by Midhun HP News | Jan 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് നിര്‍വഹിച്ചത്.
പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ ഫീല്‍ഡ് ട്രയല്‍സ് പരീക്ഷണമാണ് നടന്നത്. പരീക്ഷണം വിജയകരമായിരുന്നെന്നും മിസൈല്‍ ഇനി സൈന്യത്തിന്റെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.മിസൈല്‍ അസാധാരണമായ കൃത്യതയും വിശ്വാസ്യതയും പ്രദര്‍ശിപ്പിച്ചതായും പരമാവധി, കുറഞ്ഞ ദൂര പരിധികളിലെ എല്ലാ ലക്ഷ്യങ്ങളെയും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്നതിനാണ് നാഗ് മാര്‍ക്ക് 2 മിസൈല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പാക്കി ലോക്ക് ചെയ്യാന്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ യുദ്ധ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ആക്രമണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണ വിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും സൈന്യത്തെയും വ്യവസായ പങ്കാളികളെയും അഭിനന്ദിച്ചു. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത നാഗ് എംകെ 2 ന്റെ വിജയകരമായ പരീക്ഷണങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 14, 2025 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുകയെന്നതാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ നടത്തിയ തിരച്ചിലല്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തലസമിതിക്ക് നല്‍കും.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്.. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും, അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.
by Midhun HP News | Jan 14, 2025 | Latest News, കേരളം
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം.
ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല.
സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.
by Midhun HP News | Jan 14, 2025 | Latest News
മെല്‍ബണ്‍: തുടരെ രണ്ടാം പോരാട്ടത്തിലും ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ വനിതാ ടീം ആഷസ് ഏകദിന പരമ്പര ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു ഓസീസ് മുന്നില്‍. രണ്ടാം മത്സരത്തില്‍ 21 റണ്‍സ് ജയമാണ് ഓസ്‌ട്രേലിയ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 44.3 ഓവറില്‍ 180 റണ്‍സിനു പുറത്തായി. ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 48.1 ഓവറില്‍ 159 റണ്‍സിനു എല്ലാവരും പുറത്തായി.
ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം പോരാട്ടത്തില്‍ ഓസീസ് സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടാന്‍ ഇംഗ്ലീഷ് വനിതകള്‍ക്കു സാധിച്ചു. എന്നാല്‍ അതേ നാണയത്തില്‍ മിന്നും ബൗളിങ്ങുമായി ഓസീസ് വനിതകളും കളം വാണതോടെ ഇംഗ്ലണ്ടിനു കാലിടറി.
10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ അലന കിങിന്റെ ബൗളിങാണ് ഇംഗ്ലീഷ് വനിതകളെ വെട്ടിലാക്കിയത്. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി കിം ഗാര്‍തും മികവ് പുലര്‍ത്തി. മെഗാന്‍ ഷുറ്റ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി അമി ജോണ്‍സ് 47 റണ്‍സുമായി പുറത്താകതെ നിന്നു പൊരുതിയെങ്കിലും അതു വിജയിക്കാന്‍ പര്യാപ്തമായില്ല. 35 റണ്‍സെടുത്ത നാറ്റ് സീവര്‍ ബ്രാന്‍ഡും പിടിച്ചു നിന്നു. മറ്റൊരാളും തിളങ്ങിയില്ല.
നേരത്തെ എല്ലിസ് പെറിയുടെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ രക്ഷിച്ചത്. താരം 60 റണ്‍സെടുത്തു. ഓപ്പണര്‍മാരായ പോബ് ലിച്ഫീല്‍ഡ്, ക്യാപ്റ്റന്‍ അലിസ്സ ഹീലി എന്നിവര്‍ 29 റണ്‍സ് വീതമെടുത്തു മികച്ച തുടക്കം നല്‍കി. മറ്റാരും കാര്യമായ സംഭവാന നല്‍കിയില്ല.
ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ 4 വിക്കറ്റുകള്‍ സ്വന്തമാക്കി. അലിസ് കാപ്‌സി മൂന്നും ലോറന്‍ ബെന്‍ രണ്ട് വിക്കറ്റും ലോറന്‍ ഫിലര്‍ ഒരു വിക്കറ്റും നേടി.
by Midhun HP News | Jan 14, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 12 കിലോമീറ്ററോളം ദൈര്‍ഘ്യം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫീഡർ ബസുകള്‍ കൂടി സജ്ജമാക്കിയാല്‍ അര മണിക്കൂര്‍ കൊണ്ട് യാത്രക്കാരന് വിമാനത്താവളത്തില്‍ എത്താനാകും. എന്നാല്‍ പദ്ധതിക്കായി വിമാനത്താവള ഭാഗത്ത് മൂന്നു കിലോമീറ്ററോളം കനാല്‍ വികസനം നടത്തേണ്ടതുണ്ടെന്ന് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കുന്ന കൊച്ചിക്കായുള്ള പുതിയ സമഗ്ര ഗതാഗത പദ്ധതിയില്‍ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) സാധ്യതയുള്ള മൂന്ന് ജലഗതാഗത മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരാപ്പുഴ മുതല്‍ സിയാല്‍/കാലടി വരെ, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂര്‍-പനങ്ങാട്-സൗത്ത് പറവൂര്‍ എന്നിവയാണത്. വാട്ടര്‍ മെട്രോ പദ്ധതി ആരംഭിച്ച ആദ്യത്തെ നഗരമാണ് കൊച്ചി.
വിജയകരമായ കൊച്ചി വാട്ടര്‍ മെട്രോ മാതൃക രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധ്യതാപഠന പട്ടികയില്‍ ഇടക്കൊച്ചിയേയും കൊല്ലത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ് രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ തുടങ്ങി രാജ്യത്തെ 18 ഇടങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത്.
Recent Comments