by Midhun HP News | Dec 28, 2024 | Latest News, കേരളം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.
അതേസമയം കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് ശിക്ഷ ഇളവ് തേടുകയാണ് പ്രതികൾ. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതിയും കോടതിയെ അറിയിച്ചു. വധശിക്ഷ നൽകണമെന്ന് പതിനഞ്ചാം പ്രതി പ്രതികരിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.
ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
ചെന്നൈ: തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പി ജി ഷാജിയെന്ന വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓള്‍ട്ടോ കാര്‍. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | Dec 28, 2024 | Latest News, കേരളം
മണാലി: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുളുവിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പൊലീസ്. സോളങ് നാലയിലെ സ്‌കീ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡില്‍ കുടുങ്ങി. വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കുളു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയും സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലൗഹൗള്‍ – സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.
ഡിസംബര്‍ 29 മുതല്‍ ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകളില്‍ ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കണ്ണൂർ: പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുകയാണ് ‘എയർ കേരള’ എയർലൈൻ. സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് എയർ കേരള സർവീസ് നടത്തും.
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. മാർച്ചോടെ സർവീസ് തുടങ്ങാനാണ് പദ്ധതി. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.
ദക്ഷിണ-മധ്യ ഇന്ത്യയിലെ ടയർ-രണ്ട്, ടയർ- മൂന്ന് വിമാനത്താവളങ്ങളിലാണ് എയർ കേരള ആദ്യം ശ്രദ്ധയൂന്നുക. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) ഓണററി അംഗമാകാനുള്ള ക്ഷണം സ്വീകരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കായിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളില്‍ ഒന്നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വേദികളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിന്ത്രിക്കുന്നതും എംസിസിയാണ്.
‘ഒരു ഐക്കണിനെ ആദരിക്കുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംസിസി ഓണററി ക്രിക്കറ്റ് അംഗത്വം സ്വീകരിച്ചതായി എംസിസി സന്തോഷത്തോടെ അറിയിക്കുന്നു,’ എംസിസി ‘എക്‌സ്’ എന്ന പോസ്റ്റില്‍ അറിയിച്ചു.
1989 നവംബറില്‍ 16ാം വയസില്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 24 വര്‍ഷത്തെ കരിയറില്‍ 199 ടെസ്റ്റുകള്‍ കൂടി കളിച്ചു. 53.78 ശരാശരിയില്‍ 15921 റണ്‍സ് നേടി സച്ചിന്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്ന കരിയറില്‍ 46 വിക്കറ്റുകളും നേടി. 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വിടവാങ്ങല്‍ ടെസ്റ്റ്.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 463 മത്സരങ്ങളില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്‍ നേടിയത്. 49 സെഞ്ച്വറികളും 96 അര്‍ധസെഞ്ച്വറികളും നേടി. ബാറ്റിങ് ശരാശരി 44.83 ആണ്. 1989 ഡിസംബര്‍ 18 ന് ഗുജ്രന്‍വാലയില്‍ പാകിസ്ഥാനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റം. 2012 മാര്‍ച്ച് 18 ന് പാകിസ്ഥാനെതിരെ തന്നെ ആയിരുന്നു അവസാന ഏകദിന മത്സരം. ഇന്ത്യയ്ക്കായി ഒരു ടി20 മാത്രമാണ് സച്ചിന്‍ കളിച്ചത്. 2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അത്.
Recent Comments