ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്.

സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്‌പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്‌പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,007 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.

‘ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങൾ; ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം’

‘ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങൾ; ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം’

കൊച്ചി: ആശുപത്രികൾക്ക് നേർക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണെന്നും ആരോ​ഗ്യത്തിന്റെ ദൈവങ്ങളെ ആരാധിക്കാനാണ് അവിടേക്ക് ജനങ്ങൾ പോകുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യമനുവദിക്കുമ്പോൾ നാശനഷ്ടത്തിന്റെ തുകയീടാക്കാനുള്ള വ്യവസ്ഥ ആരോ​ഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന 2012 ലെ നിയമത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചു.

തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി നിതിൻ ​ഗോപിയോട് ആശുപത്രിക്കുണ്ടായ നഷ്ടം 10000 രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രശ്നമാണ്. ഡോക്ടർ, നഴ്സ്, ജീവനക്കാർ തുടങ്ങിയവരുടെ മോശം പ്രവൃത്തികൾ ഇതിനു കാരണമായേക്കാം.

എന്നാൽ അതിന്റെ പേരിൽ അതിക്രമം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക തിരികെ നൽകാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രതിക്ക് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യമനുവദിക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴയായി ഈടാക്കുന്ന തുക ആശുപത്രിക്ക് കൈമാറാനും നിർദേശിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ്: ശിക്ഷാ വിധി ഇന്ന്

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ്: ശിക്ഷാ വിധി ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യനെയാണ് കോട്ടയം സെഷന്‍സ് കോടതി ഇന്നലെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാള്‍ വെടിവെച്ച് കൊന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരും കൊല. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.

ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.

വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും

വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും

ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 126 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 2,73,500 രൂപ പിഴയായി ഈടാക്കി. മോട്ടർ വാഹനവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സ്വകാര്യ ബസുകളിലാണ് പ്രധാനമായും പരിശോധന ശക്തമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 43 കേസുകളിലായി 1,38,350 രൂപ പിഴ ഈടാക്കി. ബുധനാഴ്ച 53 കേസുകളിലായി 1,05, 150 രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ 30 കേസുകളിലായി മുപ്പതിനായിരത്തോളം രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ 6 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് 26 കേസുകൾ റ‍ജിസ്റ്റർ ചെയ്തതായി ആർടിഒ അധികൃതർ അറിയിച്ചു.ഇവ കേസെടുത്ത് പിഴ ഇടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു തവണയിലധികം പിടിക്കപ്പെട്ടാൽ പെർമിറ്റ് ചട്ടങ്ങളുടെ ലംഘനത്തിന് നടപടി സ്വീകരിക്കും. ബസ് യാത്രക്കാരായ വിദ്യാർഥികളോട് ചോദിച്ച് മനസ്സിലാക്കുന്നതിന് പുറമേ, വിതരണം ചെയ്ത ടിക്കറ്റിന്റെ രേഖകൾ പരിശോധിച്ച് കൺസഷൻ നൽകുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്.

സ്വകാര്യ ബസ് ജീവനക്കാരായ കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. പീഡനക്കേസുകളിലും അടിപിടി, ലഹരി കേസുകളിലും പ്രതികളായിട്ടുള്ള ഒട്ടേറെപ്പേർ സ്വകാര്യ ബസ് ജീവനക്കാരായി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റവാളികളെ കുറിച്ചുള്ള വിവരശേഖരണം മുൻകൂട്ടി ആരംഭിച്ചതെന്നാണ് സൂചന.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 04 മുതല്‍ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളില്‍ വെച്ച്ാണ് നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി പതിനയ്യായിരത്തില്‍ പരം കലാ പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുക.

നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷന്‍ സെന്ററുകളായി തെരഞ്ഞെടുത്തു.കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. സ്വര്‍ണ്ണകപ്പിന്റെ ഘോഷയാത്ര 2024 ഡിസംബര്‍ 31ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി 2025 ജനുവരി 3ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ തട്ടത്ത്മലയില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. പ്രസ്തുത വേദികള്‍ക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, വിമണ്‍സ് കോളേജ്, മണക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങള്‍ അരങ്ങേറുന്നത്. ടാഗോര്‍ തീയേറ്ററില്‍ നാടകവും, കാര്‍ത്തിക തിരുനാള്‍ തീയേറ്ററില്‍ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും ഗോത്ര കലകള്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്മേളം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടത്തപ്പെടുന്നു.

ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്ട്രേഷന്‍ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

ഇപ്പോള്‍ ഉള്ള ഷെഡ്യൂള്‍ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.