by Midhun HP News | Jan 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏല്ക്കുവന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
by Midhun HP News | Jan 3, 2025 | Latest News, കേരളം
തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പിടിയിലായത്.
2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി.
അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
by Midhun HP News | Jan 3, 2025 | Latest News, ജില്ലാ വാർത്ത
മടവൂർ തോളൂരിൽ കാൽനടയാത്രികരായ അമ്മയെയും മകളെയും കാർ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തൽക്ഷണം മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. മകൾ അൽഫിയ (17) ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അൽഫിയയുടെയും മുകളിലേക്ക് അമിത വേഗതയിൽ വന്ന കാർ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അൽഫിയയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്.
by Midhun HP News | Jan 3, 2025 | Latest News, കായികം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 57 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലു റണ്‍സെടുത്ത കെ എല്‍ രാഹുലിനെ സ്റ്റാര്‍ക്കും, 10 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെ ബോളണ്ടുമാണ് പുറത്താക്കിയത്.
സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്. സ്മിത്ത് ക്യാച്ചെടുത്തു.
രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിതിന് പകരം ശുഭ്മാന്‍ ഗില്ലും, പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കു വേണ്ടി ഓള്‍റൗണ്ടര്‍ ബ്യൂ വെബ്‌സറ്റര്‍ അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മ്മ പുറത്തിരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു എന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടണമെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
by Midhun HP News | Jan 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആർലേക്കർ തടഞ്ഞത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയാണ് സർക്കാർ നീക്കിയത്. പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചത് എന്നാണ് വിവരം.
സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. തുടർന്ന് ഉദ്യോഗസ്ഥരെ നീക്കിയതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.
Recent Comments