ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം

ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്‌പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാറിന്

പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാറിന്

പ്രേംനസീറിന്റെ 34-ാം ചരമവാര്‍ഷികം ജനുവരി 16 ന് പ്രേംനസീര്‍ സുഹൃത് സമിതി അരീക്കല്‍ ആയൂര്‍വേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടന്‍ ജഗതി ശ്രീകുമാറിന് സമര്‍പ്പിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്ത് പുരസ്‌ക്കാരം ജഗതിക്ക് സമര്‍പ്പിക്കും.

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാന്‍ മധുപാല്‍ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, തുളസിദാസ്, താരങ്ങളായ ദിനേഷ് പണിക്കര്‍, ശ്രീലത നമ്പൂതിരി, എം.ആര്‍. ഗോപകുമാര്‍, ഉദയ സമുദ്ര ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍, അരീക്കല്‍ ആയൂര്‍ വേദാശുപത്രി ചെയര്‍മാന്‍ ഡോ. സ്മിത്ത്കുമാര്‍, നിംസ് മെഡിസിറ്റി എം.ഡി. ഫൈസല്‍ ഖാന്‍ എന്നിവര്‍ പങ്കെടുക്കും.

75 വര്‍ഷം പിന്നിട്ട അണ്ടൂര്‍ക്കോണംറിപ്പബ്‌ളിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലക്കുള്ള പ്രേംനസീര്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. ആലപ്പുഴ ഒ.ജി. സുരേഷ് നയിക്കുന്ന ഹൃദയ ഗീതങ്ങള്‍ എന്ന പ്രേംനസീര്‍ ഗാനങ്ങള്‍ ഉള്‍പ്പെട്ട വിഷ്വല്‍ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

പള്ളിക്കൽ മടവൂരിൽ സ്കൂൾ ബസ് തട്ടിവീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കു ദാരുണാന്ത്യം

പള്ളിക്കൽ മടവൂരിൽ സ്കൂൾ ബസ് തട്ടിവീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കു ദാരുണാന്ത്യം

പള്ളിക്കൽ മടവൂരിൽ സ്കൂൾ ബസ് തട്ടി വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്‌ണേന്ദു മരണപ്പെട്ടു. മടവൂർ ചാലിൽ എന്ന സ്ഥലത്താണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി വീടിനു മുന്നിൽ വച്ച് കേബിളിൽ കാൽ തട്ടി ബസിനു അടിയിലേക് വീഴുകയായിരുന്നു. മുന്നോട്ടു എടുത്ത ബസ്സിനടിയിൽ പെട്ടാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അശ്വിന്‍; വിവാദം

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അശ്വിന്‍; വിവാദം

ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം.

വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ കരഘോഷമുയര്‍ന്നു. തമിഴ് സംസാരിക്കുന്നവരോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ അലറി വിളിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. തുടര്‍ന്നായിരുന്നു ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ തമിഴില്‍ പറഞ്ഞത്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെട നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയാണ് അശ്വിന്റെ പരാമര്‍ശം. ഇത് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.’ ബിജെപി നേതാവ് ചോദിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.