by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ പുതുവര്‍ഷത്തില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ സന്തോഷത്തില്‍ ആറാടിക്കാനുള്ള അവസരം കേരളം നഷ്ടമാക്കി.
ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. ആദ്യമിനിറ്റുകളില്‍ ആക്രമണം തുടങ്ങിവെച്ചത് ബംഗാളായിരുന്നു. തുടര്‍ച്ചയായി രണ്ട് ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും ഗോളവസരമൊന്നും സൃഷ്ടിക്കാന്‍ ബംഗാളിനായില്ല. പിന്നീട് കൗണ്ടര്‍ അറ്റാക്കിലൂടെ പലതവണ ബംഗാള്‍ കേരളത്തിന്‍റെ ഗോള്‍മുഖത്തെത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ എസ് ഹജ്മലിന്‍റെ മികവില്‍ അതൊക്കെ കേരളം അതിജീവിച്ചു.
ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്‍റ് ബ്ലാങ്കില്‍ നിന്ന് ഒമ്പതാം നമ്പര്‍ താരം റോബി ഹാന്‍സ്‍ഡ ബംഗാളിന്‍റെ വിജയഗോള്‍ നേടി. ഇതോടെ 12 ഗോളുകളുമായി റോബി ഹാന്‍സ്‌ഡ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.
2022ല്‍ മഞ്ചേരിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ചാമ്പ്യൻമാരായ കേരളത്തോടുള്ള മധുരപ്രതികാരം കൂടിയായി ബംഗാളിന്‍റെ വിജയം. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു പോയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇപി തന്റെ ആത്മകഥയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ കുറിപ്പുകളായെഴുതി കണ്ണൂർ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനിൽ നിന്നും എ വി ശ്രീകുമാർ ഇത് വാങ്ങുകയായിരുന്നു.
പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടെയാണ് രഘുനാഥനിൽ നിന്ന് ശ്രീകുമാർ ഇത് വാങ്ങിയത്. എന്നാൽ രഘുനാഥൻ കൊടുത്ത ഭാഗങ്ങൾ മാത്രമല്ല, കൂടുതൽ ഭാഗങ്ങൾ ചേർത്തു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എ വി ശ്രീകുമാർ എത്തിച്ചിരിക്കുന്നത്. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അമ്മ രേണുകയ്ക്ക് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേണുകയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 1 ലക്ഷം രൂപയുടെയും 2 പേരുടെ ആള്‍ജാമ്യത്തിലും വിട്ടയയ്ക്കണം എന്നാണ് ജസ്റ്റിസ് പി കൃഷ്ണകുമാറിന്റെ ഉത്തരവ്.
സൂരജിന് പരോള്‍ ലഭിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മ രേണുകയ്‌ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്നും പരോള്‍ അനുവദിക്കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിച്ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് രേണുക നല്‍കുകയായിരുന്നു.
സംശയം തോന്നിയ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണു വ്യാജമായി തയാറാക്കിയതാണെന്ന് മനസ്സിലായത് . തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സൂരജിനും അമ്മയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.’
‘ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!’
by Midhun HP News | Dec 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2ന് രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി
Recent Comments