേഷ്, ചിത്രലേഖ, നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വസന്തകുമാരി, സബീന ബീവി ശ്രീലത , ബിന്ദു, ബീന, മിനി ,സുനിത , ഉപന്യ, ശ്രീമതി ലീലാമ്മ തുടങ്ങിയവർ നേതൃത്വം നല്കി.
by Midhun HP News | Feb 3, 2025 | Latest News, കേരളം
കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി ഇരിക്കവെ, എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോ?. ടേം ഓഫ് റഫറന്‍സ് എവിടെ?. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ആളുകള്‍ കൈവശം വച്ചിരിക്കുന്ന രേഖകളുടെ നിയമപരമായ സാധുത എന്താണ് എന്നും കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ജുഡീഷ്യറി അന്വേഷണ കമ്മീഷനെ സ്റ്റേ ചെയ്യണണെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയാല്‍ തീര്‍പ്പാക്കപ്പെട്ട വിഷയത്തില്‍ കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്ന് കേരള വഖഫ് സംരക്ഷണ വേദിയുടെ അഭിഭാഷകന്‍ വാദിച്ചു. 2019 ല്‍ വഖഫ് ബോര്‍ഡ്, ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീര്‍പ്പാക്കപ്പെട്ട സ്വത്തവകാശം വീണ്ടും തുറക്കാന്‍ കഴിയില്ല. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച ഭൂമിയില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സർക്കാർ നിയോഗിച്ചത് അന്വേഷണ കമ്മീഷന്‍ അല്ലെന്നും, വസ്തുതാ പരിശോധന കമ്മീഷനാണെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. അതിന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. മുനമ്പം ഭൂമിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഫറൂഖ് കോളജിനോട് സ്വത്ത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് സ്വത്തായി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് സ്വത്താണെന്ന കണ്ടെത്തലും ഒരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി കുറ്റപ്പെടുത്തി.
Recent Comments