ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്‍ പരീക്ഷണത്തിനും സാധ്യത

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്‍ പരീക്ഷണത്തിനും സാധ്യത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയ ഇന്ത്യ ടീമില്‍ പരീക്ഷണങ്ങള്‍ ഇറര്രാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്തവരെ ഇറക്കി കളിപ്പിക്കാനാകും ഇന്ത്യ ഒരുപക്ഷേ മുതിരുന്നത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങിയേക്കും. താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരായിരുന്നു. കഴിഞ്ഞ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തിയത് തോല്‍വിക്ക് ആക്കം കൂട്ടുകയായിരുന്നു.

മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ തേക്കിന്‍കൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പായയില്‍ കെട്ടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോട്ടയം മേലുകാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മിസിങ് കേസുമായി ബന്ധപ്പെട്ട ആളാണോ മരിച്ചയാള്‍ എന്ന സംശയം പൊലീസിന് ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും പൊലീസ് പറയുന്നു.

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ ​ദുരൂഹതയേറ്റി സാമ്പത്തിക തട്ടിപ്പ് പരാതിയും. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി മൂന്ന് പേർ രം​ഗത്തെത്തി. ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്നു മൂന്ന് പേർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥയെന്നു പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

അതിനിടെ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നാളെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കൊലപാതകത്തിലെ ​ദുരൂഹത നീക്കാനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.

ജോത്സ്യൻ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ജോത്സ്യൻ ദേവിദാസൻ നിർദ്ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പണം കൈമാറേണ്ട വ്യക്തിയുടെ വിവരങ്ങൾ ഫോണിലേക്ക് അയിച്ചു നൽകിയെന്നും ശ്രീതു പറയുന്നു. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സൻ നിഷേധിച്ചു. തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവിദാസൻ വ്യക്തമാക്കിയിരുന്നു.

ബലാത്സംഗ കേസ്: മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി, കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗ കേസ്: മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി, കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്.

മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി ഫെലോഷിപ്പിന് 2025 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.

അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.

സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275 എന്ന നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷയും സിനോപ്സിസും 2025 ഫെബ്രുവരി 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.