by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത് 186 പേര്‍. ജൂണിലെ ആദ്യ 20 ദിവസങ്ങളില്‍ മാത്രം 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ 55 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാലവര്‍ഷം ആരംഭിച്ചതോടെ ഷിഗെല്ല, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു, ഒപ്പം അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം മൂലം 34 ജീവനുകളാണ് പൊലിഞ്ഞത്. തൊട്ടുപിന്നാലെ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം), എലിപ്പനി എന്നിവ യഥാക്രമം 27, 24 മരണങ്ങള്‍ക്ക് കാരണമായി. 2024-ലും 2023-ലും പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് യഥാക്രമം 543, 570 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് വര്‍ഷങ്ങളിലും ഹെപ്പറ്റൈറ്റിസ് എ മൂലം 220-ലധികം മരണങ്ങള്‍ വീതം ഉണ്ടായിരുന്നു. എന്നാല്‍ 2026-ല്‍ ഷിഗെല്ല മരണങ്ങളില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായത്, ഇതുവരെ ആറ് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസറായ ഡോ. അനീഷ് ടി എസ് പറയുന്നത്, എല്ലാ കാലവര്‍ഷത്തിലും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കാറുണ്ടെന്നാണ്. ജൂലൈ മാസത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന ഈ രോഗബാധയുടെ വര്‍ദ്ധനവ് മഴയുടെ പാറ്റേണുമായി അടുത്ത ബന്ധമുള്ളതാണ്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കുകയാണെങ്കില്‍, സെപ്റ്റംബറിലും കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം, അദ്ദേഹം പറഞ്ഞു.
ദശകങ്ങള്‍ക്ക് മുമ്പ് ഈ കാലയളവില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള റിസര്‍ച്ച് സെല്‍ കണ്‍വീനറായ ഡോ. രാജീവ് ജയദേവന്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പകര്‍ച്ചവ്യാധികള്‍, ദാരിദ്ര്യം, കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടം മൂലം ഉണ്ടാകുന്ന പട്ടിണി എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ സാമൂഹികമായ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതായി. ഇപ്പോള്‍, ഈ കാലയളവിലെ മരണങ്ങള്‍ക്കുള്ള പ്രധാന കാരണം പകര്‍ച്ചവ്യാധികള്‍ മാത്രമാണ്. കാലവര്‍ഷം, അന്തരീക്ഷത്തിലെ ഈര്‍പ്പം, കൃത്യമല്ലാത്ത ശുചിത്വ പരിപാലനം, പ്രത്യേകിച്ച് മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് ഇന്‍ഫ്‌ലുവന്‍സ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്, അദ്ദേഹം പറഞ്ഞു.
ശ്രദ്ധ നല്‍കേണ്ടത് രോഗബാധ തടയുന്നതില്‍
രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കൃത്യമായ പരിശോധനകളും കാരണമാണ് സാധാരണ ഗതിയില്‍ തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന ഷിഗെല്ല മരണങ്ങള്‍ ഇത്തവണ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ കുറയ്ക്കുന്നത് രോഗം പടരുന്നത് തടയുന്നതിനെ ആശ്രയിച്ചാണുള്ളതെന്ന് ഡോ. അനീഷ് പറയുന്നു. രോഗബാധിതരുടെ എണ്ണത്തിന് ആനുപാതികമായാണ് മരണങ്ങളുടെ എണ്ണവും കൂടുന്നത്. അതിനാല്‍ രോഗപ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി നമുക്ക് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. കൂടാതെ, രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് ആശുപത്രികള്‍ക്ക് വലിയ ഭാരമാകും. അതുകൊണ്ട് തന്നെ പ്രതിരോധത്തിനാണ് മുന്‍ഗണനെയെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കാലത്ത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതില്‍ ഫലപ്രദമായ ഇടപെടലുകള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്.
വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം. പുലര്‍ച്ചെ കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു.കപ്പലിന്റെ മുകള്‍ ഭാഗത്ത് തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റില്‍ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം.
പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് ഒരു വിദ്യാര്‍ത്ഥിയെ സംശയകരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് അടിവസ്്രതത്തില്‍ നിന്നും സിം കാര്‍ഡും, പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്. ബലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ആള്‍മാറാട്ടം നടന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും, കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടന്നതെന്നും എന്‍ടിഎ വ്യക്തമാക്കി.

by Midhun HP News | Jun 22, 2026 | Latest News, കായികം
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 41 കാരനായ റൊണാൾഡോയുടെ മൈതാനത്തെ ചലനവേഗ കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിമർശകർ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കൂടാതെ കളിക്കാർ റൊണാൾഡോയ്ക്ക് മാത്രം പന്ത് എത്തിച്ചു നൽകാൻ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു.
ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിങ്ങർ ഫ്രാൻസിസ്കോ കോൺസിസാവോ രംഗത്തെത്തി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കോൺസിസാവോ ടീമിനെതിരേയും നായകനെതിരേയും ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു.
‘അദ്ദേഹത്തിന് തന്നെ പാസ് നൽകണമെന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. മാർക്ക് ചെയ്യപ്പെടാതെ, ഏറ്റവും മികച്ച പൊസിഷനിൽ ആരാണോ ഉള്ളത് അവർക്കാണ് ഞാൻ പന്ത് കൈമാറുന്നത്. ടീമിന്റെ കൂട്ടായ വിജയത്തിന് ഓരോ കളിക്കാരനും പ്രധാനമാണ്. റൊണാൾഡോയും ഈ സ്ക്വാഡിലെ മറ്റൊരു അംഗം മാത്രമാണ്.’
‘തന്റെ കരിയർ കൊണ്ടും 41ാം വയസിലും അദ്ദേഹം പ്രകടിപ്പിക്കുന്ന വിജയ ദാഹം കൊണ്ടും ക്രിസ്റ്റ്യാനോ എല്ലാവർക്കും ഒരു മാതൃകയാണ്. നേതൃപാടവത്തിലും ഗോൾ നേടുന്നതിലും അദ്ദേഹം ഒരു ഉദാഹരണമാണ്. ഗോൾ അടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. മറ്റേതൊരു കളിക്കാരനെയും പോലെ ടീമിനെ സഹായിക്കാനാണ് അദ്ദേഹവും ഇവിടെയുള്ളത്.’
‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.
‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

by Midhun HP News | Jun 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ല. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള ഉത്തരവ് നാളെ ഇറങ്ങും. 24-ാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇന്ദിരാ ഗ്യാരന്റി പ്രകാരമുള്ള സുപ്രധാന വാഗ്ദാനമായ പെന്‍ഷന്‍ തുക 3000 ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും വിഡി സതീശന്‍ സഭയെ അറിയിച്ചു. ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കും. അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹരായ ആളുകള്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കും. ലോസ് ഏഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെന്‍ഷന്‍ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകന്‍ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെന്‍ഷന്‍ അയോഗ്യത പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചര്‍ച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാരന്റി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രിയദര്‍ശിനി സൗജന്യയാത്ര ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കി. ഒരു ഓര്‍ഡിനറി ബസു പോലും ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ കള്ളപ്രചാരണമാണ് നടത്തിയത്. അതില്‍ നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

Recent Comments