വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്.

120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.

‘തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍’….

‘തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍’….

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ഹരികുമാറിനെതിരെ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി.

ഹരികുമാറിന് പലപ്പോഴായി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ അതില്‍ നിന്നും രക്ഷിച്ചത് താനാണ്. അത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് താന്‍ താക്കീത് നല്‍കിയിരുന്നു. പിന്നീട് തനിക്ക് നേരെയും മോശമായ തരത്തില്‍ പെരുമാറ്റമുണ്ടായി എന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അതേസമയം, ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. തുടക്കം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരികുമാര്‍, ഈ വിവരങ്ങളെല്ലാം മുന്നില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിയായ ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. മുമ്പ് ഇയാള്‍ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതുവും ഹരികുമാറും നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കൃത്യത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. രാവിലെ തന്നെ മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത് എന്നിവരെ പൊലീസ് വിളിച്ചു വരുത്തി. ഹരികുമാറും ശ്രീതുവും പറഞ്ഞ മൊഴികളില്‍ വ്യക്തത തേടുകയാണ് പൊലീസിന്റെ ലക്ഷ്യം. കുട്ടിയുടെ അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഹരികുമാര്‍ സഹായിയായി പോയ പൂജാരിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. കിണറ്റില്‍ നിന്നും രണ്ടുവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കാര്യമായ ദുഃഖമൊന്നും ഹരികുമാറിലും ശ്രീതുവിലും കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

കല്ലിൻമൂട്: കഴിഞ്ഞ ദിവസം വാർഡിലെ പെൻഷൻ വിതരണത്തിനിടെ കളഞ്ഞു പോയ 37,900/- രൂപ കല്ലിൻമൂട് വാർഡ് തൊഴിലുറപ്പ് അംഗമായ പട്ടകോണം ഇന്ദിര വിലാസത്തിൽ ശ്രീമതി സിന്ധുവിന് വഴിയിൽ നിന്ന് കളഞ്ഞു കിട്ടുകയും സിന്ധു ആ തുക വാർഡുമെമ്പറു കൂടിയായ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠനെ ഏൽപ്പിക്കുകയും ചെയ്തു. തുക ഏറ്റുവാങ്ങി തിരികെ ഉടമസ്ഥന് നൽകുകയും ചെയ്തു. സത്യസന്ധമായി തുക തിരികെ ഏൽപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധുവിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ 500 പൊലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.

ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. പ്രതി കടുത്ത അന്ധവിശ്വാസിയാണെന്ന നാട്ടുകാരുടെ വാദം കണക്കിലെടുത്ത്, ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. താനുമായി ബന്ധപ്പെട്ടവരെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മൊഴി നല്‍കുമ്പോള്‍ പ്രതി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

ജാമ്യത്തിലിറങ്ങിയശേഷം താമസിച്ച സ്ഥലങ്ങള്‍, ജോലിചെയ്ത ഇടങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യത്തിന് ‘അവരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട, എല്ലാം ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തത്, എന്നെ എത്രയും വേഗം ശിക്ഷിക്കുക’ എന്നായിരുന്നു മറുപടി നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര താമസിച്ച സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം.

അതേസമയം, ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്ത ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പാലക്കാട് എ ആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസ് സംഘത്തിന്റെ കാവലിലാണ് ഇയാളെ രാത്രി വിയ്യൂരിലേക്ക് മാറ്റിയത്. ഇയാളോടൊപ്പം കഴിയാന്‍ ഭയമാണെന്ന് മറ്റു തടവുകാര്‍ ജയിലധികൃതരെ അറിയിച്ചതിനെത്തുടർന്നായിരുന്നു ജയിൽമാറ്റം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്.

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാർക്കൊപ്പം മാറി നിന്നു മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ മിന്നൽ വേഗത്തിൽ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.