ഒരു വടക്കൻ വീര​ഗാഥ റീ റിലീസിനെത്തുന്നു, ടീസർ പുറത്തുവിട്ട് മമ്മൂട്ടി

ഒരു വടക്കൻ വീര​ഗാഥ റീ റിലീസിനെത്തുന്നു, ടീസർ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കൻ വീര​ഗാഥ. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രിൽ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക.

എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. “നമസ്കാരം, ഒരു വടക്കൻ വീര​ഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ നേടി തന്ന സിനിമയാണ്.

പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത് ​ഗൃ​ഹലക്ഷ്മി പ്രൊഡക്ഷൻ നിർമിച്ച് 1989 ൽ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസിൽ റിലീസാകണം എന്ന് ഒരുപാട് ആ​ഗ്രഹിച്ച ആളാണ് പിവി ​ഗം​ഗാധരൻ. ഞങ്ങൾ തമ്മിൽ അതിനേപ്പറ്റി ഒരുപാട് സംസാരിച്ചിട്ടുണ്ട്.

അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ചശബ്ദ മിഴിവോടു കാണാനുമുള്ള അവസരം ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്”.- മമ്മൂട്ടി പറഞ്ഞു. ബോംബെ രവിയാണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

ആംബുലൻസിൽ ഉള്ളത് കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ നന്ന്!; ക്ഷമ രക്ഷിക്കുന്നത് ഒരു വിലപ്പെട്ട ജീവനാകാം, മുന്നറിയിപ്പ്

ആംബുലൻസിൽ ഉള്ളത് കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ നന്ന്!; ക്ഷമ രക്ഷിക്കുന്നത് ഒരു വിലപ്പെട്ട ജീവനാകാം, മുന്നറിയിപ്പ്

കൊച്ചി: ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് ? ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് തിരക്കേറിയ ജം​ഗ്ഷൻ കടന്നുപോകാമെന്ന് ചിന്തിക്കുന്നവർ എത്രപേരുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ചോദിച്ചു.

‘എന്നാൽ ബ്ലോക്കിൽ ഇടതുവശത്ത് വാഹനം നിർത്താതെ വലതുവശത്ത് നിർത്തുന്ന പ്രവൃത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവൃത്തിയുടെ ഗൗരവം അറിയണമെങ്കിൽ ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

തിരക്കിനിടയിൽ തിരക്ക് കൂട്ടണോ?

ഈ ചിത്രത്തിൽ കാണുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എല്ലാവരും ഡ്രൈവിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്നവർ ആണെന്നതിൽ സംശയമുണ്ടാവാനിടയില്ല, … പിന്നിൽ നിൽക്കുക എന്ന ഒരു കാര്യത്തിൽ

ഒഴികെ…

തമാശക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. എല്ലാവരും തന്നെ അത്യാവശ്യ കാര്യം തിരക്കുള്ള വരുമായിരിക്കും. അക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും ഈ തരത്തിലുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ.

നമ്മുടെ നാട്ടിലെ ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്.

നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. ഇവിടെ ഇരുചക്രവാഹനങ്ങൾ റോഡിന്റെ വലത്തേ അറ്റത്ത്,അതായത് ഒരു കാരണവശാലും അവർക്ക് എത്താൻ പാടില്ലാത്ത ഭാഗത്താണ് നിൽക്കുന്നത്. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് നമ്മുടെ നാട്ടിൽ?

ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് കടന്നു പോകാവുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണ് ഇത്. പക്ഷേ ഇത്തരം പ്രവർത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവർത്തിയുടെ ഗൗരവം അറിയണമെങ്കിൽ

ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്.

മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്.

നിർമൽ NR 416 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിർമൽ NR 416 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പി‌ന്റെ നിർമൽ NR 416 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം 12 ടിക്കറ്റുകൾക്കാണ് ലഭ്യമാകുന്നത്.

നിർമൽ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാനാകും.

ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു

വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു

വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു. രണ്ടുമാസത്തിനിടെ വിവിധ സംഭവങ്ങളിലായി രണ്ടുപേർക്ക് കുത്തേൽക്കുകയും രണ്ടുപേർക്ക് മർദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഡോക്ടർക്കും ആശുപത്രിജീവനക്കാർക്കു നേരേയും ആക്രമണമുണ്ടാകുന്നു. രോഗികൾക്കൊപ്പമെത്തുന്നവർ പരസ്പരം വഴക്കിടുന്നതും പോരടിക്കുന്നതും പതിവാകുന്നു.

മതിയായ സുരക്ഷാസംവിധാനമില്ലാത്തതാണു സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്നത്. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ ഭർത്താവിനു കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരൂർ സ്വദേശി അക്ബർ ഷാ(26)യ്ക്കാണ് കുത്തേറ്റത്. കൈക്കു പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആറന്മുള സ്വദേശി ലിജു സി.മാത്യു(29)വാണ് കുത്തിയത്. മദ്യലഹരിയിൽ ലിജു അസഭ്യം വിളിച്ചത് പറഞ്ഞുവിലക്കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി കൈക്ക് മുറിവേറ്റ് എത്തിയ യുവാവിനൊപ്പമുള്ള സംഘവും ആംബുലൻസ് ഡ്രൈവർമാരും ആശുപത്രിയിൽ ഏറ്റുമുട്ടിയിരുന്നു. ഒരു ആംബുലൻസ് ഡ്രൈവർക്ക് കുത്തേൽക്കുകയും രണ്ട് ആംബുലൻസ് ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു.

താലൂക്ക് ആശുപത്രിജീവനക്കാർക്കു നേരേ മൂന്ന് അക്രമസംഭവങ്ങൾ ഈ വർഷമുണ്ടായി. കഴിഞ്ഞ സെപ്റ്റംബറിൽ വനിതാ ഡോക്ടറെ രോഗിക്കൊപ്പം വന്നയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ജനുവരിയിൽ വനിതാ ഫാർമസിസ്റ്റിനെ രോഗിക്കൊപ്പം വന്നയാൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് ആശുപത്രിയിൽ അക്രമം കാട്ടിയത്. ജൂണിൽ സുരക്ഷാജീവനക്കാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. ആശുപത്രിക്കുള്ളിൽ അക്രമം കാട്ടിയ പ്രതിയെ പുറത്താക്കിയപ്പോഴാണ് കല്ലെറിഞ്ഞത്. അസഭ്യംവിളിപോലുള്ളവ മിക്കപ്പോഴുമുണ്ടാകുന്നു. ആശുപത്രി സംരക്ഷണനിയമം വന്നശേഷവും അക്രമങ്ങൾ തുടരുന്നതായാണ് ഇതെല്ലാം തെളിയിക്കുന്നത്. രാത്രിയിൽ രോഗികൾക്കൊപ്പം മദ്യലഹരിയിലെത്തുന്നവരാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ഉടനടി ചികിത്സ ലഭ്യമായില്ലെങ്കിൽ ഇവർ പ്രകോപിതരാകുകയും അത്യാഹിത വിഭാഗത്തിൽ കടന്ന് ബഹളംവയ്ക്കുകയും ചെയ്യും. രണ്ട് സുരക്ഷാജീവനക്കാർ മാത്രമാണ് ആശുപത്രിയിലുള്ളത്. അക്രമസ്വഭാവം കാട്ടുന്നവരെ നിയന്ത്രിക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. ആശുപത്രിയിലുള്ള മറ്റാരെങ്കിലും ചോദ്യംചെയ്താൽ സംഘർഷത്തിലേക്കു നീങ്ങും.

അടുത്തുണ്ടായ കുത്തുകേസുകൾ ഇങ്ങനെ സംഭവിച്ചതാണ്. എച്ച്.എം.സി. വഴിയാണ് സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാജീവനക്കാർ ആവശ്യമാണ്. അത്യാഹിത വിഭാഗത്തിലടക്കം ഏതാനും സി.സി.ടി.വി. ക്യാമറകൾ മാത്രമാണുള്ളത്. പോലീസ് എയ്ഡ്പോസ്റ്റ് വേണമെന്ന് ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.