by Midhun HP News | Jan 2, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം പുതുക്കാട് എസ്റ്റേറ്റില്‍ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.
പശുക്കുട്ടി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുലി ഇറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. പാലപ്പിള്ളി തോട്ടം മേഖലയില്‍ നിരന്തരം പുലി ശല്യം ഉള്ളതിനാല്‍ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
by Midhun HP News | Jan 2, 2025 | Latest News, കേരളം
പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്.
ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ അടുത്തിടെയാണ് കേരളത്തിലേക്ക് സ്ഥലംമാറ്റിയത്. കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനായി ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
by Midhun HP News | Jan 2, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.
ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. വാട്സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.
by Midhun HP News | Jan 2, 2025 | Latest News, കേരളം
മംഗലൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
കൊല്ലൂർ ക്ഷേത്രത്തിൽ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. സംസ്‌കാരം ഇന്നലെ രാത്രിയോടെ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്.
Recent Comments