by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ ആശുപത്രി മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ, 29 ലോഡ് മാലിന്യമാണ് കേരളം നീക്കിയത്. തിരുനെല്‍വേലി ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ അനധികൃതമായി വലിച്ചെറിഞ്ഞ മെഡിക്കല്‍, വേര്‍തിരിക്കാത്ത മാലിന്യങ്ങളാണ് നീക്കിയത്.
തിരുവനന്തപുരം ആര്‍സിസിയിലേത് അടക്കമുള്ള മാലിന്യങ്ങളാണ് അനധികൃതമായി തിരുനെല്‍വേലിയില്‍ തള്ളിയത്. സംഭവം വിവാദമായതിനു പിന്നാലെ, വിഷയം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) മുന്നിലുമെത്തി. ഡിസംബര്‍ 20ന് എന്‍ജിടിയുടെ ദക്ഷിണമേഖലാ ബെഞ്ച് മൂന്ന് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിന് പിന്നാലെ, കരാര്‍ ലംഘനം നടത്തിയ സേവന ദാതാവായ സുനേജ് ഇക്കോ സിസ്റ്റംസിനെ സംസ്ഥാന ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാന നഗരത്തിലെ പ്രധാന മാലിന്യ ഉത്പാദക സ്ഥാപനങ്ങളായ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), ക്രഡന്‍സ് ഹോസ്പിറ്റല്‍, ലീല കോവളം, ആര്‍ടെക് സിനിമാസ്, ഹൈസിന്ത് എന്നിവയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
തലസ്ഥാനത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നിയമലംഘനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിന് കനത്ത പിഴ ചുമത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അത്തരത്തില്‍ വിധിയുണ്ടായാല്‍, നിയമലംഘനം നടത്തിയവരില്‍ നിന്നും ഈടാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു.
സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ഗവര്‍ണറുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
മന്ത്രിമാരായ കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എം. എല്‍. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്. തടയാന്‍ കഴിയാത്ത പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിള നാശത്തിന് കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സംയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്‌ഐഎറ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 824.77 കോടി രൂപ നീക്കിവെക്കും.
ക്ലെയിം സെറ്റില്‍മെന്റുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള YES-TECH (സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവ് കണക്കാക്കല്‍ സംവിധാനം), WINDS (കാലാവസ്ഥാ വിവരവും നെറ്റ്വര്‍ക്ക് ഡാറ്റാ സിസ്റ്റംസ്) എന്നിവയും പോലുള്ള സാങ്കേതിക സംരംഭങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാനാകും. കൂടാതെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി തുടരാന്‍ 3850 കോടിയും അനുവദിച്ചിട്ടുണ്ട്.
by Midhun HP News | Jan 2, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.73 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ 242 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഒഎന്‍ജിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. സണ്‍ ഫാര്‍മ, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നഷ്ടം നേരിട്ടു.
Recent Comments