വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത നഴ്‌സുമാരെ പിരിച്ചുവിട്ടു

വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത നഴ്‌സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.

വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ജോലിയില്‍ പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.

കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിൽ കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ

കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിൽ കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിലായി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.

കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്നു രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും.

തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്എന്‍ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 10.45നു മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരും പ്രസംഗിക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും.

നാരായണ ഗുരുകുല അധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീര്‍ഥാടനത്തിന്റെ സമാപനം.

പൊലീസ് മേധാവി അവധിയില്‍; എഡിജിപി മനോജ് എബ്രഹാമിന് ചുമതല

പൊലീസ് മേധാവി അവധിയില്‍; എഡിജിപി മനോജ് എബ്രഹാമിന് ചുമതല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അവധിയില്‍. ജനുവരി നാലു വരെയാണ് ഡിജിപി അവധിയില്‍ പോയത്. ഇതേത്തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്‍കി.

നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. കൊച്ചിയില്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമതോമസ് എം എല്‍ എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ മനോജ് എബ്രഹാം പൊലീസിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാണ് കേസ്.

അമർ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ

അമർ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ ആചരിക്കുകയാണ്.

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ ആചരിക്കുകയാണ്.

തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) യെ കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു.