നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ മഞ്ജുഷയുടെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സിപിഎമ്മിന്റെ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടുന്നു.

ഭരണകക്ഷിയായ നേതാവിനെതിരെ ആയതിനാല്‍, പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.

ജനുവരിയിലെ റേഷന്‍ അടുത്തമാസം നാലുവരെ ലഭിക്കും

ജനുവരിയിലെ റേഷന്‍ അടുത്തമാസം നാലുവരെ ലഭിക്കും

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും.

ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ത്തീകരിക്കുനന്തില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

രണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മാവൻ ഹരികുമാർ അറസ്റ്റിൽ; കുഞ്ഞിന്റെ അമ്മയെ വിട്ടയ്ക്കും

രണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മാവൻ ഹരികുമാർ അറസ്റ്റിൽ; കുഞ്ഞിന്റെ അമ്മയെ വിട്ടയ്ക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഹരികുമാറിനെ വൈദ്യ പരിശോധനക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

സഹോദരിയോടുള്ള വൈരാ​ഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.

കുഞ്ഞിൻ്റേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.

കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

നീന്തലിൽ ഹർഷിത ജയറാം; ദേശീയ ​ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

നീന്തലിൽ ഹർഷിത ജയറാം; ദേശീയ ​ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാ​ഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.

നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.

തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്.

തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.

വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

ആറ്റിങ്ങൽ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊയ്കമുക്ക് പിണറ്റ് വിളാകം വീട്ടിൽ ടാർസൺ എന്നറിയപ്പെടുന്ന അനീഷ് (37) ആണ് അറസ്റ്റിലായത്. 28ന് വൈകുന്നേരം മൂന്നിന് മുദാക്കൽ പൊയ്കമുക്ക് സമീപത്ത് വെച്ചാണ് സംഭവം. വീട്ടമ്മയെ അസഭ്യം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. അനീഷ് ഇതിനുമുമ്പും ഈ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളതും ആ കേസിൽ റിമാൻഡിൽ ആയ അനീഷ് ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മറ്റ് നിരവധി കേസിലെ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു