by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ ചികിത്സയിലുമാണ്.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും മാറ്റാന്‍ തീരുമാനിച്ചത്. പുതിയ കേസുകളെ തുടര്‍ന്ന് രജൗരി ജില്ലാ കലക്ടര്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.
മുഴുവന്‍ ഗ്രാമവാസികളെയും മാറ്റുന്നില്ലെന്നും, അസുഖ ബാധിത കുടുംബങ്ങളെയും അവരുടെ കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്‍എ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു. ഗ്രാമവാസികളെ ജിഎംസി രജൗരി, പഴയ ആശുപത്രി രജൗരി, നഴ്‌സിംഗ് കോളജ് രജൗരി, ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. പരിശോധനകള്‍, ഭക്ഷണം, ഉള്‍പ്പെടെ താമസത്തിനുള്ള ക്രമീകരണങ്ങള്‍ അടക്കം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഡിസംബര്‍ 2 ന് ഫസല്‍ ഹുസൈന്റെ വീട്ടില്‍ വിവാഹ വിരുന്ന് നടത്തിയിരുന്നു. ഇതിനുശേഷം ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫസലും നാല് പെണ്‍മക്കളും അഞ്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരായി മരിച്ചു. പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്‍ കൂടി രോഗബാധയുണ്ടായി. മുഹമ്മദ് റഫീഖിന് ഭാര്യയെയും മൂന്ന് കുട്ടികളെയും നഷ്ടപ്പെട്ടു. മുഹമ്മദ് അസ്ലമിന്റെ കുടുംബത്തിലെ ആറ് കുട്ടികളും അമ്മാവനും അമ്മായിയും മരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള ഉന്നത തല സംഘവും ഗ്രാമത്തിലെത്തി പരിശോധന നടത്തി.
by Midhun HP News | Jan 24, 2025 | Latest News, കേരളം
അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മന്നേറി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 60 റണ്‍സിന് ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 118 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കക്ക് 58 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
മലയാളി താരം വിജെ ജോഷിദ, ശബ്‌നം ഷാഹില്‍, പറോണിക സിസോദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 44 ബോളില്‍ നിന്ന് 49 റണ്‍സ് എടുത്ത ഓപ്പണര്‍ ഗോങ്കടി തൃഷയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പത്ത് ബോളില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും അടക്കം പതിനാറ് റണ്‍സ് എടുത്ത മിഥില വിനോദ്, ഒരു സിക്‌സും ഫോറും അടക്കം ഒമ്പത് ബോളില്‍ നിന്ന് പതിനാല് റണ്‍സ് എടുത്ത വിജെ ജോഷിദ, രണ്ട് ബൗണ്ടറിയടക്കം പതിനാല് ബോളില്‍ നിന്ന് പതിനൊന്ന് റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ നിഖി പ്രസാദ് എന്നീ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചവര്‍.
ആറ് പോയിന്റോടെ എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറിയത്. അതേ സമയം ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുള്ള ശ്രീലങ്കയും സൂപ്പര്‍ സിക്‌സില്‍ എത്തിയിട്ടുണ്ട്. ശ്രീലങ്കക്കായി പ്രമുദി മേത്സാര, ലിമാന്‍സ തിലകരത്‌ന, അസെനി തലഗുനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് ബൗണ്ടറിയടക്കം പന്ത്രണ്ട് ബോളില്‍ നിന്ന് പതിനഞ്ച് റണ്‍സ് എടുത്ത രശ്മിക സേവ്വണ്ടി മാത്രമാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ ഇടയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്.
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമായി കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തില്‍ (PoSH) ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ട്.
അത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, വിചാരണയില്‍ ഉദ്ദേശ്യവും തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് ജസ്റ്റിസ് ആര്‍ എന്‍ മഞ്ജുള ഉത്തരവില്‍ പറഞ്ഞു. ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
എച്ച്സിഎല്‍ ടെക്നോളജീസിന്റെ സര്‍വീസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികളില്‍ കമ്പനിയുടെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഈ ശുപാര്‍ശകള്‍ അസാധുവാക്കിയ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
അനിഷ്ടകരമായ തരത്തില്‍ ശാരീരിക സ്പര്‍ശനത്തിന് ശ്രമിച്ചെന്നായിരുന്നു ഡെലിവറി മാനേജര്‍ക്കെതിരെ ഒരു ജീവനക്കാരി പരാതി നല്‍കിയത്. ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചെന്ന് മറ്റൊരു ജീവനക്കാരിയും, തന്റെ ആര്‍ത്തവചക്രത്തെക്കുറിച്ച് ആരാഞ്ഞെന്ന് മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. എന്നാല്‍ ജോലിയുടെ ഭാഗമായാണ് തന്റെ പ്രവൃത്തികളെന്നായിരുന്നു പാര്‍ത്ഥസാരഥി വാദിച്ചത്. പരാതി അന്വേഷിച്ച ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി), പാര്‍ത്ഥസാരഥിയുടെ ശമ്പള വര്‍ദ്ധനവും അനുബന്ധ ആനുകൂല്യങ്ങളും രണ്ട് വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കാനും അദ്ദേഹത്തെ നോണ്‍-സൂപ്പര്‍വൈസറി റോളില്‍ നിയമിക്കാനും ശുപാര്‍ശ ചെയ്തു. ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശുപാര്‍ശകള്‍ അസാധുവാക്കി. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി, ഐസിസി തീരുമാനം നീതിയുക്തമാണെന്ന് അഭിപ്രായപ്പെട്ടു.
by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. നെടുമങ്ങാട് റൂറൽ മേഖലയിലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിലാണ് ഇരുവരും ചേര്‍ന്ന് മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ചത്.ഇരുവരും നൽകിയ വള പണയം വെച്ച് 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വള കടയുടമ ഉരച്ചുനോക്കിയപ്പോള്‍ സംശയം തോന്നി.
യഥാര്‍ത്ഥ സ്വര്‍ണമാണോയെന്ന കാര്യത്തിൽ സംശയം തോന്നിയതോടെ ഉടമ ആധാര്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുയായിരുന്നു.
by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അരുവിപ്പുറത്ത് നെയ്യാറിൽ ദമ്പതികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ഏക മകന്റെ അകാല മരണം ഉണ്ടാക്കിയ വേദനയിൽ ജീവിക്കുകയായിരുന്ന സ്നേഹ ദേവും ഭാര്യ ശ്രീകലയും കൈകൾ കൂട്ടിക്കെട്ടി നദിയിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷം മുൻപാണ് ഏകമകൻ ശ്രീദേവ് പെട്ടെന്നുണ്ടായ നെഞ്ചുവേദന കാരണം മരിച്ചത്. മലയാള മാസപ്രകാരമുള്ള ശ്രീദേവിന്റെ ചരമദിനത്തിലാണ് മാതാപിതാക്കളും ജീവനൊടുക്കിയത്.
മകൻറെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് നാടിനെ നടുക്കി ദമ്പതികളുടെ മരണം. മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവിന്റെ മരണം.
ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേല് മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്നത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷെ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു.
Recent Comments