ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.

നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാ​ഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാ​ഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.

ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.

ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും സാന്ദ്ര തോമസിന്റെ പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

ഓഹരി വിപണി നഷ്ടത്തില്‍

ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.26 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്കന്‍ ഡോളര്‍ അല്‍പ്പം താഴേക്കു പോയതുമാണ് രൂപയ്ക്ക് ഗുണമായത്.

വ്യാഴാഴ്ച 9 പൈസയുടെ നഷ്ടത്തോടെ 86.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് 86.31 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 86.26ലേക്ക് രൂപ തിരിച്ചുകയറുകയായിരുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78.12 ഡോളറാണ്.

അതിനിടെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി പിന്നീട് നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. ചെറുകിട, ഇടത്തരം കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലകളും നഷ്ടത്തിലാണ്. ഒരു ശതമാനത്തിന് മുകളിലാണ് ഈ സെക്ടറുകളുടെ നഷ്ടം.

‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക് ആണ് പിടിയിലായത്.

ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറിൽ വച്ചു. അതെന്താണെന്നു ചോദിച്ച എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു പറയുകയായിരുന്നു.ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പിന്നാലെ ഇയാളെ പിടികൂടി ബാ​ഗും മറ്റും വിശദമായി പരിശോധിച്ചു പൊലീസിനു കൈമാറി.

വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോ​ഗം ചേർന്നാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റെപൻ മാറെകിനെ പിന്നീടു ജാമ്യത്തിൽ വിട്ടു.