മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

പത്തനംതിട്ട: പ്രവാസി സംസ്‌കൃതി അസോസ്സിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2023 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.

വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവല്‍, ചെറുകഥ, ചരിത്രം തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികള്‍ വീതം ബിജു ജേക്കബ് കൈതാരം, വെണ്ണിക്കുളം, പി. ഓ. പത്തനംതിട്ട ,. 689544, മൊബൈല്‍ 9947736043 എന്ന വിലാസത്തില്‍ 2025 മാര്‍ച്ച് 15 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി അസോസിയേഷന്‍ പ്രസിഡന്‍് സാമുവേല്‍ പ്രക്കാനം അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ്: 60 കഴിഞ്ഞവര്‍ക്ക് ആശ്വസിക്കാം, ‘പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടരുത്’

ആരോഗ്യ ഇന്‍ഷുറന്‍സ്: 60 കഴിഞ്ഞവര്‍ക്ക് ആശ്വസിക്കാം, ‘പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടരുത്’

ന്യൂഡല്‍ഹി: 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വാര്‍ഷിക വര്‍ധന 10 ശതമാനം കവിയരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു. ഇന്നലെ തന്നെ ഇത് പ്രാബല്യത്തിലായി. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കു കൂച്ചുവിലങ്ങിട്ടത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമാണ്.

പ്രീമിയം പത്ത് ശതമാനത്തിലേറെ കൂട്ടണമെങ്കില്‍ കമ്പനികള്‍ ഇനി ഐആര്‍ഡിഎഐയുടെ മുന്‍കൂര്‍ അനുമതി തേടണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ പിന്‍വലിക്കുന്നതിനും ഐആര്‍ഡിഎഐയുടെ അനുമതി വേണം.

60 കഴിഞ്ഞവരുടെ പ്രീമിയത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നതായി ഐആര്‍ഡിഎഐ നിരീക്ഷിച്ചു. ക്ലെയിം തുക അനുസരിച്ചാണ് പ്രീമിയം. പ്രായമായവരുടെ ക്ലെയിം തുക ഉയരാനുള്ള പ്രധാന കാരണം ആശുപത്രികള്‍ ഈടാക്കുന്ന ഉയര്‍ന്ന ചികിത്സാച്ചെലവാണ്.

പ്രീമിയം വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പരിമിത വരുമാനമുള്ള മുതിര്‍ന്ന പൗരന്‍മാരെ ആയതിനാലാണ് 1999ലെ ഐആര്‍ഡിഎഐ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം ഇതുമൂലമുള്ള വരുമാന നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റു പ്രായക്കാരുടെ പ്രീമിയം തുക ആനുപാതികമായി വര്‍ധിപ്പിച്ചേക്കാം.

വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്.

120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.

‘തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍’….

‘തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍’….

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ഹരികുമാറിനെതിരെ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി.

ഹരികുമാറിന് പലപ്പോഴായി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ അതില്‍ നിന്നും രക്ഷിച്ചത് താനാണ്. അത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് താന്‍ താക്കീത് നല്‍കിയിരുന്നു. പിന്നീട് തനിക്ക് നേരെയും മോശമായ തരത്തില്‍ പെരുമാറ്റമുണ്ടായി എന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അതേസമയം, ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. തുടക്കം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരികുമാര്‍, ഈ വിവരങ്ങളെല്ലാം മുന്നില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിയായ ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. മുമ്പ് ഇയാള്‍ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതുവും ഹരികുമാറും നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കൃത്യത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. രാവിലെ തന്നെ മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത് എന്നിവരെ പൊലീസ് വിളിച്ചു വരുത്തി. ഹരികുമാറും ശ്രീതുവും പറഞ്ഞ മൊഴികളില്‍ വ്യക്തത തേടുകയാണ് പൊലീസിന്റെ ലക്ഷ്യം. കുട്ടിയുടെ അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഹരികുമാര്‍ സഹായിയായി പോയ പൂജാരിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. കിണറ്റില്‍ നിന്നും രണ്ടുവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കാര്യമായ ദുഃഖമൊന്നും ഹരികുമാറിലും ശ്രീതുവിലും കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

കല്ലിൻമൂട്: കഴിഞ്ഞ ദിവസം വാർഡിലെ പെൻഷൻ വിതരണത്തിനിടെ കളഞ്ഞു പോയ 37,900/- രൂപ കല്ലിൻമൂട് വാർഡ് തൊഴിലുറപ്പ് അംഗമായ പട്ടകോണം ഇന്ദിര വിലാസത്തിൽ ശ്രീമതി സിന്ധുവിന് വഴിയിൽ നിന്ന് കളഞ്ഞു കിട്ടുകയും സിന്ധു ആ തുക വാർഡുമെമ്പറു കൂടിയായ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠനെ ഏൽപ്പിക്കുകയും ചെയ്തു. തുക ഏറ്റുവാങ്ങി തിരികെ ഉടമസ്ഥന് നൽകുകയും ചെയ്തു. സത്യസന്ധമായി തുക തിരികെ ഏൽപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധുവിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.