വളർച്ച ഉറപ്പെന്ന് സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ

വളർച്ച ഉറപ്പെന്ന് സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും. ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) കേന്ദ്ര ബജറ്റ് നാളെ സംയുക്ത പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി സഭ പിരിഞ്ഞു.

രാജ്യത്തെ ശക്തമായ ആഭ്യന്തര സാമ്പത്തിക അടിത്തറയും കുറയുന്ന തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പ തോതിൻ്റെ സ്ഥിരതയും സാമ്പത്തിക വളർച്ചാ നിരക്കും ഇന്ത്യയുടെ കരുത്തായി അവതരിപ്പിച്ച റിപ്പോർട്ടിൽ വികസിത ഇന്ത്യക്കായി കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. പാപ്പരത്ത നിയമം ലഘൂകരിക്കേണ്ടതിൻ്റെ ആവശ്യകതയും ബോണ്ട് വിപണിയിൽ വരുത്തേണ്ട മാറ്റങ്ങളും ആഗോള സ്ഥിതി പരിഗണിച്ച് ഇന്ത്യൻ വിപണിയിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങൾക്കും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഊന്നൽ കൊടുക്കുന്നുണ്ട്.

സാമ്പത്തിക സർവേ 2025 ഒറ്റനോട്ടത്തിൽ

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തം

പച്ചക്കറി വിലയിലെ കുറവും, ഖാരിഫ് വിളവെടുപ്പിലെ ഉയർച്ചയും നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ഭക്ഷ്യ വിലക്കയറ്റം കുറയ്ക്കും.

2026 സാമ്പത്തിക വർഷത്തിൽ സന്തുലിത വളർച്ച സാധ്യമാകും.

ആഗോള തലത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് രാജ്യത്തും നയപരമായ മാറ്റങ്ങൾ ആവശ്യമാണ്.

ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും നിയന്ത്രണങ്ങൾ ഒഴിവാക്കിയും ആഗോള തലത്തിൽ ഇന്ത്യയുടെ മത്സരക്ഷമത വളർത്തേണ്ടതുണ്ട്.

അടുത്ത സാമ്പത്തിക വർഷത്തിൽ ഭൗമ രാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും വിലക്കയറ്റം അനിയന്ത്രിതമായി ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നു

നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ കൃത്യമായ നിയമങ്ങൾ ഇല്ലാത്തത് മൂലം സാങ്കേതിക രംഗം തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു.

പാപ്പരത്ത നിയമത്തിൻ്റെ ദൃഢത ആയിരക്കണക്കിന് കടക്കാരെ, ബാധ്യതയുടെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കി

കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ എൻട്രി ചെലവുകൾ, ദ്വിതീയ വിപണിയുടെ അഭാവം എന്നിവ പരിഹരിക്കേണ്ടതുണ്ട്.

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മാതാവിന്റെ പരാതിയിൽ യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപ് അറസ്റ്റിലായിരുന്നു. പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍; ചരിത്ര നേട്ടത്തിനരികെ ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍; ചരിത്ര നേട്ടത്തിനരികെ ശുഭാംശു ശുക്ല

യോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ശുഭാംശുവിനെ ആക്‌സിയോം ദൗത്യം 4ന്റെ (എഎക്‌സ്4) പൈലറ്റായി തെരഞ്ഞെടുത്തു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യകമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നുള്ള ദൗത്യമാണിത്. ഫ്‌ലോറിഡയിലെ ബഹിരാകാശ നിലയത്തില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ദൗത്യം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്‌സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു.

ശുഭാംശു ശുക്ലയ്ക്ക് പുറമെ യുഎസിന്റെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്വാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗേറിയയുടെ ടിബോര്‍ കപു ഫ്‌ലൈറ്റ് ക്രൂവില്‍ എന്നിവരും ദൗത്യത്തില്‍ ഉള്‍പ്പെടും. പെഗ്ഗി വിറ്റ്‌സണ്‍ ദൗത്യത്തിന് നേതൃത്വം നല്‍കും. 14 ദിവസത്തോളം ദൗത്യം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ പ്രശാന്ത് നായരെയാണ് ശുഭാംശു ശുക്ലയുടെ ബാക്കപ്പായി തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ താരങ്ങളുമായി വലിയ ചങ്ങാത്തമൊന്നും വേണ്ട; അതിരുകള്‍ വേണമെന്ന് പാക് താരങ്ങളോട് മോയിന്‍ഖാന്‍

ഇന്ത്യന്‍ താരങ്ങളുമായി വലിയ ചങ്ങാത്തമൊന്നും വേണ്ട; അതിരുകള്‍ വേണമെന്ന് പാക് താരങ്ങളോട് മോയിന്‍ഖാന്‍

ദുബായ്: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 23ന് ദുബായിയില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കെയാണ് മുന്‍ പാക് നായകന്റെ പരാമര്‍ശം.

ഇന്ത്യന്‍ കളിക്കാരുമായി പാക് താരങ്ങള്‍ പുലര്‍ത്തുന്ന സൗഹൃദം തന്നെ അമ്പരപ്പിക്കുന്നതാണെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. അടുത്ത കാലത്തായി ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാനായി എത്തുമ്പോള്‍ പാക് താരങ്ങള്‍ അവരുടെ ബാറ്റ് പരിശോധിക്കുന്നതും അവരുമായി ഏറെ നേരം സംസാരിച്ചുനില്‍ക്കുന്നതും എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. പ്രൊഫഷണലുകള്‍ എന്ന നിലയില്‍ കളിക്കളത്തിന് പുറത്ത് പോലും ചില അതിരുകള്‍ ഉണ്ടായിരിക്കണമെന്നും മോയിന്‍ഖാന്‍ പറഞ്ഞു.

എതിര്‍ ടീമിലെ കളിക്കാരോട് ബഹുമാനം ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ല, പക്ഷേ അവരുമായി അമിതമായി സൗഹൃദം പുലര്‍ത്തുന്നത് വിപരീതഫലമുണ്ടാക്കും. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ അവരോട് സംസാരിക്കേണ്ടതില്ല. സൗഹൃദപരമായി പെരുമാറുമ്പോള്‍ അത് ബലഹീനതയായി കാണുമെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. താന്‍ കളിക്കുന്ന സമയത്ത് ഇന്ത്യന്‍ താരങ്ങളോട് ഏറെ ബഹുമാനമുണ്ടായിരുന്നെങ്കിലും കളിക്കളത്തില്‍ അത് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ഡല്‍ഹി: 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മാധ്യമങ്ങളോട് മോദി വ്യക്തമാക്കി.

ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല്‍ വികസിത രാജ്യമെന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാന്‍ അവസരം തന്നു. രാജ്യം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും.

നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ശക്തിപകരുകയാണ് ലക്ഷ്യം. യുവാക്കള്‍ ഭാവിയില്‍ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും. യുവാക്കളുടെ ലക്ഷ്യസാക്ഷാത്കാരത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.