by Midhun HP News | Jan 13, 2025 | Latest News, കേരളം
തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനില്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിന്‍ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ മരിച്ചത്. നേരത്തെ റഷ്യന്‍ അധിനിവേശ യുക്രൈനില്‍ നിന്നു ജെയിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാന്‍ഡര്‍ക്ക് നല്‍കിയെങ്കിലും ഓര്‍ഡര്‍ മടക്കി അയക്കുകയാണ് ഉണ്ടായത്.
by Midhun HP News | Jan 13, 2025 | Latest News, കേരളം
സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാബു എന്ന തീവെട്ടി ബാബു പള്ളിക്കൽ പോലീസിൻ്റെ പിടിയിലായി. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ 12 നു രാത്രി കത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് കൊല്ലം ഉളിയനാട് പുത്തൻകുളം ചിറക്കര ഭാഗത്ത് കുളത്തൂർക്കോണം നന്ദു ഭവനത്തിൽ 60 വയസുള്ള ബാബു @ തീവെട്ടി ബാബുവിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും മറ്റും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്.
പള്ളിക്കൽ പോലീസ് സബ് ഇൻസ്പെക്ടർ രാജികൃഷ്ണ. ആർ, സുനിൽ ആർ,. CPO മാരായ കിരൺ, വിനീഷ്, സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് തമ്പാനൂർ റയിൽവേ പോലീസിൻ്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പ്രതിയെ ആറ്റിങ്ങൽ മജിസ്റ്റ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതാണ്.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാനുള്ള പൊലീസ് ശ്രമത്തില്‍ സ്ഥലത്ത് സംഘര്‍ഷം. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വൃദ്ധയായ ഭാര്യ പ്രതിഷേധിച്ചത്. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.
കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും, ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും, പൊലീസിന്റെ നീക്കത്തിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കണമെന്നത് നേരത്തെ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പൊലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി.
പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു. ഫോറന്‍സിക് സംഘം അടക്കം എത്തിയശേഷം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കല്ലറ പൊളിച്ച് പരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ അറിയിച്ചു.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.
വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്.
by Midhun HP News | Jan 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുട സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം.
രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ടാണു പിവി അന്‍വര്‍ രാജിക്കത്തു കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അന്‍വര്‍ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയില്‍ അയച്ചിരുന്നെന്നും നേരിട്ടു നല്‍കേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അന്‍വര്‍ വ്യക്തമാക്കി. ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്.
രാജി സ്പീക്കര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ബംഗാളിലെത്തി മമതയെ കണ്ട് നേരിട്ട് ടിഎംസി മെമ്പര്‍ഷിപ്പ് എടുക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും മമത പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അന്‍വര്‍ പറഞ്ഞു.
by Midhun HP News | Jan 13, 2025 | Latest News, കേരളം
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തിന് താല്‍ക്കാലിക പരിഹാരം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി രാത്രി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ 21 വൈദികര്‍ നടത്തിവന്ന പ്രാര്‍ഥനാ യജ്ഞം നിര്‍ത്തി. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികര്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം വേണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം വൈദികര്‍ അംഗീകരിച്ചു.
പുലര്‍ച്ചെ ഒരുമണിക്കാണ് ചര്‍ച്ച അവസാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമായത്. ഏതാനും കാര്യങ്ങളില്‍ ധാരണയില്‍ എത്തിയെന്നും 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചര്‍ച്ചയ്ക്ക് ശേഷം അതിരൂപ വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെന്നും പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 20ന് അടുത്ത ചര്‍ച്ച നടത്തും. വൈദികര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ പഠിച്ച ശേഷം മാത്രമെന്നാണ് ഫാ.പാംപ്ലാനിയുടെ തീരുമാനം.
Recent Comments