320 കിലോമീറ്റര്‍ റേഞ്ച്; മൂന്നാം തലമുറ മോഡലുകള്‍ അവതരിപ്പിച്ച് ഒല ഇലക്ട്രിക്

320 കിലോമീറ്റര്‍ റേഞ്ച്; മൂന്നാം തലമുറ മോഡലുകള്‍ അവതരിപ്പിച്ച് ഒല ഇലക്ട്രിക്

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

മികച്ച പെര്‍ഫോര്‍മന്‍സ്, കാര്യക്ഷമത, സുരക്ഷ എന്നിവയില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതുതലമുറ സ്‌കൂട്ടറുകള്‍ 2025 ഫെബ്രുവരി പകുതിയോടെ നിരത്തുകളിലെത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ്‌ ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (എംസിയു), ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു.

പുതിയ ബ്രേക്ക്‌ബൈവയര്‍ സിസ്റ്റം റീജനറേറ്റീവ്, മെക്കാനിക്കല്‍ ബ്രേക്കിങുകള്‍. മെച്ചപ്പെട്ട കാര്യക്ഷമതയും നേട്ടങ്ങളാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന MoveOS 5 ബീറ്റയുടെ ലോഞ്ചും ഓല പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മോഡലില്‍

സ്മാര്‍ട്ട് വാച്ച് ആപ്പ്, സ്മാര്‍ട്ട് പാര്‍ക്ക്, റോഡ് ട്രിപ്പ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, എമര്‍ജന്‍സി എസ്ഒഎസ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സ്മാര്‍ട്ട് സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജെന്‍ 3യിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ട1 പ്രോ പ്ലസിന് 320 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു വേരിയന്റുകള്‍ക്ക് 242 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കും.

ടോപ് വേരിയന്റ് 13kW മോട്ടോര്‍ നല്‍കുന്ന ട1 Pro+ (5.3kWh) ആണ്. 320 കിലോമീറ്റര്‍ IDC റേഞ്ചും 141 കിലോമീറ്റര്‍ വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. S1 Pro+ (4kWh), 242 കിലോമീറ്റര്‍ റേഞ്ചും 128 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. 4kWh, 3kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ S1 Pro യുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.

ട1 X സീരീസും ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന ട1 X (2kWh) 79,999 രൂപയില്‍ ആരംഭിക്കുന്നു, തുടര്‍ന്ന് ട1 X (3kWh) 89,999 രൂപയിലും ട1 X (4kWh) 1 ലക്ഷം രൂപയിലും വരുന്നു. അധിക സവിശേഷതകളോടെ വരുന്ന S1 X+ (4kWh) ന് 1.08 ലക്ഷം രൂപയാണ് വില. എല്ലാം എക്‌സ് ഷോറും പ്രൈസാണ്.

ജെന്‍ 3 ശ്രേണി സ്റ്റാന്‍ഡേര്‍ഡായി 3 വര്‍ഷം/40,000 കിലോമീറ്റര്‍ വാറണ്ടിയോടെയാണ് വരുന്നത്, അതേസമയം ഉപഭോക്താക്കള്‍ക്ക് 14,999 രൂപ അധികമായി നല്‍കിയാല്‍ ബാറ്ററി വാറന്റി 8 വര്‍ഷമോ 1,25,000 കിലോമീറ്ററോ വരെ നീട്ടാന്‍ കഴിയും.

സഞ്ജു കളിക്കും, ടോസ് നേടി ഇന്ത്യക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

സഞ്ജു കളിക്കും, ടോസ് നേടി ഇന്ത്യക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

പുനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു

ആലപ്പുഴ: വള്ളികുന്നത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ചോര വാർന്ന് 55 കാരൻ മരിച്ചു

യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ചോര വാർന്ന് 55 കാരൻ മരിച്ചു

തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേ​ഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബർട്ടി (46) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റോബർട്ടിനെ വിഴിഞ്ഞം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പണം സോക്‌സിനുള്ളില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

പണം സോക്‌സിനുള്ളില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നല്‍കുന്നതിനാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അപേക്ഷകന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വില്ലേജ് ഓഫീസറുടെ സോക്‌സിനുള്ളില്‍ നിന്നാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തത്.

വില്ലേജ് ഓഫീസറുടെ പേരില്‍ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ കാസര്‍കോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്. മാളയില്‍ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.